'നിങ്ങള്‍ ശാസ്ത്രം മാത്രം പറഞ്ഞാല്‍ മതി, മതവിമര്‍ശനം നടത്തില്ല എന്ന് രേഖാമൂലം എഴുതി ഒപ്പിട്ടു തരണം': വിയോജിപ്പുള്ള ഭാഗങ്ങള്‍ വീഡിയോയില്‍ നിന്ന് നീക്കം ചെയ്യുമെന്നും മാനേജ്മെന്റ്; പിന്‍മാറി സി രവിചന്ദ്രന്‍ അടക്കമുള്ള സ്വതന്ത്രചിന്തകര്‍; ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ സെമിനാര്‍ വിവാദത്തില്‍

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ സെമിനാര്‍ വിവാദത്തില്‍

Update: 2025-01-13 16:53 GMT

തൃശുര്‍: ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിക്കുന്ന Zephyrus - Christ Conclave 2025 എന്ന പരിപാടിയില്‍നിന്ന് പിന്‍മാറി സി രവിചന്ദ്രന്‍ അടക്കമുള്ള സ്വതന്ത്ര ചിന്തകര്‍. ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലും, ക്രൈസ്റ്റ് കോളജ് കമ്പ്യൂട്ടന്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി നടത്തുന്ന പരിപാടി ജനുവരി 16, 17 തീയതികളില്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രോഗ്രാമിന്റെ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ അടക്കം നടത്തിവരവെ, അവസാന നിമഷത്തില്‍ കോളജ് മാനേജ്മെന്റ് മുന്നോട്ടുവെച്ച പുതിയ ഡിമാന്റാണ് പ്രശ്നമായത്. മതവിമര്‍ശനം നടത്തില്ലന്നും, വീഡിയോ റെക്കോര്‍ഡ് ചെയ്യില്ലെന്നും എന്ന് രേഖാമൂലം എഴുതി ഒപ്പിട്ടു തരണമെന്നുള്ള പുതിയ നിബന്ധനകള്‍ മുന്നോട്ട് വെച്ചതോടെയാണ് എസ്സെന്‍സ് ഗ്ലോബല്‍ പരിപാടിയില്‍നിന്ന് പിന്‍മാറിയത്.

കോളേജ് മാനേജ്‌മെന്റിന്റെ ക്ഷണപ്രകാരമാണ് ആ പരിപാടിയുമായി സഹകരിക്കാന്‍ തയ്യാറായത് എന്നും, എന്നാല്‍ മുഖ്യ സംഘാടകര്‍ ഉന്നയിച്ച പുതിയ ആവശ്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ എസ്സെന്‍സ് ഗ്ലോബല്‍ പരിപാടിയില്‍ നിന്ന് പിന്മാറുകയാണെന്ന് സംഘടനാ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

എസ്സെന്‍സ് ഗ്ലോബല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്് ഇങ്ങനെ- 'എസ്സെന്‍സ് പ്രഭാഷകര്‍ പങ്കെടുക്കുന്ന സെഷനുകളില്‍ മതവിമര്‍ശനം ഉണ്ടാകാന്‍ പാടില്ല, സയന്‍സ് വിഷയം മാത്രം സംസാരിച്ചാല്‍ മതി എന്നായിരുന്നു ആദ്യത്തെ ആവശ്യം. ഒരു ക്രിസ്ത്യന്‍ മാനേജ്മന്റ് കോളേജ് എന്ന നിലയില്‍, പരിപാടി നടത്താന്‍ താല്‍പ്പര്യപ്പെട്ടുവന്നവരോടുള്ള താല്‍പ്പര്യം കണക്കിലെടുത്ത് ആ ആവശ്യം തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. പരിപാടിയുടെ ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ എസ്സെന്‍സിന്റെ പരിപാടികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള അവകാശം എസ്സെന്‍സിന് എന്ന തീരുമാനം സംഘാടകര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, വീഡിയോ റെക്കോര്‍ഡിങ് കോളേജ് നടത്തുമെന്നും, മാനേജ്മെന്റിന് താല്പര്യമില്ലാത്ത ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്തശേഷം വീഡിയോ പബ്ലിഷ് ചെയ്യാന്‍ എസ്സെന്‍സിനു നല്‍കും എന്നും പറയുന്നു.

