കുന്തം കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതു മാത്രമാണ് ഉദ്ദേശ്യം; ആ വാക്കുകള്‍ ഭരണ ഘടനയോടുള്ള അനാദരവ് തന്നെ; വിഡീയോ പോലും കാണാതെ സഖാക്കളുടെ മൊഴിയില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ രാജപ്പന്‍; ഹൈക്കോടതി എല്ലാം തിരിച്ചറിഞ്ഞു; മല്ലപ്പള്ളി വിവാദത്തില്‍ സജി ചെറിയാന്‍ വീണ്ടും കുടുങ്ങുമ്പോള്‍

Update: 2024-11-21 06:24 GMT

മല്ലപ്പളളി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് കോടതി നിര്‍ദേശപ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അട്ടിമറി നടന്നുവെന്ന് വെളിവാക്കുന്നതാണ് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റഫറല്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടാണ് ഹൈക്കോടതി തള്ളിക്കളയുന്നത്. വീണ്ടും അന്വേഷണം വരും. അതും ക്രൈംബ്രാഞ്ച്. പോലീസ് മേധാവിയുടെ നിരീക്ഷണവും ഹൈക്കോടതി മുമ്പോട്ട് വയ്ക്കുന്നു. അതുകൊണ്ട് തന്നെ പഴയതു പോലൊരു റഫര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഇനി കഴിയുമോ എന്നതും പ്രസക്തമായി തുടരും.

ഈ കേസിലെ റഫറല്‍ റിപ്പോര്‍ട്ട് അടിമുടി തട്ടിപ്പായിരുന്നു. ഇതാണ് ഹൈക്കോടതി തുറന്നു കാട്ടുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ സാക്ഷികള്‍ സജി ചെറിയാന് പ്രതികൂലമായും സജി ചെറിയാന്‍, അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ, അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ, സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ എന്നിവര്‍ അടങ്ങുന്ന ആറു മുതല്‍ 39 വരെയുള്ള സാക്ഷികള്‍ അനുകൂലമായും മൊഴി നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. എ.കെ. സജീവ്, അഭിലാഷ് വെട്ടിക്കാടന്‍, ജോസഫ് എം പുതുശേരി, പി. പ്രസാദ്, ഐ.കെ. രവിന്ദ്രരാജ് എന്നിവരാണ് ഒന്നു മുതല്‍ അഞ്ചു വരെ സാക്ഷികള്‍.

ഇവര്‍ ആരും സജി ചെറിയാന്റെ പ്രസംഗം നേരിട്ട് കേട്ടിട്ടില്ലെന്നും സോഷ്യല്‍ മീഡിയ വഴിയും വാര്‍ത്താ ചാനലുകള്‍ മുഖേനെ കണ്ടും കേട്ടും അറിയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ജോസഫ് എം. പുതുശേരിയും ഐ.കെ. രവീന്ദ്രരാജും സമര്‍പ്പിച്ച പെന്‍ഡ്രൈവും സി.ഡികളും ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് കോടതി ഉത്തരവ് പ്രകാരം അയച്ചിട്ടുണ്ട്. സാക്ഷിപ്പട്ടികയില്‍ ഒന്നു മുതല്‍ അഞ്ചു വരെ പേരുകാര്‍ മുന്‍മന്ത്രി ഭരണ ഘടനയെയും ഭരണഘടനാ ശില്‍പ്പികളെയും അവഹേളിച്ചു സംസാരിച്ചുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ആറു മുതല്‍ 39 വരെ പേരുകാര്‍ പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്തവരും മുന്‍മന്ത്രി ഉദ്ഘാന പ്രസംഗത്തില്‍ ഭരണ ഘടനയെയോ ശില്‍പികളെയോ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

അട്ടിമറിയില്‍ ഒന്നാമത്തേത് ഇവിടെ തുടങ്ങുന്നു. സജി ചെറിയാനെതിരേ തെളിവു നിരത്തി മൊഴി നല്‍കിയവരാണ് ആദ്യ അഞ്ചു പേരുകാര്‍. ഇവര്‍ സമര്‍പ്പിച്ച തെളിവിന്റെ പരിശോധന ഫോറന്‍സിക് സയന്‍സ് ലാബില്‍ നടക്കുന്നതേയുള്ളൂ. ഫലം വന്നിട്ടില്ല. അത് വരാതെ അന്തിമമായി സജി ചെറിയാന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍, ആറു മുതല്‍ 39 വരെ പേരുകാര്‍ പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്തവരും സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയിട്ടില്ലെന്ന് പറയുന്നവരുമാണ്. പ്രസംഗത്തില്‍ ഭരണഘടനാ ലംഘനം വന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഇവര്‍ക്ക് ആധികാരികമായി പറയാന്‍ കഴിയില്ല. മറ്റുള്ളവര്‍ സ്ഥലത്ത് ഇല്ലാത്തതു കൊണ്ടും ഇവര്‍ ഉണ്ടായിരുന്നതു കൊണ്ടും ഇവരുടെ മൊഴി പ്രകാരം സജി ചെറിയാന്‍ ഭരണ ഘടനയെ അവഹേളിച്ചിട്ടില്ല എന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇത് വളരെ വിചിത്രവും കേസ് അട്ടിമറിക്കാന്‍ വേണ്ടിയുള്ളതുമായിരുന്നു. ഇതാണ് ഹൈക്കോടതിയും ചൂണ്ടിക്കാട്ടുന്നത്.

