ഇന്ത്യയില്‍ ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ല; ജാഗ്രതാ നടപടികളെടുക്കാന്‍ സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം; പരിശോധനയും നിരീക്ഷണവും ശക്തമാക്കണം

വിദേശത്ത് നിന്നെത്തിയ യുവാവിന്റെ പരിശോധാഫലം നെഗറ്റീവ്

Update: 2024-09-09 10:52 GMT

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. എങ്കിലും സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിദേശത്ത് നിന്നെത്തിയ യുവാവിന്റെ പരിശോധാഫലം നെഗറ്റീവാണ്. മങ്കിപോക്‌സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്. എന്നാല്‍ തുടര്‍ന്ന് നടന്ന പരിശോധനയില്‍ യുവാവിന്റെ ഫലം നെഗറ്റീവ് ആയി.

വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്‌സ് ലക്ഷണങ്ങള്‍ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. കൂടുതല്‍ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിരുന്നു.

12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മങ്കിപോക്‌സ് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നത് മൂന്നാഴ്ച മുമ്പാണ്. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്‌സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

1958 ലാണ് ആദ്യമായി മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്.രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്‌സ് പകരാം.

സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. എംപോക്‌സ് ബാധ സംശയമുണ്ടെങ്കില്‍ നീരീക്ഷണം കര്‍ശനമാക്കണം, ടെസ്റ്റിങ് കാര്യക്ഷമമാക്കണം, രോഗ ബാധ സ്ഥിരീകരിച്ചാല്‍ ഐസൊലേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. രോഗം പകരുന്നത് തടയാന്‍ ആവശ്യമായ എല്ലാ വഴികളും സ്വീകരിക്കണമെന്നും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി നടപടികള്‍ വേഗത്തിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

2022 മുതല്‍ ലോകത്തിന്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെന്‍ട്രല്‍, ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കില്‍ വര്‍ധനയുണ്ട്. നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ എംപോക്സ് ആദ്യമായി കണ്ടെത്തിയത്.

Tags:    

Similar News