റെക്കോഡ് ചെയ്യുന്ന വീഡിയോകളുടെ, നിലവാരം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ആവശ്യമാണ്, അതിനാല്‍ നമ്മള്‍തന്നെ വീഡിയോ റെക്കോര്‍ഡ് ചെയ്യുമെന്നും കോളേജ് മാനേജ്മെന്റിന്റെ അംഗീകാരത്തിനു ശേഷം മാത്രം റിലീസ് ചെയ്യുകയുള്ളൂ എന്നും നമ്മള്‍ ഉറപ്പുകൊടുത്തു. എന്നാല്‍ അത് സ്വീകാര്യമായില്ല എന്ന് മാത്രമല്ല, മതവിമര്‍ശനം നടത്തില്ലെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യില്ലെന്നും രേഖാമൂലം എഴുതി ഒപ്പിട്ടുനല്‍കണം എന്നും ആവശ്യം സംഘാടകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നു.

പരസ്പര ധാരണയോടെയാണ് പ്രോഗ്രാമുമായി സഹകരിച്ചു ചര്‍ച്ചകളുമായി മുന്നോട്ടുപോയതെങ്കിലും, പരിപാടിക്ക് ഏതാനും ദിവസം മാത്രം ശേഷിക്കെ സംഘാടകര്‍, അംഗീകരിക്കാനാവാത്ത ഇത്തരം പുതിയ ഡിമാന്റുകള്‍ ഉന്നയിക്കുകയായിരുന്നു. പ്രോഗ്രാമിന്റെ ഒരു സഹ-സംഘാടകര്‍ കൂടിയായ എസ്സെന്‍സിനെ ട്രസ്റ്റ് ചെയ്യുന്നില്ല എന്നതാണ് നിലപാട് മാറ്റത്തിലൂടെ മനസ്സിലാക്കുന്നത്. എസ്സെന്‍സ് ഗ്ലോബല്‍ പ്രഭാഷകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മതവിമര്‍ശനം ഏതെങ്കിലും വിധത്തില്‍ ചര്‍ച്ചയാകുമോ എന്ന വിദൂര സാധ്യതയെപ്പോലും കോളേജ് മാനേജ് ചെയ്യുന്ന ക്രൈസ്തവ സഭ ഭയക്കുന്നു.

എസ്സെന്‍സ് ഗ്ലോബലിനോട് ഒരു ട്രസ്റ്റ് നിലനില്‍ക്കുന്നില്ല എങ്കില്‍, ഒരു മത സ്ഥാപനത്തിനോട് അടിയറവ് പറയുംവിധം ഇത്തരത്തില്‍ ഡിമാന്റുകള്‍ രേഖാമൂലം എഴുതി ഒപ്പിട്ടുകൊടുക്കാന്‍ നമ്മള്‍ തയ്യാറല്ല എന്ന് മുഖ്യ സംഘടകരെ അറിയിച്ചു. തുടര്‍ന്ന് പരിപാടിയുമായി മുമ്പോട്ടുപോകാന്‍ കഴിയില്ല എന്ന് സംഘാടകരായ ഡിപ്പാര്‍ട്മെന്റ് അറിയിക്കുകയും എസ്സെന്‍സ് ഗ്ലോബല്‍ പ്രോഗ്രാമില്‍ നിന്ന് പിന്മാറുകയും ചെയ്തു.-'' പ്രസ്താവനയില്‍ എസ്സെന്‍സ് ഗ്ലോബല്‍ ചൂണ്ടിക്കാട്ടി.

രണ്ടുദിവസങ്ങളായി നടക്കുന്ന സെമിനാറില്‍ സി രവിചന്ദ്രന്‍, ചന്ദ്രശേഖര്‍ രമേഷ്, പൗലോസ് തോമസ്, ശരത് ജി, ശില്‍പ്പ ഗോപിനാഥ് എന്നീ അഞ്ച് പ്രഭാഷകരാണ് എസ്സെന്‍സ് ഗ്ലോബലിന്റെ ഭാഗത്തുനിന്ന് പങ്കെടുക്കേണ്ടിയിരുന്നത്.

Tags:    

Similar News