സ്വര്‍ണ്ണക്കൊള്ളയ്ക്ക് സഹായിച്ചതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും മറ്റും ഭണ്ഡാരിയും ഗോവര്‍ധനും വന്‍തുക പ്രതിഫലമായി കൈപ്പറ്റി; കേസിലെ ഉന്നതരുടെ പങ്കും റിമാര്‍ഡ് റിപ്പോര്‍ട്ടില്‍; ഈ രണ്ടു പേരെ ചോദ്യം ചെയ്യുമ്പോള്‍ 'കൊള്ള'യുടെ പൂര്‍ണ്ണരൂപം പുറത്തുവരുമെന്നും എസ് ഐ ടി; നടന്നതെല്ലാം നിയമവിരുദ്ധം; ശബരിമലയിലെ കൊളളക്കാര്‍ നെട്ടോട്ടത്തില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയുടെയും ഗോവര്‍ധന്റെയും അറസ്റ്റിന് കാരണം ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സ്വര്‍ണ്ണക്കവര്‍ച്ചയിലെ ഇവരുടെ പങ്കിനെക്കുറിച്ച് അന്വേഷണസംഘം കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍, കൊള്ളയില്‍ ഇരുവര്‍ക്കും നിര്‍ണ്ണായക പങ്കുണ്ടെന്നാണ് എസ്ഐടി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കേസില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും, പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ 'കൊള്ള'യുടെ പൂര്‍ണ്ണരൂപം പുറത്തുവരുമെന്നും എസ്ഐടി കോടതിയെ അറിയിച്ചിട്ടുണ്ട്.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ ആയ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവര്‍ധനെയും തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി അന്വേഷണസംഘം അറിയിച്ചു. കേസിലെ മറ്റ് പ്രതികളെപ്പോലെ തന്നെ കവര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെക്കാന്‍ ഇരുവരും ശ്രമിച്ചിരുന്നു. ശബരിമലയില്‍നിന്ന് നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ ഭാഗമെന്ന് കരുതുന്ന സ്വര്‍ണ്ണം ഇവരില്‍നിന്നും കണ്ടെടുത്തു. ഇത് കേസില്‍ നിര്‍ണ്ണായകമായി. ഇതില്‍ 470 ഗ്രാം സ്വര്‍ണ്ണം ലഭിച്ചത് ഗോവര്‍ധന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ നിന്നാണ്. പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കേസിലുള്ള അത്രതന്നെ പങ്കാളിത്തം പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും ഉണ്ടെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചിരിക്കുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൊള്ളയുടെ മറ്റ് വിശദാംശങ്ങള്‍ കൂടി പുറത്തുവരുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ കേസില്‍ ഹൈക്കോടതി ഉറച്ച നിലപാട് എടുത്തിരുന്നു. ഈ ഇടപെടലാണ് പ്രത്യേക അന്വേഷണ സംഘത്തെ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കൊള്ളയില്‍ പങ്കുള്ള ഇതുവരെ പ്രതിസ്ഥാനത്ത് വരാത്തവര്‍ എല്ലാം നെട്ടോട്ടത്തിലാണ്. സ്വര്‍ണ്ണം മോഷ്ടിക്കാനും അത് വിറ്റഴിക്കാനും സഹായിച്ചവരില്‍ പ്രധാനികളാണ് ഇവരെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണപ്പാളികള്‍ മാറ്റുന്നതിനും പകരം ചെമ്പ് പാളികള്‍ സ്ഥാപിക്കുന്നതിനും പിന്നിലെ സാങ്കേതിക സഹായം നല്‍കിയത് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ ആയ പങ്കജ് ഭണ്ഡാരിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വര്‍ണം മാറ്റിയ ശേഷം അത് ഉരുക്കി മാറ്റുന്നതിനും പുതിയ രൂപത്തിലാക്കുന്നതിനും ഇവര്‍ ഗൂഢാലോചന നടത്തി.
ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണം വില്‍ക്കുന്നതിനും പണമാക്കുന്നതിനും സഹായിച്ചത് ഗോവര്‍ധനാണ്. ഗോവര്‍ധന്റെ ജ്വല്ലറിയില്‍ സ്വര്‍ണം എത്തിച്ചതായും അവിടെ വെച്ച് ഉരുക്കി മാറ്റിയതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളയ്ക്ക് സഹായിച്ചതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും മറ്റും ഇവര്‍ വന്‍തുക പ്രതിഫലമായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ ബാങ്ക് രേഖകളും ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. ഗോവര്‍ധന്റെ പക്കല്‍ നിന്ന് കണ്ടെടുത്ത 470 ഗ്രാം സ്വര്‍ണം കൂടാതെ, കൂടുതല്‍ സ്വര്‍ണം ഇവര്‍ വഴി മറ്റു പല കേന്ദ്രങ്ങളിലേക്കും മാറ്റിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട പഴയ കരാറുകളിലും രേഖകളിലും മാറ്റം വരുത്താന്‍ പങ്കജ് ഭണ്ഡാരി ശ്രമിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. കേസ് പുറത്തുവന്നതോടെ അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാന്‍ രേഖകള്‍ നശിപ്പിക്കാനും ഇവര്‍ നീക്കം നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇവര്‍ നടത്തിയ നിരന്തരമായ ഫോണ്‍ സംഭാഷണങ്ങളും വാട്‌സാപ്പ് സന്ദേശങ്ങളും സ്വര്‍ണ്ണക്കൊള്ളയിലെ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു. ശ്രീകോവിലിലെ പണികള്‍ നടന്ന സമയത്ത് പങ്കജ് ഭണ്ഡാരിയുടെ സ്ഥാപനത്തിലെ ജീവനക്കാരെയും ഇവര്‍ നിയമവിരുദ്ധമായി സന്നിധാനത്ത് എത്തിച്ചിരുന്നു. ഇതിന് ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശ ലഭിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
