വന്ധ്യതയും ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളും കാരണം കുട്ടികളുണ്ടാകാത്തവര്‍ക്ക് പ്രതീക്ഷയായി പുതിയ കണ്ടുപിടുത്തം; മനുഷ്യ ചര്‍മ്മ കോശങ്ങളില്‍ നിന്ന് അണ്ഡങ്ങള്‍ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; സ്ത്രീകളുടെ ഡിഎന്‍എ ഇല്ലാതെ രണ്ടുപുരുഷന്മാര്‍ക്കും കുട്ടികള്‍ ജനിക്കാം; പ്രാരംഭ ദിശയിലെങ്കിലും പ്രതീക്ഷയായി പഠനം
വന്ധ്യതയും ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളും കാരണം കുട്ടികളുണ്ടാകാത്തവര്‍ക്ക് പ്രതീക്ഷയായി പുതിയ കണ്ടുപിടുത്തം
ഒറിഗണ്‍: പെറ്റമ്മയില്ലാതെ തന്നെ ഇനി കുട്ടികള്‍ക്ക് ജന്മം നല്‍കാന് സാധിച്ചേക്കാം. മനുഷ്യന്റെ ചര്‍മ്മകോശങ്ങളില്‍ നിന്ന് ഗര്‍ഭധാരണത്തിന് പ്രാപ്തമായ അണ്ഡങ്ങള്‍ വികസിപ്പിക്കാനുള്ള വഴി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറിഗണ്‍ ഹെല്‍ത്ത് & സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തല്‍. 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്' എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒരുപുരുഷന്റെ ചര്‍മ്മകോശങ്ങളില്‍ നിന്നുള്ള ഡിഎന്‍എ ഒരു ദാതാവിന്റെ അണ്ഡത്തില്‍ നിക്ഷേപിച്ച്, മറ്റൊരു പുരുഷന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭധാരണം നടത്താം. ഇത്, സ്ത്രീകളുടെ ഡിഎന്‍എ ഇല്ലാതെ തന്നെ രണ്ട് പുരുഷന്മാര്‍ക്ക് കുട്ടി ജനിക്കാനുള്ള സാധ്യത തുറന്നു നല്‍കുന്നു.
അണ്ഡങ്ങളില്‍ പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്ക് സ്വന്തം കുട്ടികളെ ലഭിക്കാനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെട്ടേക്കാം. ക്യാന്‍സര്‍ ചികിത്സ പോലുള്ള കാരണങ്ങളാല്‍ അണ്ഡങ്ങള്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് ഇത് വലിയ ആശ്വാസമാകും. എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഓഫ് പ്രത്യുത്പാദന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫസര്‍ റിച്ചാര്‍ഡ് ആന്‍ഡേഴ്‌സണ്‍ പറയുന്നതനുസരിച്ച്, 'പുതിയ അണ്ഡങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് ഒരു വലിയ മുന്നേറ്റമാണ്. ചര്‍മ്മകോശങ്ങളിലെ ജനിതക വസ്തുക്കള്‍ ഗര്‍ഭധാരണത്തിന് അനുയോജ്യമായ, ശരിയായ ക്രോമസോം സംഖ്യയുള്ള അണ്ഡ കോശങ്ങള്‍ ഉത്പാദിപ്പിച്ച് ഭ്രൂണമായി വികസിപ്പിക്കാമെന്ന് ഈ പഠനം കാണിക്കുന്നു'.
ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മുമ്പ് സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും, ഈ കണ്ടെത്തല്‍ ഒരു 'പ്രധാന മുന്നേറ്റമായി' വിദഗ്ധര്‍ വിലയിരുത്തുന്നു. നിലവില്‍, വന്ധ്യതാ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (IVF) ഒരു പരിഹാരമാണ്. എന്നിരുന്നാലും, അണ്ഡത്തില്‍ തന്നെ പ്രശ്‌നങ്ങളുണ്ടെങ്കില്‍ IVF ഫലപ്രദമല്ലാത്ത അവസ്ഥകളുണ്ട്.
ചര്‍മ്മകോശങ്ങളില്‍ നിന്ന് അണ്ഡങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ഭാവിയില്‍ വന്ധ്യതാ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു.