പമ്പ, മലയാലപ്പുഴ എസ്എച്ച്ഓമാരെ സീസണിന് തൊട്ടുമുന്‍പ് പരസ്പരം മാറ്റി; മലയാലപ്പുഴയ്ക്ക് വന്ന കെ.എസ്. വിജയനെ കോ-ഓര്‍ഡിനേഷന്റെ പേര് പറഞ്ഞ് പമ്പയ്ക്ക് തന്നെ വിട്ടു; നിലവില്‍ ക്ഷേത്രസ്റ്റേഷനായ മലയാലപ്പുഴയില്‍ എസ്എച്ചഓ ഇല്ല; പത്തനംതിട്ട എസ്പി സ്വന്തം പണി ലഘൂകരിച്ചപ്പോള്‍ പണി കിട്ടിയത് മലയാലപ്പുഴക്കാര്‍ക്ക്
പമ്പ, മലയാലപ്പുഴ എസ്എച്ച്ഓമാരെ സീസണിന് തൊട്ടുമുന്‍പ് പരസ്പരം മാറ്റി
തിരുവനന്തപുരം: ശബരിമല സീസണിന് തൊട്ടുമുന്‍പാണ് പമ്പ, മലയാലപ്പുഴ എസ്എച്ച്ഓമാരെ പരസ്പരം മാറ്റി നിയമിച്ചത്. പമ്പയില്‍ പരിചയ സമ്പത്തും അനുഭവ സമ്പത്തുമുള്ള കെ.എസ്. വിജയനെ മലയാലപ്പുഴയിലേക്കും പകരം ഇവിടെ നിന്ന് സി.കെ. മനോജിനെ പമ്പയിലേക്കും നിയമിക്കുകയായിരുന്നു. എന്നാലിതാ ഇന്നലെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ വിചിത്രമായ ഒരു ഉത്തരവ് ഇറങ്ങിയിരിക്കുന്നു. മലയാലപ്പുഴയിലേക്ക് സ്ഥലം മാറ്റപ്പെട്ട കെ.എസ്. വിജയനെ സ്പെഷല്‍ ലെയ്സണ്‍ ഓഫീസറെ സഹായിക്കുന്നതിന് അസി. ലെയ്സണ്‍ ഓഫീസറായി പമ്പയില്‍ നിയമിച്ചു കൊണ്ടാണ് ഉത്തരവ്. സ്പെഷല്‍ ലെയ്സണ്‍ ഓഫീസര്‍ പത്തനംതിട്ട എസ്.പിയാണ്. അദ്ദേഹത്തിന്റെ പണി കൂടി വിജയനെ ഏല്‍പ്പിച്ചിരിക്കുന്നുവെന്ന് സാരം. ശബരിമലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര സാഹചര്യങ്ങളില്‍ അസിസ്റ്റന്റ് ലെയ്സണ്‍ ഓഫീസര്‍ പമ്പയില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
2024-25 കാലയളവിലെ ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ പോലീസ് മേധാവിയെ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസര്‍ ആയി നിയമിച്ചിരുന്നു. ഇദ്ദേഹത്തിന് സഹായിയായിട്ടാണ് മലയാലപ്പുഴ എസ്എച്ച്ഓ വിജയനെ എസ്പി നിയമിച്ചിരിക്കുന്നത്. ഉത്തരവിന്റെ കോപ്പി ഉന്നത ഉദ്യോഗസ്ഥ തലത്തിലേക്ക് പോയിട്ടില്ല. ജില്ലയ്ക്കുളളില്‍ ഒതുങ്ങൂന്ന തരത്തിലാണ് പകര്‍പ്പുകള്‍ നല്‍കിയിരിക്കുന്നത്.
ശബരിമല പോലെ തന്നെ തിരക്കേറിയ സ്ഥലമാണ് മലയാലപ്പുഴ. ഇവിടുത്തെ ദേവീക്ഷേത്രം ആഗോള പ്രശസ്തമാണ്. അതു കൊണ്ട് തന്നെ തിരക്കേറെയുമാണ്. ശബരിമല സീസണാകുന്നതോടെ ഇവിടേക്ക് ഭക്തര്‍ അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകും. അവിടെ ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കേണ്ട ഉദ്യോഗസ്ഥനെയാണ് പമ്പയിലേക്ക് അധിക ചുമതലയുടെ പേര് പറഞ്ഞ് നിയോഗിച്ചിരിക്കുന്നത്. എസ്.എച്ച്.ഓ ഇല്ലാതെ വരുന്നത് ഇവിടെയും തിരിച്ചടിയാകും.
അതേ സമയം, ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ വരുമ്പോള്‍ അവര്‍ക്ക് സുഗമമായ പാര്‍ക്കിങ്, ദര്‍ശനം, നെയ്യഭിഷേകം, താമസം, ഭക്ഷണം വഴിപാട് തുടങ്ങിയവ ഒരുക്കി കൊടുക്കലാണ് അസിസ്റ്റന്റ് ലെയ്സണ്‍ ഓഫീസര്‍ക്കുള്ള പ്രധാന ചുമതല എന്ന് പോലീസുകാര്‍ അടക്കം പറയുന്നുണ്ട്. ഇതിന് നല്‍കിയിരിക്കുന്ന ഓമനപ്പേരാണത്രേ ലെയ്സണ്‍ ഓഫീസര്‍.