മന്ത്രി ഗണേഷ് കുമാറിന്റെ മകന്‍ പഠിക്കാന്‍ എത്തിയത് ഇംഗ്ലണ്ടിലെ കവന്‍ട്രിയില്‍; ബ്രിട്ടന്റെ ഓട്ടോ തലസ്ഥാനമായ കവന്‍ട്രിയിലെ യൂണിവേഴ്‌സിറ്റിയില്‍ ആദിത്യ ഗണേഷിന്റെ പഠനം മലയാളികള്‍ക്ക് കെഎസ്ആര്‍ടിസി സുഖയാത്രയായി മാറുമ്പോള്‍
ആദിത്യ ഗണേഷിന്റെ പഠനം മലയാളികള്‍ക്ക് കെഎസ്ആര്‍ടിസി സുഖയാത്രയായി മാറുമ്പോള്‍
ലണ്ടന്‍: കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ടാണ് യുകെയില്‍ പഠിക്കാന്‍ പോകുന്നത് എന്ന് ചോദിച്ചാല്‍ അതിന് ഉത്തരമായി ഉടന്‍ നിരത്തിലിറങ്ങാന്‍ പോകുന്ന കെഎസ്ആര്‍ടിസിയുടെ പളപളപ്പന്‍ ആനവണ്ടികള്‍ ചൂണ്ടിക്കാട്ടി ഉത്തരം നല്‍കാനാകും. കാരണം കാഴ്ചയിലും യാത്ര സുഖത്തിലും തനി അന്താരാഷ്ട്ര നിലവാരമാണ് ഈ ബസുകള്‍ക്ക്. വെറുതെ തള്ളാന്‍ വേണ്ടി ഇന്റര്‍നാഷണല്‍ ലുക്ക് എന്ന് പറയാനല്ലാതെ യഥാര്‍ത്ഥത്തില്‍ തന്നെ ബ്രിട്ടീഷ് വാഹനലോകത്തെ പ്രത്യേകതകള്‍ ആവാഹിച്ചാണ് ഈ ബസുകള്‍ നിരത്തിലേക്ക് എത്തുന്നത്.
കടം കയറി മുടിഞ്ഞുവെന്ന് പേര് കേട്ടിരുന്ന കെഎസ്ആര്‍ടിസിയാണ് ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ കൊണ്ട് ശ്രദ്ധ നേടുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. കെ ബി ഗണേഷ്‌കുമാര്‍ എന്ന മന്ത്രിയുടെ മികവ് ഇതിനു മുന്‍പും കെഎസ്ആര്‍ടിസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു കാരണമായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ശമ്പളം മുടങ്ങി എന്ന വാര്‍ത്തകള്‍ പോലും ഇല്ലാതായപ്പോഴാണ് ആരിലും കൗതുകം ഉയര്‍ത്തും വിധം പുത്തന്‍ 164 ബസുകള്‍ ബ്രിട്ടീഷ് ഡിസൈനില്‍ കേരളത്തിലെ നിരത്തുകളിലേക്ക് എത്തുന്നത്
അടുത്തകാലത്ത് യുകെയിലെ കവന്‍ട്രിയില്‍ പഠിക്കാന്‍ എത്തിയ മന്ത്രിയുടെ മകന്‍ ആദിത്യ ഗണേഷിന്റെ ആശയമാണ് ഇപ്പോള്‍ ഈ ബസുകളെ കൂടുതല്‍ സൗന്ദര്യമുള്ളതാക്കി മാറ്റുന്നത്. യുകെയിലെ വാഹന തലസ്ഥാനം എന്നറിയപ്പെടുന്ന റോള്‍സ് റോയ്സിനും ജാഗ്വാറിനും ലാന്‍ഡ് റോവറിനും ഒക്കെ ജന്മം നല്‍കുന്ന പട്ടണമായ കവന്‍ട്രിയിലെ യൂണിവേഴ്‌സിറ്റിയില്‍ ഓട്ടോ മോട്ടീവ് എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ ആദിത്യ കൃഷ്ണ തന്റെ പഠന മികവ് തെളിയിക്കാന്‍ ഒരവസരം തേടി മന്ത്രിയായ അച്ഛന്റെ അരികില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് തിരികെ ലഭിക്കുന്നത് മികച്ച യാത്ര സുഖം കൂടിയാണ്. ബ്രിട്ടീഷ് ടെക്‌നോളജി കാശ് കൊടുത്താല്‍ കിട്ടുന്നതല്ല എന്ന് പറഞ്ഞു ജാഗ്വര്‍ ലാന്‍ഡ് റോവറിനെ 2008ല്‍ കണ്ണ് തള്ളുന്ന വില നല്‍കി രത്തന്‍ ടാറ്റ സ്വന്തമാക്കിയതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് കടം കയറി മുടിഞ്ഞു പോയ കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ ബ്രിട്ടീഷ് ടെക്‌നോളജി ആദിത്യ ആദിത്യ ഗണേഷിലൂടെ എത്തിയത് ഓര്‍മ്മിപ്പിക്കുന്നതും.
