ഹൈബ്രിഡ് കഞ്ചാവില്‍ മോളിവുഡിനെ മുക്കി 'കൊന്ന' ഇടനിലക്കാരന്‍; മട്ടഞ്ചേരി മാഫിയയിലെ പ്രധാനിയായ ഫോര്‍ട്ട് കൊച്ചിക്കാരന്‍; ബംഗ്ലൂരുവിലും ഗോവയിലും ഡല്‍ഹിയിലും താവളം; തസ്ലീമയുടെ അറസ്റ്റില്‍ തെളിഞ്ഞ മറ്റൊരു മുഖം; ഷൈനിനെ അകത്താക്കിയത് സജീറുമായുള്ള പണമിടപാട്; ഒരു കേസുമില്ലാത്ത 'നിഷ്‌കളങ്കന്‍'! ആരാണ് സജീര്‍?

Update: 2025-04-20 03:01 GMT

കൊച്ചി: സജീര്‍ കൊച്ചിനഗരത്തിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരന്‍. കൊച്ചിനഗരത്തില്‍ അടുത്തയിടെ പിടികൂടിയ ചില ലഹരിക്കടത്തുകാരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ സജീറിനെ കുറിച്ച് അന്വേഷണം എത്തിയത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. മട്ടാഞ്ചേരി മാഫിയയുടെ ഭാഗമാണ്. ഇയാളാണ് സിനിമാക്കര്‍ക്ക് ലഹരി എത്തിക്കുന്ന പ്രധാനി. സജീര്‍ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ കേരളത്തില്‍ എത്തിച്ചുനല്‍കുന്ന പ്രധാനിയാണ്. ബെംഗളൂരു, ഡല്‍ഹി, ഗോവ എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. വല്ലപ്പോഴും മാത്രമേ കേരളത്തില്‍ വരാറുള്ളൂ. പോലീസിന്റെ കൈയ്യിലും വലിയ വിവരങ്ങള്‍ ഇയാളെ കുറിച്ചില്ല. ഫോട്ടോ അടക്കം പൊതു സമൂഹത്തിലേക്ക് ഇതുവരെ വന്നിട്ടില്ല. എന്നാല്‍ അന്താരാഷ്ട്ര ലഹരിമാഫിയയെ മലയാള സിനിമയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഇടനിലക്കാരനാണ് സജീര്‍ എന്ന് പോലീസ് തിരിച്ചറിയുന്നുണ്ട്.

ലഹരി കേസില്‍ അറസ്റ്റിലായവരില്‍ നിന്നാണ് സജീറിന്റെ വിവരം ഫോണ്‍ നമ്പറും കിട്ടിയത്. സജീറിനെ പിടികൂടാന്‍ ഡാന്‍സാഫ് സംഘം തിരച്ചിലിലായിരുന്നു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രി നോര്‍ത്ത് പാലത്തിനുസമീപമാണ് ലൊക്കേഷന്‍ കിട്ടിയത്. ഇതിന് 200 മീറ്റര്‍ ചുറ്റളവില്‍ ലൊക്കേഷന്‍ കാണിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് പാലത്തിനുസമീപത്തെ ഹോട്ടലില്‍ പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഹോട്ടലില്‍ എത്തിയപ്പോഴാണ് ഷൈന്‍ ടോം അവിടെ മുറിയെടുത്തതായി കണ്ടത്. ഇതോടെ പോലീസിന് സംശയം കൂടുകയും മുറിയില്‍ പരിശോധിക്കുകയുമായിരുന്നു. സിനിമാക്കാരുമായി സജീറിനുള്ള അടുപ്പം മനസ്സിലാക്കിയായിരുന്നു ഇത്. വര്‍ഷങ്ങളായി ലഹരി ഇടപാട് രംഗത്തുണ്ടെങ്കിലും ഇയാളുടെ പേരില്‍ കേസുകള്‍ പോലുമില്ലെന്ന വാദവും ഉണ്ട്. എന്നാല്‍ ഒരു പ്രധാന കേസില്‍ ഇയാള്‍ കുടുങ്ങിയിട്ടുണ്ടെന്നും സൂചനയുണ്ട്. സജീറിനെ പിടികൂടാന്‍ കൊച്ചിയിലെ എക്സൈസ് സംഘവും ശ്രമിക്കുന്നുണ്ടായിരുന്നു. സജീറുമായുള്ള ബന്ധം തെളിഞ്ഞതോടെയാണ് പോലീസ് ഷൈനിനെ അറസ്റ്റ് ചെയ്തത്. സജീറും ഷൈനും തമ്മില്‍ ഗൂഗിള്‍ പേ വഴി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും പോലീസ് കണ്ടെത്തിയതായാണ് സൂചന. സജീറിന് പുറമേ ലഹരി ഇടപാടുകാരിയായ തസ്ലീമയെ അറിയാമെന്നും ഷൈന്‍ സമ്മതിച്ചു. തസ്ലീമയില്‍ നിന്നാണ് സജീറിന്റെ വിവരങ്ങള്‍ പോലീസിന് കിട്ടിയതെന്നും സൂചനയുണ്ട്. സജീറിനെ കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് പോലീസ് തിരിച്ചറിയുന്നുണ്ട്. സജീറിന്റെ ഫോണ്‍ നമ്പര്‍ പോലീസിനുണ്ടെന്ന് മനസ്സിലായതിനാല്‍ ഇനി അത് മാറ്റാനും സാധ്യത ഏറെയാണ്.

