1999ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്കും സ്വര്‍ണം പൊതിഞ്ഞു; 24 ക്യാരറ്റിന്റെ അഞ്ചു കിലോഗ്രാം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്; 30 കിലോയില്‍ അധികം സ്വര്‍ണ്ണം സന്നിധാനം സ്വര്‍ണം പൊതിയാന്‍ യുബി ഗ്രൂപ്പ് അനുവദിച്ചത്; സ്വര്‍ണപ്പാളി വിവാദം മുറുകവേ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധന്‍; 2019ല്‍ ഈ സ്വര്‍ണം ചെമ്പുപാളി ആയത് എങ്ങനെ?

1999ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്കും സ്വര്‍ണം പൊതിഞ്ഞു; 24 ക്യാരറ്റിന്റെ അഞ്ചു കിലോഗ്രാം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്

Update: 2025-10-03 14:32 GMT

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ വന്‍ വെളിപ്പെടുത്തല്‍. 1999ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്കും സ്വര്‍ണം പൊതിഞ്ഞിരുന്നു എന്നാണ് വിജയ് മല്യ നിയോഗിച്ച വിദഗ്ധന്‍ വെളിപ്പെടുത്തിയത്. ഇതോടെ 2019ല്‍ ഈ സ്വര്‍ണം ചെമ്പുപാളി ആയത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് സ്വര്‍ണം പൂശാന്‍ വേണ്ടി അഞ്ച് കിലോയോളം സ്വര്‍ണം ഉപയോഗിച്ചെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുമ്പോള്‍ നിരവധി ചോദ്യങ്ങളും ദുരൂഹതകളുമാണ് ഉയരുന്നത്.

1999ല്‍ തന്നെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളും സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നുവെന്ന് വിജയ് മല്യ നിയോഗിച്ച വിദഗ്ധന്‍ സെന്തില്‍ നാഥന്‍ വെളിപ്പെടുത്തിയത്. അഞ്ചു കിലോഗ്രാമോളം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചതെന്ന് സെന്തില്‍ നാഥന്‍ വെളിപ്പെടുത്തി. ഉയര്‍ന്ന ഗുണനിലവാരമുള്ള 24 ക്യാരറ്റ് സ്വര്‍ണമാണ് ഉപയോഗിച്ചത്. 30 കിലോയില്‍ അധികം സ്വര്‍ണ്ണമാണ് സന്നിധാനം സ്വര്‍ണ്ണം പൊതിയാന്‍ യുബി ഗ്രൂപ്പ് അനുവദിച്ചതെന്നും സെന്തില്‍ നാഥന്‍ പറഞ്ഞു. 1999 ല്‍ വിജയ് മല്യ നടത്തിയ സ്വര്‍ണം പൂശല്‍ യു.ബി ഗ്രൂപ്പിനായി പരിശോധിച്ചത് തമിഴ്‌നാട് സ്വദേശിയായ എറണാകുളത്ത് താമസിക്കുന്ന സെന്തില്‍ നാഥനാണ്.

തിരുവിതാകൂര്‍ ദേവസ്വം മരാമത്ത് ഓഫീസില്‍ നിന്ന് ദേവസ്വം വിജിലന്‍സ് കണ്ടെടുത്ത സുപ്രധാന രേഖകളാണ് സ്വര്‍ണപ്പാളി തട്ടിപ്പിന്റെ വ്യാപ്തി പുറത്തുകൊണ്ടുവന്നത്. 1999ല്‍ വ്യവസായി വിജയ് മല്യ 33 കിലോ സ്വര്‍ണമുപയോഗിച്ചാണ് ശ്രീകോവിലും വാതില്‍പ്പാളികളും ദ്വാരപാലക ശില്‍പങ്ങളും അടക്കം സ്വര്‍ണം കൊണ്ടുപൊതിഞ്ഞത്. എന്നാല്‍, 2019ല്‍ ഈ സ്വര്‍ണപ്പാളികളെ രേഖകളില്‍ ചെമ്പു പാളികളാക്കി മാറ്റിയാണ് വീണ്ടും സ്വര്‍ണംപൂശാന്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ദേവസ്വം ബോര്‍ഡ് അഴിച്ചുനല്‍കിയത്.

എന്നാല്‍, സ്വര്‍ണം പൂശാനെന്ന പേരില്‍ ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ചത് സന്നിധാനത്തുനിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറിയ സ്വര്‍ണപ്പാളികളെല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുമ്പ് സ്വര്‍ണം പൊതിഞ്ഞതോ പൂശിയതോ ആയ പാളികള്‍ തങ്ങള്‍ വീണ്ടും സ്വര്‍ണം പൂശാറില്ലെന്നും തങ്ങള്‍ക്ക് കിട്ടിയത് പകരം ചെമ്പുപാളികളായിരുന്നെന്നുമാണ് സ്മാര്‍ട് ക്രിയേഷന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നത്.

1999ല്‍ വിജയ് മല്യ സമര്‍പ്പിച്ചത് സ്വര്‍ണ്ണപ്പാളി തന്നെയാന്നെന്നും അന്ന് 30 കിലോയോളം സ്വര്‍ണം ഉപയോഗിച്ചു എന്നാണ് അറിവെന്നും കണ്ഠരര് മോഹനരും പ്രതികരിച്ചിട്ടുണ്ട്. ദ്വാര പാലക ശില്പ പാളികള്‍ പുറത്തുകൊണ്ടുപോയി പൂജിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. വിവാദങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നും കണ്ഠരര് മോഹനര്‍ ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് സന്നിധാനത്ത് വച്ച് തന്നെയാണ്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. 1999ല്‍ സ്വര്‍ണം പൊതിഞ്ഞപ്പോള്‍ സ്വര്‍ണത്തിന്റെ അളവ് രേഖപ്പെടുത്തിയിരിക്കണം. പുറത്തുകൊണ്ടുപോയി ഉള്ള അറ്റകുറ്റപ്പണികള്‍ക്ക് തന്ത്രിമാര്‍ അനുമതി നല്‍കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ശബരിമലയിലെ സ്വര്‍ണപ്പാളി സ്വര്‍ണം പൂശിയ ചെമ്പുപാളിയാണെന്നും അതില്‍ അര കിലോഗ്രാമില്‍ താഴെ മാത്രമാണ് സ്വര്‍ണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതികരിച്ചത്. ഒരു പവനെന്ന് പറയുന്നത് എട്ട് ഗ്രാമാണ്. ഒരു കിലോ എന്ന് പറയുന്നത് 125 പവനും. നിലവില്‍ 38 കിലോയുള്ള പാളിയില്‍ 397 ഗ്രാമാണ് സ്വര്‍ണമുള്ളത്. ഏതാണ്ട് 49 പവനാണ് നിലവിലുള്ളത്. ഇതിനൊപ്പം ആനുപാതികമായി അഞ്ച് പവന്‍ കൂടി കൂട്ടിയാലും 55 പവന് മുകളില്‍ വരില്ലെന്നും നാല് കിലോ സ്വര്‍ണം അടിച്ചുകൊണ്ട് പോയെന്ന് പറയുന്നത് വങ്കത്തരമാണെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

Tags:    

Similar News