മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് തുടരന്വേഷണത്തെ ബാധിക്കും; ബലാത്സംഗ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കത്തില്‍ അന്വേഷണ സംഘം
മുകേഷിനെതിരായ ബലാത്സംഗ കേസ്: അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം
കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസില്‍ മുകേഷിന് ജാമ്യം അനുവദിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ നിര്‍ണായക നീക്കവുമായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം. മുകേഷിന് ജാമ്യം നല്‍കിയതിനെതിതെ എസ് ഐ ടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ്. സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയ എസ് ഐ ടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ് ഐ ടി. ഇത് ചൂണ്ടികാട്ടിയാകും അപ്പീല്‍ നല്‍കുക.
നടിയെ ബലാത്സംഗ ചെയ്‌തെന്ന കേസില്‍ മുകേഷിനും, നടന്‍ ഇടവേള ബാബുവിനും സെപ്തംബര്‍ അഞ്ചിനാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എറണാകുളം സെഷന്‍സ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സത്യം തെളിയിക്കാനുള്ള യാത്രയില്‍ ആദ്യപടി കടന്നെന്നാണ് മുകേഷിന്റെ അഭിഭാഷകന്‍ പ്രതികരിച്ചത്.
ബലാത്സംഗം ചെയ്‌തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിന്റെ വാദം. 15 വര്‍ഷങ്ങള്‍ക്കുശേഷം പരാതിയുമായി വന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയില്‍ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. താര സംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പെച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. അതേസമയം ബലാത്സംഗ കേസില്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അന്നേ ദിവസം മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
നടിയുടെ മൊഴിയിലെ വൈരുധ്യവും മുകേഷുമായി പരാതിക്കാരി 2009 മുതല്‍ നടത്തിയ ചാറ്റിലെ വിവരങ്ങളും പരിശോധിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഓഗസ്റ്റ് 28ന് പൊലീസിനു നല്‍കിയ മൊഴിയില്‍ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വിവരമില്ലെന്ന്, മുകേഷിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി പറഞ്ഞു. 30ന് പ്രത്യേക സംഘത്തിനു നല്‍കിയ മൊഴിയിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളിലും പരാതിക്കാരി വ്യക്തതയില്ലാതെയാണ് സംസാരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുകേഷിന്റെ ജാമ്യാപേക്ഷയില്‍ കഴിഞ്ഞദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. നടിയുടെ പരാതി വ്യാജമാണെന്നാണ് മുകേഷിന്റെ വാദം. പരാതിയുമായി ഇപ്പോള്‍ വന്നതിനു പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളുണ്ടെന്നും പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമം നടത്തിയെന്നും മുകേഷ് വാദിച്ചിരുന്നു. മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തിരുന്നു.