കെ സുധാകരന്റെ അതീവവിശ്വസ്തന്‍; എതിരാളികളെ അടി തെറ്റിച്ച് സുധാകരന് വഴിയൊരുക്കിയ വൈഭവം; കണ്ണൂര്‍ ഡിസിസി കസേര തന്റെ ലീഡര്‍ ഒഴിഞ്ഞപ്പോള്‍ അവിടെ പ്രതിഷ്ഠിച്ചതും സണ്ണി ജോസഫിനെ; ഇപ്പോള്‍ പേരാവൂരിന്റെ സണ്ണി വക്കീലിന് പുതു നിയോഗവും നേതാവ് വഴിമാറിയപ്പോള്‍; ഇതു സുധാകര വിജയം
കെ സുധാകരന്റെ അതീവവിശ്വസ്തന്‍
കണ്ണൂര്‍: കെ. സുധാകരന്റെ അതീവ വിശ്വസ്തനും, കടുത്ത സുധാകരന്‍ ഗ്രൂപ്പ് നേതാവുമായ അഡ്വ. സണ്ണി ജോസഫിന് ഇനി പുതു നിയോഗമാണ്. 2001 ല്‍ സുധാകരന് പിന്നാലെ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായതിന് സമാനമായാണ് സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റാവുന്നത്. അതും സുധാകരന്റെ പിന്തുണയോടെ. തന്നെ മാറ്റുന്നുവെങ്കില്‍ സണ്ണി ജോസഫിനെ കെ പി.സി.സി അദ്ധ്യക്ഷനാക്കണമെന്നായിരുന്നു സുധാകരന്‍ ഹൈക്കമാന്‍ഡിന് മുന്‍പില്‍ വെച്ച നിര്‍ദ്ദേശം. ഇതു അംഗീകരിച്ചതോടെയാണ് കണ്ണൂരില്‍ നിന്നും മറ്റൊരു കെ.പി.സി.സി അദ്ധ്യക്ഷന്‍ കൂടിയുണ്ടാകുന്നത്.
സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡര്‍ എന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് പറഞ്ഞു. 'അതില്‍ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ല. കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പുതിയ ടീം പുതിയ പ്രതീക്ഷ നല്‍കുന്നുണ്ട്. പദവി തീരുമാനം വന്നതിനു പിന്നാലെ ആദ്യം വിളിച്ചത് സുധാകരനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ ഒരാളുടെയും നോമിനി അല്ല. മതേതര കോണ്‍ഗ്രസിന്റ പ്രതിനിധിയാണ്. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ സുധാകരന്‍ പിന്തുണ നല്‍കിയിരുന്നു. താന്‍ പ്രസിഡന്റ് ആയാല്‍ തലയില്‍ കൈ വെച്ചു അനുഗ്രഹിക്കും എന്നു പറഞ്ഞതായും' സണ്ണി ജോസഫ് പറഞ്ഞു.
ഡിസിസി അദ്ധ്യക്ഷനെന്ന നിലയില്‍ മികച്ച പ്രകടനമാണ് സണ്ണി ജോസഫ് കാഴ്ചവച്ചിട്ടുള്ളത്. അഭിഭാഷകനായ സണ്ണി ജോസഫ് കാലങ്ങളായി കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നില്ല. എന്നാല്‍ പാര്‍ട്ടിക്കാര്‍ക്ക് ഇപ്പോഴും സണ്ണി ജോസഫ് എന്നാല്‍ സണ്ണി വക്കീലാണ്. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന അഭിഭാഷകവൃത്തിക്ക് ശേഷമാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തനം മാറ്റിയത്. കെ.എസ്.യു പ്രവര്‍ത്തകനായിട്ടാണ് തുടക്കം. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് കുടുംബത്തിന്റെ വേരുകളെങ്കിലും ഇവര്‍ പിന്നീട് കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ ഇരിട്ടിയിലേക്ക് കുടിയേറി. ഉളിക്കലിന് സമീപം പുറവയലിലേക്കാണ് കുടുംബം കുടിയേറിയത്.