ഡിവൈ.എസ്.പിയുടെ കണ്ടെത്തല്‍: പ്രസക്തഭാഗം ഇങ്ങനെ

ക്ഷണിക്കപ്പെട്ട വ്യക്തികള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് മന്ത്രി പ്രസംഗിച്ചത്. തിരുവല്ല എം.എല്‍.എ, റാന്നി എം.എല്‍.എ, മുന്‍ റാന്നി എം.എല്‍.എ, മുന്‍ കോന്നി എം.എല്‍.എ തുടങ്ങി പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്ത വ്യക്തികളെയും കണ്ടു ചോദിച്ചതില്‍ പരിപാടിയുടെ ഉദ്ഘാടകനായിരുന്ന മുന്‍ സാംസ്‌കാരിക ഫിഷറീസ് മന്ത്രിയും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ സജി ചെറിയാന്‍ ഇന്ത്യന്‍ ഭരണഘടന മഹത്തരമാണെന്നും 75 വര്‍ഷം പിന്നിട്ട ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലോ അവമതിപ്പുണ്ടാക്കുന്ന രീതിയിലോ ഒന്നും പറഞ്ഞിട്ടില്ലെന്നും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കേണ്ട കാലാകാലങ്ങളില്‍ മാറി വന്നിരുന്ന ഭരണകൂടങ്ങള്‍ അടിസ്ഥാന വര്‍ഗ ജനവിഭാഗങ്ങളെയും അധഃസ്ഥിത വിഭാഗങ്ങളെയും തൊഴിലാളി വര്‍ഗത്തെയും ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഭരണമാണ് കാഴ്ച വയ്ക്കുന്നതെന്നും അതിന് മാറ്റമുണ്ടാകണമെന്നും മറ്റുമാണ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞതെന്നും മറ്റും കണ്ടു ചോദിച്ച ആറു മുതല്‍ 39 വരെ സാക്ഷികള്‍ മൊഴി നല്‍കിയിട്ടുള്ളതാണ്.

പരാതിക്കാരനായ ബൈജു നോയലിന്റെയും ഒന്നു മുതല്‍ അഞ്ചു വരെയുള്ള സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയതില്‍ നിന്നും ഇവര്‍ ആരും തന്നെ കൃത്യപരിപാടിയില്‍ പങ്കെടുത്തിട്ടില്ലാത്തവരും ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിച്ച വീഡിയോയിലെ കുറച്ചു ഭാഗം മാത്രം കണ്ട് മുന്‍മന്ത്രി ഭരണ ഘടനയെ അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നും മറ്റും മൊഴി നല്‍കിയിട്ടുള്ളതാണ്. കുറ്റാരോപിതനായ സജി ചെറിയാനെ കണ്ടു ചോദിച്ചതില്‍ ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലോ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലോ ദുരുദ്ദേശപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്ത്യന്‍ ഭരണ ഘടന മഹത്തരമാണെന്നും ഇന്ത്യയിലെ പാവപ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പെട്ട ജനങ്ങളുടെ ജീവിത പ്രശ്നങ്ങളെ സംബന്ധിച്ചാണ് സംസാരിച്ചതെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ ഭരണഘടനയുടെ മഹത്തായ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടതിനെ കുറിച്ച് വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തതെന്നും മറ്റും മൊഴി നല്‍കിയിട്ടുണ്ട്.

ജില്ലാ ഗവ. പ്ലീഡര്‍ മുമ്പാകെ നിയമോപദേശം ലഭിച്ചതില്‍ പ്രകാരം കോടതി മുമ്പാകെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. കാലകാലങ്ങളില്‍ വരുന്ന ഭരണകൂടങ്ങള്‍ ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളി വര്‍ഗ ചൂഷണത്തിന് വിധേയമാക്കുകയാണെന്ന് വിമര്‍ശനാത്മകമായി സംസാരിച്ചതല്ലാതെ ഭരണ ഘടനയെയോ ഭരണഘടനാ ശില്‍പ്പികളെയോ അവഹേളിക്കണമെന്നോ അവമതിപ്പ് ഉണ്ടാക്കണമെന്നോ ഉള്ള ഉദ്ദേശത്തോടെയോ കരുതലോടെയോ ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ യാതൊന്നും സംസാരിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുള്ളതാകുന്നു. ആയതിനാല്‍ ഈ കേസ് തുടര്‍ന്ന് അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് കാണുകയാല്‍ കോടതിയില്‍ നിന്ന് കുറവ് ചെയ്യുന്നതിന് ഈ അന്തിമ റിപ്പോര്‍ട്ട് അയയ്ക്കുന്നുവെന്നാണ് വിശദീകരിച്ചിരുന്നത്.