കവന്‍ട്രിയിലെ പഠന മികവ് ആദിത്യ യാഥാര്‍ത്ഥ്യമാക്കിയത് ആനവണ്ടിയില്‍, നാട്ടുകാര്‍ക്ക് സുഖയാത്ര
കവന്‍ട്രി യൂണിവേഴിറ്റിയില്‍ നിന്നും ഓട്ടോമൊബൈല്‍ ഡിസൈനിംഗ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് പഠിച്ചു തിരികെ നാട്ടില്‍ എത്തിയ ആദിത്യ ഗണേഷ് തന്റെ സുഹൃത്തായ അമല്‍ ജോക്കിന്‍ സലറ്റുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസിക്ക് തന്നെ ബ്രിട്ടനിലെ പഠനത്തില്‍ നിന്നും സ്വായത്തമാക്കിയ മികവ് ഇപ്പോള്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ മകന്‍ എന്ന നിലയില്‍ നൂലാമാലകള്‍ അതിവേഗം മറികടക്കാന്‍ ആയതും ആദിത്യക്ക് ഗുണമായി.
സീറ്റ് കം സ്ലീപ്പര്‍ ബസുകളില്‍ ബെര്‍ത്തുകള്‍ കൂടി സജ്ജീകരിച്ചിരിക്കുന്നത് ഏതു യാത്രക്കാരിലും പുതുമ സമ്മാനിക്കും. കഴിഞ്ഞ ദിവസം മകന്‍ ഡിസൈന്‍ ചെയ്തു നിരത്തില്‍ എത്തിയ ബസ് ഓടിച്ചു മന്ത്രിയും തൃപ്തിപ്പെട്ടതോടെ അടുത്ത ദിവസം തന്നെ ബസുകള്‍ യാത്രക്കാരെ തേടി എത്തും എന്നാണ് വകുപ്പുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.
ഒരു ഭാഗത്തു സിംഗിള്‍ ബെര്‍ത്തും മറുഭാഗത്തും ഡബിള്‍ ബെര്‍ത്തും ആണ് ഈ ബസുകളുടെ പ്രത്യേകത. പുതിയ ബസുകള്‍ കനകക്കുന്നില്‍ നാട്ടുകാര്‍ക്ക് വേണ്ടി ഈ മാസം 22 മുതല്‍ 24 വരെ പ്രദര്‍ശനത്തിന് എത്തിക്കും. ബസുകളില്‍ ആദ്യ ബാച്ച് ആയി 130 എണ്ണം ഈ മാസം 21നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്യും. ആറു മാസത്തിനുള്ളില്‍ 340 ബസുകളാണ് കെഎസ്ആര്‍ടിസിയെ തേടി എത്തുന്നത്. വൈഫൈ, എല്‍ഇഡി ഡിസ്പ്ലേ എന്നിവ സഹിതം കിടിലന്‍ ലുക്കിലാണ് ആദിത്യയും കൂട്ടുകാരും ബസിനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എല്ലാ സീറ്റുകളിലും മൊബൈല്‍ ചാര്‍ജിങ് സൗകര്യവും ഉണ്ടാകും.
ചുരുക്കത്തില്‍ ഒരു വിമാനയാത്രയില്‍ ലഭിക്കുന്ന സൗകര്യങ്ങളാണ് ഈ ബ്രിട്ടീഷ് ഡിസൈന്‍ ബസിലൂടെ മലയാളികളെ തേടി എത്തുന്നത്. സുരക്ഷാ സൗകര്യത്തിനാണ് അഞ്ചു ക്യാമറകള്‍ ഓരോ ബസിലും ഒരുക്കിയിരിക്കുന്നത്. ബ്രിട്ടനിലെ ബസുകളിലും ഇത് സാധാരണ കാഴ്ചയാണ്. കവന്‍ട്രിയില്‍ പഠിക്കുമ്പോള്‍ ഒരു മന്ത്രി പുത്രന്‍ എന്ന ഇമേജ് പുറത്തു കാട്ടാതെയാണ് ആദിത്യ പഠനത്തില്‍ ശ്രദ്ധ നല്‍കിയത്.
യുകെയില്‍ ഓട്ടോ മോട്ടീവ് എഞ്ചിനീയറിംഗ് പഠിക്കാന്‍ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്ന് കൂടിയാണ് കവന്‍ട്രി യൂണിവേഴ്‌സിറ്റി. ഇന്ത്യയില്‍ നിന്നും യുകെയില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ ആദ്യ ചോയ്‌സില്‍ ഒന്ന് കൂടിയാണ് കവന്‍ട്രി യൂണിവേഴ്‌സിറ്റി. ഓട്ടോ മോട്ടീവ് എഞ്ചിനീയറിംഗ് പഠിക്കുന്നവര്‍ക്ക് റോള്‍സ് റോയ്‌സ്, ജാഗ്വര്‍, ലാന്‍ഡ് റോവര്‍ എന്നിവയുടെ ഒക്കെ സാന്നിധ്യം ഉള്ളത് പഠന കാലത്തു മികച്ച അവസരമാണ് ഒരുക്കുന്നത്. യുകെ മലയാളികളായ വിദ്യാര്‍ത്ഥികളും ഓട്ടോ മോട്ടീവ്, എയ്റോ സ്‌പേസ് എന്നിവയ്ക്ക് ആദ്യ ചോയ്‌സ് നല്‍കുന്നതും കവന്‍ട്രി യൂണിവേഴ്‌സിറ്റിയാണ്.