എം.സി റോഡില്‍ തിരുവല്ല കൂറ്റൂരില്‍ തോണ്ടറ പാലം അപകടത്തിലാക്കി മണലൂറ്റ്; ഖനനം നടക്കുന്നത് നദിയിലെ പുറ്റ് നീക്കലിന്റെ പേരില്‍; ഓത്താശ ചെയ്ത് സര്‍ക്കാരും റവന്യൂ വകുപ്പും

എം.സി റോഡില്‍ തിരുവല്ല കൂറ്റൂരില്‍ തോണ്ടറ പാലം അപകടത്തിലാക്കി മണലൂറ്റ്

Update: 2025-12-18 04:51 GMT

തിരുവല്ല: കുറ്റൂരില്‍ മണിമലയാറ്റിലെ മണല്‍ പുറ്റ് നീക്കം ചെയ്യുന്നതിന്റെ മറവില്‍ നടക്കുന്നത് വമ്പന്‍ മണല്‍ കൊള്ള. എം.സി റോഡില്‍ കുറ്റൂര്‍ തോണ്ടറ പാലത്തിന് സമീപം നദിയുടെ മധ്യത്തില്‍ ആയി സ്ഥിതി ചെയ്യുന്ന ദ്വീപിനു സമാനമായ മണല്‍ പുറ്റ് നീക്കം ചെയ്യുന്നതിന് കരാര്‍ എടുത്ത കമ്പനിയാണ് വ്യാപകമായി മണലൂറ്റ് നടത്തുന്നത്. നദിയിലെ നീരൊഴുക്ക് പൂര്‍വസ്ഥിതിയില്‍ ആക്കാനായി മണല്‍പ്പുറ്റിനോട് ചേര്‍ന്നുള്ള 580 മീറ്റര്‍ ഭാഗത്തെ പതിനേഴായിരത്തി എം ക്യൂബ് മണല്‍ നീക്കം നീക്കം ചെയ്യുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അനുമതി നല്‍കിയിരുന്നു.

ചെങ്ങന്നൂരിലെ പ്രാവിന്‍കൂട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കടവില്‍ ഏജന്‍സി ആണ് മണല്‍ നീക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ മണല്‍പ്പുറ്റും സമീപ ഭാഗത്തെ നീക്കം ചെയ്യുന്നതിന്റെ മറവില്‍ മണല്‍ പുറ്റിന്റെ ഒന്നര കിലോമീറ്റര്‍ ഓളം ദൂരത്തില്‍ ഡ്രഡ്ജറുകളും ജെറ്റ് പമ്പും ഉപയോഗിച്ച് പിവിസി പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് കഴിഞ്ഞ ഒരു മാസക്കാലമായി ആറ്റുമണല്‍ കടത്തുന്നത്. പ്രതിദിനം 50ലധികം ലോഡ് മണ്ണ് ഇവിടെ നിന്നും കടത്തുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

ഭരണകക്ഷിയിലെ ചില നേതാക്കളുടെയും റവന്യൂ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും അകമഴിഞ്ഞ ഒത്താശ ഇക്കാര്യത്തില്‍ ഉണ്ടെന്ന് ആരോപണവും ഉയരുന്നുണ്ട്. മണലൂറ്റ് സംബന്ധിച്ച് പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അനധികൃത മണല്‍ ഖനനം സംബന്ധിച്ച വിഷയത്തില്‍ നടപടിയെടുക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങി എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ കരാറുകാരനില്‍ നിന്നും വന്‍തുക തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചതായും വിവരമുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ മണലാണ് ഇതിനകം തന്നെ നദിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. നദിയുടെ ആവാസ വ്യവസ്ഥയെ തന്നെ തകര്‍ക്കുന്ന തരത്തിലുള്ള അനധികൃത മണല്‍ ഖനനത്തിന് എതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാവണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

580 മീറ്റര്‍ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും നാലര ലക്ഷത്തോളം രൂപ കരാറുകാരന്‍ അടച്ചിട്ടുണ്ടെന്നും മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം ഒരു കോടി രൂപയിലേറെ മൂല്യമുള്ള മണല്‍ കടത്തിയതായി നാട്ടുകാരും ആരോപിക്കുന്നു.

Tags:    

Similar News