പാര്‍ട്ടിയില്‍ കെ.സുധാകരന്‍ ഉയര്‍ന്നു വരുമ്പോള്‍ തന്നെ പിന്തുണയുമായി കൂടെ നിന്ന നേതാവാണ് സണ്ണി ജോസഫ്. എന്‍. രാമകൃഷ്ണന്‍, പി. രാമകൃഷ്ണന്‍ എ ഗ്രൂപ്പ് നേതാക്കളായ കെ.പി നൂറുദ്ദീന്‍, കെ.സി ജോസഫ് തുടങ്ങിയവര്‍ അടി തെറ്റി വീണത് സുധാകരന് വേണ്ടി സണ്ണി ജോസഫ് ഒരുക്കിയ തന്ത്രങ്ങളിലായിരുന്നു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ ഹൈക്കമാന്‍ഡ് നിയോഗിച്ചത്. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരനെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവാക്കി ആശ്വസിപ്പിച്ചു. നിലവില്‍ പേരാവൂര്‍ എം.എല്‍.എയാണ് സണ്ണി ജോസഫ് നേരത്തെ കണ്ണൂര്‍ ഡി.സി.സി അദ്ധ്യക്ഷനായിരുന്നു. സുധാകരന് പകരക്കാരനായാണ് സണ്ണി ജോസഫിനെ നിയോഗിച്ചത്.
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഉളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ പുറവയലില്‍ വടക്കേക്കുന്നേല്‍ ജോസഫ്, റോസക്കുട്ടി ദമ്പതികളുടെ മൂത്തമകനായി തൊടുപുഴയില്‍ ജനനം. ഉളിക്കല്‍, എടൂര്‍, കിളിയന്തറ സ്‌കൂളുകളില്‍ പഠിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് ഡിഗ്രി പഠനം കഴിഞ്ഞ് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദം.
കേരള യൂണിവേഴ്‌സിറ്റി യൂണിയനംഗവും കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയുമായിരുന്നു. കോഴിക്കോട് ലോ കോളേജില്‍ വിദ്യര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ്സ് പഞ്ചായത്ത് തല കമ്മിറ്റി പ്രസിഡന്റായും തുടര്‍ന്ന് ഇരിക്കൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചു. ഉളിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി താലൂക്ക് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മട്ടന്നൂര്‍, തലശ്ശേരി കണ്ണൂര്‍ കോടതികളില്‍ അഭിഭാഷകനായി ജോലി ചെയ്തു. മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാായും പ്രവര്‍ത്തിച്ചു. നിയമസഭയിലേക്കുള്ള പ്രഥമ മത്സരത്തില്‍ 2011ല്‍ പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ സിറ്റിംഗ് എം എല്‍ എ ശൈലജ ടീച്ചറെ പരജയപ്പെടുത്തി എം എല്‍ എ യായി. വിദ്യാര്‍ത്ഥി ആയിരിക്കുന്ന കാലം തൊട്ട് സാമൂഹിക- സാംസ്‌കാരിക കായിക രംഗങ്ങളില്‍ പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുവാന്‍ സാധിച്ചു. കാര്‍ഷിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് സമരങ്ങളില്‍ സജീവമായിരുന്നു.
ഇരിട്ടി താലൂക്ക് രൂപീകരണ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മൂന്ന് പതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ചു. എം.എല്‍.എ ആയതിനെ തുടര്‍ന്ന് മലയോര താലൂക്കെന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാനും കേരളത്തിലെ താലൂക്കുകള്‍ വിഭജിച്ച് പുതുതായി 12 താലൂക്കുകള്‍ രീപീകരിക്കുന്നതിനുവേണ്ടിയുമുള്ള സര്‍ക്കാര്‍ തീരുമാനമെടുപ്പിക്കുവാന്‍ പ്രയ്ത്‌നിച്ചു.
പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 3-ാം തവണയും വിജയിച്ച് നിലവില്‍ നിയമസഭയിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കുടിയാണ്. അതോടൊപ്പം കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി രാഷ്ട്രീയ കാര്യാ സമിതി അംഗമായി പ്രവര്‍ത്തിച്ചു വരുന്നു. ഭാര്യ എല്‍സി ജോസഫ്, രണ്ട് പെണ്‍കുട്ടികള്‍ ആഷ് റോസ്, ഡോ. അഞ്ചു റോസ്. രണ്ടുപേരുടേയും വിവാഹം കഴിഞ്ഞു. മരുമക്കള്‍ പ്രകാശ് മാത്യു, ഡോ. സാന്‍സ് ബൗസിലി