പാണക്കാട് സാദിഖലി തങ്ങളോട് ഇടഞ്ഞ് സമസ്തയിലെ ഒരു വിഭാഗം; ഹക്കീം ഫൈസിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കിയത് പാണക്കാട് സാദിഖലി തങ്ങളുടെ മാത്രം ഇടപെടല്‍ കാരണം; സമസ്തയെ അവഗണിക്കുന്നത് സഹിക്കാനാകില്ലെന്നും പ്രതികരിക്കുമെന്നും ഒരു വിഭാഗം

Update: 2024-10-16 03:37 GMT

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങളോട് ഇടഞ്ഞ് സമസ്തയിലെ ഒരു വിഭാഗം പണ്ഡിതര്‍. കോഓഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ്(സിഐസി) വിഷയത്തില്‍ മധ്യസ്ഥന്മാര്‍ മുഖേന ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയ ഹക്കീം ഫൈസിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കിയത് പാണക്കാട് സാദിഖലി തങ്ങളുടെ ഒരാളുടെ മാത്രം ഇടപെടല്‍കൊണ്ടാണെന്നും മറ്റുള്ളവരെ പരിഗണിക്കാതെ സമസ്ത പണ്ഡിതരെ മുഖവിലക്കെടുക്കാത്ത ധിക്കാരിയായ ഹക്കീം ഫൈസിക്കു എന്തിനാണിത്ര പരിഗണന നല്‍കുന്നതെന്നാണു ഒരുവിഭാഗം സമസ്ത നേതാക്കള്‍ ചോദിക്കുന്നു. ഈനടപടി ശരിയായില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗവും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സി.ഐ.സി തുടരുന്ന പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടരവെ അതിനെ തകര്‍ക്കാനുള്ള ശ്രമം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ രംഗത്തുണ്ട്. ഭിന്നിപ്പ് ശ്രമത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നാണു നേതാക്കളുടെ ആവശ്യം.

സമസ്ത-മുസ്ലിം ലീഗ് നേതൃത്വം ഒരുമിച്ചുചേര്‍ന്ന് വിഷയത്തില്‍ പ്രശ്നപരിഹാര മാര്‍ഗരേഖ തയാറാക്കിയിരുന്നു. ഇത് സമസ്ത മുശാവറയും സി.ഐ.സിയും അംഗീകരിക്കുകയെന്നതായിരുന്നു തീരുമാനം. സമസ്ത മുശാവറ ഇത് ഐകകണ്ഠ്യേന അംഗീകരിച്ചെങ്കിലും സി.ഐ.സി ഇതു അംഗീകരിച്ചില്ലെന്ന് മാത്രമല്ല, മധ്യസ്ഥന്മാര്‍ തയാറാക്കിയ വ്യവസ്ഥകള്‍ വികലമാക്കി സമസ്തക്ക് അയക്കുകയാണ് ചെയ്തതെന്നും സമസ്ത നേതാക്കള്‍ പറയുന്നു.

ഈ പശ്ചാത്തലത്തിലാണു മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്!ലിയാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പ്രശ്നപരിഹാരത്തിന് യോഗം ചേരാനിരിക്കെയാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുംവിധം ഏകപക്ഷീയമായി സമസ്ത മാറ്റിനിര്‍ത്തിയ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി ജനറല്‍ സെക്രട്ടറിയായ പുതിയ സി.ഐ.സി കമ്മിറ്റി പ്രഖ്യാപനം വന്നത്.

സമുദായത്തില്‍ ഐക്യം ശക്തമാക്കേണ്ട ഇക്കാലത്ത് ഇത്തരം നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു സമസ്തയിലെ വലിയൊരു വിഭാഗം നേതാക്കളും. രമ്യമായി പരിഹരിക്കാവുന്ന പ്രശ്നങ്ങളെ സങ്കീര്‍ണമാക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, ജംഇയ്യതുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. അബ്ദുറഹ്‌മാന്‍ മുസ്!ലിയാര്‍, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എസ്.വൈ.എസ് വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.ഇ.എ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഒ.പി.എം. അഷ്റഫ് എന്നിവര്‍ പറയുന്നു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.ടി. അബ്ദുള്ള മുസ്ലിയാര്‍, കൊയ്യോട് ഉമ്മര്‍ മുസ്ലിയാര്‍ എന്നീ നേതാക്കള്‍ കോഴിക്കോട് വെച്ച് ചേര്‍ന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പുതുതായി തെരെഞ്ഞടുക്കപ്പെട്ട സി.ഐ.സി. കമ്മിറ്റിയിലെ പ്രധാന ഭാരവാഹികളുടെ യോഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് വെച്ച് ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നത്.

ഭാരവാഹികളെ തെരഞ്ഞെടുത്ത പത്രക്കുറിപ്പിനോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അംഗീകരിക്കുന്ന ആശയാദര്‍ശങ്ങള്‍ക്കനുസൃതമായി തുടര്‍ന്നും മുന്നോട്ടുപോകാന്‍ ഈ സംവിധാനം പ്രതിജ്ഞാബദ്ധമാണെന്ന് യോഗം അറിയിച്ചതായും കുറിപ്പുണ്ടായിരുന്നു. ഇത് അബ്ദുല്‍ ഹക്കീം ഫൈസിയെ ജനറല്‍ സെക്രട്ടറി ആക്കിയതിലുള്ള സമസ്ത നേതാക്കളുടെ പ്രതിഷേധം മുന്നില്‍ കണ്ടു തണിപ്പിക്കാനായുള്ള പ്രയോഗമായിരുന്നു. എന്നാല്‍ ഇതൊന്നും സമസ്ത നേതാക്കള്‍ മുഖവിലക്കെടുത്തിട്ടില്ല. അബ്ദുല്‍ ഹക്കീം ഫൈസിയെ ജനറല്‍ സെക്രട്ടറിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോള്‍ വലിയൊരു വിഭാഗം സമസ്ത നേതാക്കള്‍.

സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പി.എസ്.എച്ച് തങ്ങള്‍ (വൈസ് പ്രസിഡണ്ടുമാര്‍), , അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി (ജനറല്‍ സെക്രട്ടറി), അഹമ്മദ് ഫൈസി കക്കാട് (ജോ. സെക്രട്ടറി), അലി ഫൈസി തൂത (ട്രഷറര്‍) എന്നിങ്ങനെയായിരുന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നത്. സമസ്ത സിഐസി തര്‍ക്കം സമസ്ത ലീഗ് തര്‍ക്കത്തിനും നേരത്തെ വഴിവെച്ചിരുന്നു. വീണ്ടും പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണു സമസ്തയിലെ ഒരു വിഭാഗത്തിന്റെ തീരുമാനം.

Tags:    

Similar News