ശബരിമലയില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കൊണ്ടു പോയത് 'ബാലമുരുകന്‍'! കൂട്ടു നിന്നത് ശ്രീകൃഷ്ണനും; ഡി മണിയെ കണ്ടെത്തി; അന്വേഷണ സംഘം ചെന്നൈ വഴിയെത്തിയത് ദിണ്ഡിഗല്ലില്‍; വിരുദ നഗറില്‍ കൂട്ടാളിയും; മലയാളി വ്യവസായി പറഞ്ഞത് ശരിയോ? ഡി മണി നിരീക്ഷണത്തില്‍; ഉടന്‍ ചോദ്യം ചെയ്യും

Update: 2025-12-25 00:58 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുകള്‍ ഉണ്ടായിരിക്കുകയാണ്. വിദേശ വ്യവസായിയുടെ മൊഴിയില്‍ പരാമര്‍ശിച്ച 'ഡി മണി' എന്ന വ്യക്തിയുടെ സാന്നിധ്യം പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഡി മണി എന്ന വിളിപ്പേരുള്ള ദണ്ഡിഗല്‍ സ്വദേശി ബാലമുരുകനാണ്. വിരുദ നഗര്‍ സ്വദേശി ശ്രീകൃഷ്ണനാണ് ഡി മണിയുടെ സഹായി. ശബരിമലയിലെ പഞ്ചലോഹവിഗ്രഹം കൊണ്ടു പോയത് ഇവരാണെന്നാണ് നിഗമനം.

ചെന്നൈ സ്വദേശിയായ ഇയാള്‍ വിഗ്രഹങ്ങള്‍ വാങ്ങിയതായി വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയിലുള്ള ഇയാളുടെ സംഘാംഗങ്ങളെ പോലീസ് ഫോണില്‍ ബന്ധപ്പെടുകയും കൂടുതല്‍ അന്വേഷണത്തിനായി എസ്ഐടി സംഘം ചെന്നൈയിലേക്ക് പുറപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ദണ്ഡഗലിലെ ഡി മണിയിലേക്ക് അന്വേഷണം എത്തിയത്. രമേശ് ചെന്നിത്തലയില്‍ നിന്നാണ് വിദേശ വ്യവസായിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കിട്ടിയത്. പുരാവസ്തു കടത്തില്‍ ഡി മണിക്ക് പങ്കുണ്ടെന്നാണ് സൂചന.

ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നും അത് വാങ്ങിയത് ഡി മണി ആണെന്നുമാണ് വ്യവസായി വെളിപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖേനയാണ് ഈ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഡി മണിക്ക് മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാള്‍ വിഗ്രഹക്കടത്ത് നടത്തുന്ന ആളാണെന്നും വിവരമുണ്ട്. ഇയാളുടെ യഥാര്‍ത്ഥ പേര് ദാവൂദ് മണി എന്നാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പശ്ചാത്തല പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എന്നാല്‍ ഡി മണിയെ അറിയില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നത്.

അതേസമയം, കേസില്‍ ഉള്‍പ്പെട്ട ഉന്നതര്‍ക്കെതിരെ അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി. ശങ്കര്‍ദാസ്, എന്‍. വിജയകുമാര്‍ എന്നിവര്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ അഴിച്ചെടുത്തത് ദേവസ്വം ബോര്‍ഡിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തരുതെന്ന കോടതിയുടെ കര്‍ശന വിമര്‍ശനത്തിന് പിന്നാലെയാണ് അറസ്റ്റ് ഭയന്ന് മുന്‍ അംഗങ്ങള്‍ കോടതിയെ സമീപിച്ചത്.

Tags:    

Similar News