റിപ്പോര്‍ട്ടില്‍ വളച്ചൊടിക്കലും അട്ടിമറിയും സുവ്യക്തം

സജി ചെറിയാനെതിരായ കേസ് എഴുതി തള്ളണമെന്ന മുന്‍ വിധിയോടെയാണ് തിരുവല്ല ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് എന്നുള്ളത് വായിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും. വാദിയും ഒന്നു മുതല്‍ അഞ്ചു വരെയുള്ള സാക്ഷികളും സജി ചെറിയാന്‍ ഭരണഘടനാ ലംഘനം നടത്തിയെന്ന് മൊഴി നല്‍കുകയും 2 മണിക്കൂര്‍ 28 മിനുട്ട് 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരിപാടിയുടെ വിഡിയോ തെളിവായി നല്‍കുകയും ചെയ്തിട്ടുണ്ട്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് എന്താണ് പറഞ്ഞിട്ടുള്ളതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ താന്‍ വീഡിയോ കണ്ടതായോ വിവാദ പരാമര്‍ശം ഏത് ഭാഗത്താണ് വരുന്നതെന്നോ പറഞ്ഞിട്ടില്ല. വീഡിയോ പ്രദര്‍ശിപ്പിച്ച് ഒരു സാക്ഷിയുടെയും മൊഴി എടുത്തിട്ടില്ല. വിഡിയോ പ്രദര്‍ശിപ്പിച്ച് വേണമായിരുന്നു പ്രതിയായ സജി ചെറിയാനോട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍. അങ്ങനെ ചോദിച്ചതായി പറയുന്നില്ല.

സജി ചെറിയാന് അനുകൂലമായി മൊഴി നല്‍കിയവരെ കണ്ടു ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചുരുക്കത്തില്‍ കേസിലെ സുപ്രധാന തെളിവായി വീഡിയോ ഉണ്ടായിരിക്കേ അത് പരിശോധിക്കാതെ ഭൂരിപക്ഷവും സജി ചെറിയാന്‍ കുറ്റം ചെയ്തിട്ടില്ല എന്ന് മൊഴി നല്‍കിയെന്ന് പറഞ്ഞ് അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തില്‍ എത്തുകയാണ് ഡിവൈ.എസ്.പി ചെയ്തിരിക്കുന്നത്. എതിര്‍ഭാഗത്തിന്റെ തെളിവ് പരിശോധിക്കാതെ നടത്തിയിരിക്കുന്ന ഈ പ്രവൃത്തി മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചുള്ളതായിരുന്നു. വീഡിയോയുടെ ഫോറന്‍സിക് പരിശോധനാ ഫലം പോലും വരുന്നതിന് മുന്‍പാണ് സജി ചെറിയാന്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിഗമനത്തില്‍ എത്തിയത്. ഇതെല്ലാം ഹൈക്കോടതിയും ചൂണ്ടിക്കാട്ടുന്നുവെന്നതാണ് വസ്തുത.

ഹൈക്കോടതി നിരീക്ഷണം ഇങ്ങനെ

ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനില്‍ക്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടും ഹൈക്കോടതി തള്ളി. കേസില്‍ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തില്ല. വേദിയില്‍ ഉണ്ടായിരുന്നവരുടെ മൊഴികള്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി.

മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തില്‍ അവിടെ ഉണ്ടായിരുന്നവരുടേതല്ലാതെ മറ്റൊരാളുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പെന്‍ഡ്രൈവ്, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. അതിന്റെയെല്ലാം ഫലം വരുന്നതിന് മുമ്പാണ് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇവയെല്ലാെം ചൂണ്ടികാട്ടിയാണ് അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. മന്ത്രിയെ രക്ഷിച്ചെടുക്കാന്‍ വേണ്ടി മാത്രമാണ് അന്വേഷണം നടത്തിയതെന്നും കോടതി പറയുന്നു.

മല്ലപ്പളിയില്‍ നടന്ന ഒരു പൊതുചടങ്ങിനിടെ ഭരണഘടനയെ വിമര്‍ശിക്കുന്ന തരത്തില്‍ സജി ചെറിയാന്‍ സംസാരിച്ചുവെന്ന പരാതിയാണ് വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നത്. സംഭവം വലിയ വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

സജി ചെറിയാന്റെ വിവാദ പ്രസംഗ പരാമര്‍ശങ്ങള്‍


മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്നപേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യം- എന്നായിരുന്നു സി.പി.എം. മല്ലപ്പള്ളി ഏരിയാ കമ്മിറ്റിപരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.

2022ല്‍ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുന്നതിനിടെ നടത്തിയ വിവാദ പ്രസംഗം വലിയ ചര്‍ച്ചയാവുകയും പിന്നാലെ മന്ത്രി സ്ഥാനം സജി ചെറിയാന്‍ രാജി വെക്കുകയുമായിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും കേസില്‍ കോടതിയില്‍നിന്ന് തീര്‍പ്പുണ്ടാകുന്നതിനുമുമ്പ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാന്‍ സിപിഎം തീരുമാനം എടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. അതിലാണ് നിര്‍ണ്ണായക ഉത്തരവ്.

Tags:    

Similar News