രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാല്‍സംഗത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല; എഫ്‌ഐആറിലും മൊഴിയിലും വൈരുദ്ധ്യം; പരാതി വൈകിയതിലെ കാരണത്തില്‍ വൈരുദ്ധ്യം; ക്രൂര ബലാത്സംഗത്തിന് ശേഷവും അതിജീവിത വിവാഹത്തെക്കുറിച്ച് സംസാരിച്ചു; എംഎല്‍എക്കെതിരായ രണ്ടാമത്തെ കേസില്‍ ജാമ്യം അനുവദിച്ച് കോടതി നിരീക്ഷിച്ചത്; വിധി പകര്‍പ്പ് പുറത്ത്
എംഎല്‍എക്കെതിരായ രണ്ടാമത്തെ കേസില്‍ ജാമ്യം അനുവദിച്ച് കോടതി നിരീക്ഷിച്ചത്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാല്‍സംഗ കേസില്‍ കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. ക്രൂരമായ ബലാത്സംഗം നടന്നെന്ന യുവതിയുടെ മൊഴിയടക്കമുള്ള പോലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും, പരാതിയിലെ വൈരുദ്ധ്യങ്ങളും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
കോടതി ഉത്തരവിലെ പ്രധാന നിരീക്ഷണങ്ങള്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതി നല്‍കുന്നതിലെ കാലതാമസവും എഫ്‌ഐആറിലെയും മൊഴിയിലെയും വൈരുദ്ധ്യവും കോടതി ചൂണ്ടിക്കാട്ടി. ആരോപിക്കപ്പെട്ട പരാതി അതീവഗൗരവതരം. സമ്മര്‍ദ്ദ സാധ്യത തള്ളിക്കളയാനാവില്ല. പരാതി വൈകിയതിലെ കാരണത്തിലും വൈരുദ്ധ്യമുണ്ട്.
പോലീസില്‍ പരാതി നല്‍കാതെ കെപിസിസി പ്രസിഡന്റിന് നല്‍കിയതും കോടതി എടുത്തുപറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് മൊഴിയെടുത്തതെന്നും ചൂണ്ടിക്കാട്ടി. ഹാജരാക്കിയ ചാറ്റുകള്‍ ആരോപണം തെളിയിക്കുന്നതല്ലെന്നും കോടതി പറഞ്ഞു.
ക്രൂര ബലാത്സംഗത്തിന് ശേഷവും അതിജീവിത വിവാഹത്തെക്കുറിച്ച് സംസാരിച്ചു എന്നതും കോടതി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. പരാതി വൈകിയതും പ്രഥമദൃഷ്ട്യാ ബലാല്‍സംഗത്തിന് തെളിവില്ലാത്തതുമാണ് ജാമ്യത്തിന് കാരണമായത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍:
പരാതിക്കാരിയുടെ മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് കോടതി കണ്ടെത്തി. കെ.പി.സി.സിക്ക് നല്‍കിയ പരാതിയില്‍ സ്വകാര്യതയും ഭാവിയും നശിക്കുമെന്ന ഭയമാണ് കാരണം എന്ന് പറയുമ്പോള്‍, പോലീസിന് നല്‍കിയ മൊഴിയില്‍ രാഹുല്‍ വിവാഹം കഴിക്കുമെന്ന് വിശ്വസിച്ചതാണ് വൈകാന്‍ കാരണം എന്ന് പറയുന്നു.
ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ സാധിക്കുന്ന പ്രഥമദൃഷ്ട്യാ രേഖകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
സമയബന്ധിതമല്ലാത്ത പരാതി:
പോലീസില്‍ പരാതി നല്‍കാതെ, രണ്ടു വര്‍ഷത്തിലധികം വൈകി കെ.പി.സി.സി. പ്രസിഡന്റിന് പരാതി നല്‍കിയതില്‍ കോടതി സംശയം പ്രകടിപ്പിച്ചു.
പരാതി നല്‍കിയത് സമ്മര്‍ദത്തെ തുടര്‍ന്നാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും വിധിയില്‍ പറയുന്നു. യുവതി പോലീസില്‍ പരാതി നല്‍കുന്നതിനു മുന്‍പ് തന്നെ ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചത് എന്തിനെന്നതില്‍ സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ബന്ധം തുടര്‍ന്നതിലെ സൂചനകള്‍:
സംഭവത്തിനു ശേഷവും യുവതിയും രാഹുലും തമ്മില്‍ സമൂഹമാധ്യമങ്ങള്‍ വഴിയും ഫോണ്‍ വഴിയും ബന്ധം തുടര്‍ന്നിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. രാഹുല്‍ വിവാഹസന്നദ്ധത അറിയിച്ചിരുന്നുവെന്ന് യുവതിയുടെ മൊഴിയില്‍നിന്ന് വ്യക്തമാണ്.
ജാമ്യവ്യവസ്ഥകളും തുടര്‍നടപടികളും
രാഹുലിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം ശ്രമിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, അന്വേഷണവുമായി സഹകരിക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. ഈ മാസം 15-ന് രാഹുലിന്റെ കേസില്‍ കോടതി വിശദമായി വാദം കേള്‍ക്കും. കഴിഞ്ഞ രണ്ടാഴ്ചയായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലായിരുന്നു.
സന്ദീപ് വാര്യര്‍ക്ക് ആശ്വാസം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭിച്ചു. ഈ മാസം 15 വരെ സന്ദീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പോലീസ് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് ഈ തീരുമാനം. 15-ന് സന്ദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.
