സ്റ്റാര്‍ട്ട് ആപ്പ് സെമിനാര്‍ കൊഴുപ്പിക്കാന്‍ ഡിവൈഎഫ് ഐയ്ക്കും തരൂരിനെ വേണം; ഹൈക്കമാണ്ടുമായി യോജിപ്പിലെത്തിയതോടെ 'നോ' പറഞ്ഞ് കോണ്‍ഗ്രസ് നേതാവ്; റഹിമും സനോജും നടത്തിയ ഡല്‍ഹി ഓപ്പറേഷന് പിന്നില്‍ 'സിപിഎം ബുദ്ധി'; മവാസോ ഫെസ്റ്റിവലിലെ രാഷ്ട്രീയം പൊളിയുമ്പോള്‍
തിരുവനന്തപുരം: വികസന വിവാദത്തിലെ ശശി തരൂരിന്റെ നിലപാട് ചര്‍ച്ചയാക്കാന്‍ സിപിഎം. സ്റ്റാര്‍ട്ട് അപ്പുമായി ബന്ധപ്പെട്ട സെമിനാറില്‍ ഡിവൈഎഫ്‌ഐ ശശി തരൂരിനെ ക്ഷണിച്ചത് ഇതിന്റെ ഭാഗമായാണ്. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മാര്‍ച്ച് 1,2 തിയ്യതികളില്‍ തിരുവനന്തപുരത്താണ് പരിപാടി.സൂറത്തില്‍ പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാന്‍ ആകില്ലെന്ന് തരൂര്‍ വ്യക്തമാക്കി. പരിപാടിക്ക് തരൂര്‍ ആശംസ നേര്‍ന്നു. സിപിഎം നിര്‍ദ്ദേശ പ്രകാരമാണ് ഈ പരിപാടിക്ക് തരൂരിനെ ക്ഷണിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാണ്ടുമായി തരൂര്‍ ധാരണകളില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ് ഐ പരിപാടിയില്‍ പങ്കെടുക്കാത്തതെന്നും സൂചനയുണ്ട്.
കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം ഏറെ വിവാദമായ സാഹര്യത്തില്‍ ഈ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വിലയിരുത്തലുണ്ട്. എന്നാല്‍ ലേഖനം പുറത്ത് വരുന്നതിന് മുമ്പ് തന്നെ പരിപാടി നിശ്ചയിച്ചതാണെന്നും തിരുവനന്തപുരം എംപി എന്ന നിലയില്‍ അദ്ദേഹത്തെ ക്ഷണിച്ചതാണെന്നും ഡിവൈഎഫ്‌ഐ നേതൃത്വം വ്യക്തമാക്കി. എന്നാല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തരൂരിനെ ക്ഷണിച്ചതെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി എ എ റഹീം എംപി, കേന്ദ്ര കമ്മിറ്റി അംഗം എം ഷാജര്‍, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവര്‍ തരൂരിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് ക്ഷണിച്ചത്.
ഡിവൈഎഫ്‌ഐ യുടെ ഈ ഇടപെടലിനെയും തന്നെ ക്ഷണിക്കാന്‍ കാണിച്ച മനസിനെയും അദ്ദേഹം അഭിനന്ദിച്ചുവെന്നും വികസന കാര്യത്തില്‍ താന്‍ രാഷ്ട്രീയം നോക്കാറില്ലെന്നും ശശി തരൂര്‍ അറിയിച്ചെന്ന് എ എ റഹീം എംപി പറഞ്ഞു. മാര്‍ച്ച് 1,2 തീയതികളിലായി തിരുവനന്തപുരത്ത് വച്ചാണ് മവാസോ ഫെസ്റ്റിവല്‍ നടക്കുന്നത്. ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്കായി യാത്ര ഉള്ളതിനാല്‍ മവാസോയില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് തരൂര്‍ അസൗകര്യം അറിയിച്ചു.