കഴിഞ്ഞ ഒരു മാസമായി ഡാന്‍സാഫ് സംഘം സജീറിനു പിന്നാലെയുണ്ട്. കുറെക്കാലമായി ഡാന്‍സാഫിന്റെ നിരീക്ഷണത്തിലുള്ള ആളാണ് ഷൈന്‍. സജീറിന്റെ ലൊക്കേഷനും ഷൈന്‍ അവിടെ താമസിക്കുന്നതും കൂട്ടിവായിച്ചപ്പോഴാണ് ഡാന്‍സാഫ് സംഘം ഷൈനിന്റെ മുറിയിലെത്തിയതും ഷൈന്‍ ജനാല വഴി ചാടി രക്ഷപ്പെട്ടതും. ഷൈന്‍ മുന്‍പ് അറസ്റ്റിലായ കൊക്കെയ്ന്‍ കേസില്‍ നടനെ വിചാരണക്കോടതി വെറുതേവിട്ടിരുന്നു. പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചകള്‍ എടുത്തുപറഞ്ഞായിരുന്നു കോടതിയുടെ നടപടി. അതുകൊണ്ടുതന്നെ ഇത്തവണ പൊലീസിന്റെ നീക്കം കരുതലോടെയായിരുന്നു. കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ എസിപി സി.ജയകുമാറിനു പുറമെ സൗത്ത് എസിപി പി.രാജ്കുമാര്‍, നര്‍കോട്ടിക് സെല്‍ എസിപി കെ.എ.അബ്ദുല്‍ സലാം എന്നിവരും ചോദ്യം ചെയ്യലിന് എത്തിയത് ഇതുകൊണ്ട് കൂടിയായിരുന്നു.

കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്നും ലഹരിമരുന്ന് എത്തിക്കുന്നത് സിനിമയിലെ അസിസ്റ്റന്റുമാരെന്നും നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴി പോലീസിന് കിട്ടിയിട്ടുണ്ട്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും കൂത്താട്ടുകുളത്തെ ലഹരിവിമുക്തികേന്ദ്രത്തില്‍ കഴിഞ്ഞിട്ടുണ്ടെന്നും അവിടെനിന്ന് ഇറങ്ങിപ്പോന്നെന്നും ഷൈന്‍ സമ്മതിച്ചു. ഈ സാഹചര്യത്തില്‍ ഈ അസിസ്റ്റന്റുമാരിലേക്കും അന്വേഷണം നീളും. ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമില്ലെന്നായിരുന്നു ഷൈന്‍ ആദ്യം പറഞ്ഞത്. പൊലീസ് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍, അറസ്റ്റിലായ ലഹരിയിടപാടുകാരുടെ മൊഴികള്‍, സ്‌പെഷല്‍ ബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ തുടങ്ങിയവ കാട്ടിയതോടെ ഷൈന്‍ പതറി. സജീറിനെ തനിക്ക് അറിയാമെന്നു പറഞ്ഞതല്ലാതെ മറ്റൊന്നും ഷൈന്‍ തുടക്കത്തില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ ഹോട്ടലില്‍നിന്ന് ഓടിയ ദിവസം ഷൈന്‍ സജീറിന് 20000 രൂപ ഗൂഗിള്‍ പേ വഴി അയച്ചുകൊടുത്തതിന്റെ തെളിവ് പൊലീസ് കാട്ടിക്കൊടുത്തു. ലഹരിപാര്‍ട്ടികള്‍ നടന്നു എന്ന് ഡാന്‍സാഫിന് ബോധ്യമുള്ള സ്ഥലങ്ങളിലൊക്കെ ഷൈനിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതിന്റെ തെളിവും നിര്‍ണ്ണായകമായി. ഒടുവില്‍, താന്‍ രാസലഹരികള്‍ ഉപയോഗിച്ചിരുന്നെന്നും കഴിഞ്ഞ വര്‍ഷം കൂത്താട്ടുകുളത്തെ ലഹരി വിമോചന കേന്ദ്രത്തില്‍ 12 ദിവസം കഴിഞ്ഞിരുന്നെന്നും ഷൈന്‍ വെളിപ്പെടുത്തി.

രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവുമാണ് ഉപയോഗിച്ചിരുന്നത്. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ തസ്‌ലിമയെ അറിയാമെന്നും അവരുമായി ഇടപാടുകളുണ്ടായിരുന്നെന്നും ഷൈന്‍ സമ്മതിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ താന്‍ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ഷൈനിന്റെ മൊഴി. ഇതോടെയാണ് പൊലീസ് വൈദ്യ പരിശോധന നടത്താന്‍ തീരുമാനിച്ചത്. മുടി, നഖം, മൂത്രം തുടങ്ങിയവയുടെ സാംപിള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വച്ച് ശേഖരിച്ചിട്ടുണ്ട്. രാസലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ 4 ദിവസം മുതല്‍ 7 ദിവസം വരെ ഇതിന്റെ അംശം ഇതിലൂടെ കണ്ടെത്താം. അങ്ങനെ കണ്ടെത്തിയാല്‍ ഷൈനിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സധ്യതയുണ്ട്. കള്ള മൊഴി നല്‍കിയ സാഹചര്യത്തിലാകും ഈ നടപടി.

Tags:    

Similar News