ആശാ വര്‍ക്കര്‍മാരുമായി ബന്ധപ്പെട്ട് കേരളത്തിന് അധികമായി 15 കോടി നല്‍കിയെന്ന് നഡ്ഡ; വേതന വിഷയത്തില്‍ വീഴ്ച കേരളത്തിന്റേതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; കുടയും ഉമ്മയും ചര്‍ച്ചയാക്കിയ സിഐടിയു അവഹേളനത്തിന് ഡല്‍ഹിയില്‍ ആക്ഷന്‍ ഹീറോയുടെ 'സര്‍ജിക്കല്‍ സട്രൈക്ക്'; പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സുരേഷ് ഗോപി വീണ്ടും സമര പന്തലിലെത്തും; ഇനി സുരേഷ് ഗോപി മോദിയേയും കാണും

Update: 2025-03-04 11:54 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിവേഗ നീക്കവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കിയതായി സുരേഷ് ഗോപി പറഞ്ഞു. ആശ വര്‍ക്കര്‍മാരുമായി ബന്ധപ്പെട്ട് കേരളത്തിന് അധികമായി 120 കോടി രൂപ നല്‍കിയതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നേരത്തെ ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച സുരേഷ് ഗോപി സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിച്ചിരുന്നു. ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിയെയും അറിയിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന തലത്തിലേക്ക് ഈ സമരത്തെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ അവസരമൊരുക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരായ 'സര്‍ജിക്കല്‍ സ്‌ട്രൈക്കാണ്' സുരേഷ് ഗോപി ഡല്‍ഹിയില്‍ നടത്തുന്നത്. തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന സുരേഷ് ഗോപി സമര വേദിയിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണഅ സൂചന.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സുരേഷ് ഗോപി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ആശ വര്‍ക്കര്‍മാരുടെ സമരവും ഇവരുടെ പ്രശ്നങ്ങളും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാന സര്‍ക്കാരാണ് പ്രശ്നപരിഹാരം കാണേണ്ടതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിന് അധികമായി 120 രൂപ കോടി നല്‍കിയതാണെന്നും കേന്ദ്രസര്‍ക്കാരിന് ഒന്നുംചെയ്യാനില്ലെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നമുണ്ടായാലും അതും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആശ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെയും സി.പി.എം. നേതാക്കളുടെയും പ്രതികരണം. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം വിമര്‍ശിക്കുകയുംചെയ്തു.

ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജും പറഞ്ഞിരുന്നു. ആശ വര്‍ക്കര്‍മാര്‍ക്ക് 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി ചൊവ്വാഴ്ച നിയമസഭയിലും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയും പുതിയ ഇടപെടലുമായി രംഗത്ത് വരുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരംചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച സി.ഐ.ടി.യു. നേതാവിന് മറുപടിയുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപി കുട കൊടുത്താല്‍ മാത്രമല്ല, ആശാ വര്‍ക്കര്‍മാര്‍ക്ക് മുത്തം കൊടുത്താലും തെറ്റില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്നറിയില്ലെന്ന സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

'കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കേണ്ടവരാണ് ആശ വര്‍ക്കര്‍മാര്‍. എന്താ തെറ്റുള്ളത്? ഞങ്ങള്‍ അതില്‍ ഒരു അശ്ലീലവും കാണുന്നില്ല. സുരേഷ് ഗോപി കുട കൊടുത്താല്‍ മാത്രമല്ല, മുത്തം കൊടുത്താലും തെറ്റില്ല. മുത്തം കൊടുക്കാന്‍ യോഗ്യരായിട്ടുള്ളവരാണ് ആശാ വര്‍ക്കര്‍മാര്‍. നാടിന്റെ മണിമുത്തുകളാണവര്‍. അവരെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്താല്‍ ഒരു തെറ്റുമില്ല', സുരേന്ദ്രന്‍ പറഞ്ഞു. 'കേന്ദ്രം അനാവശ്യമായി ഒരു പൈസപോലും പിടിച്ചുവെക്കില്ല. കേരള സര്‍ക്കാര്‍ ചെയ്യേണ്ട ഒരുകാര്യവും ചെയ്യാതെ കേന്ദ്രവിരുദ്ധ നിലപാട് സ്വീകരിച്ച് തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആശ വര്‍ക്കര്‍മാര്‍ക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. 2014-ന് മുമ്പ് ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ലഭിക്കുന്നതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ആശ വര്‍ക്കര്‍മാര്‍ക്ക് ഇവിടുത്തേക്കാള്‍ കൂടുതല്‍ കൊടുക്കുന്നു. പതിവ് പല്ലവി വിജയിക്കാന്‍ പോവുന്നില്ല. വീഴ്ച കേന്ദ്രത്തിന്റേത് അല്ല. സംസ്ഥാന സര്‍ക്കാരിന്റേതാണ്', സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 'സമരനായകന്‍ സുരേഷ് ഗോപി സമരകേന്ദ്രത്തില്‍ എത്തുന്നു. എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാന്‍പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോടുകൂടി ഉമ്മകൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലില്‍ വരാന്‍', എന്നായിരുന്നു ഗോപിനാഥിന്റെ വാക്കുകള്‍.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം നിയമസഭയിലും ചര്‍ച്ചയായിട്ടുണ്ട്. വിഷയം അവതരിപ്പിച്ച പ്രതിപക്ഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു. 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍സന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ടെന്നും സംസ്ഥാനം അത് മുടങ്ങാതെ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആശമാരുടെ സമരത്തില്‍ മനുഷ്യത്വപരമായ നിലപാട് വേണമെന്ന് വാശിയുള്ള സര്‍ക്കാരാണിത്. അവര്‍ക്ക് ആദ്യമായി ഉത്സവബത്ത നല്‍കിയത് കേരളമാണ്. വിദ്യാഭ്യാസം നേടുന്നതുവരെ പിന്തുണ നല്‍കി അവരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയെ കടുത്ത ഭാഷയിലാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചത്. 23 ദിവസങ്ങളായി മഴയത്തും വെയിലത്തുംനിന്ന് ആശ വര്‍ക്കര്‍മാര്‍ സമരം ചെയ്തിട്ട് സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് മാങ്കൂട്ടത്തില്‍ പറഞ്ഞു. 700 രൂപ ദിവസ വേതനമുള്ള സംസ്ഥാനത്ത് ആശ വര്‍ക്കര്‍മാര്‍ക്ക് കിട്ടുന്നത് 232 രൂപയാണ്. അവര്‍ക്ക് 700 രൂപ പ്രതിഫലം നല്‍കുമെന്ന് എല്‍.ഡി.എഫിന്റെ 2021-ലെ പ്രകടനപത്രികയില്‍ പറഞ്ഞതാണ്. ആ വാഗ്ദാനത്തിനുവേണ്ടിയാണ് ആ സാധുമനുഷ്യര്‍ സമരം ചെയ്യേണ്ടി വന്നതെന്നും രാഹുല്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഓണറേറിയം 1000 രൂപയാക്കി. അതിന് മുമ്പ് വി.എസിന്റെ കാലത്ത് ഇത് 300 രൂപയായിരുന്നു. അന്ന് അവരുടെ പ്രവൃത്തി സമയം മൂന്ന് മണിക്കൂര്‍ മാത്രമാണ്. അതിനുശേഷം എന്ത് ജോലിക്ക് വേണമെങ്കിലും പോകാം. എന്നാല്‍ ഇന്ന് ഒമ്പത് മുതല്‍ അഞ്ച് വരെയാണ് സമയം. വീട്ടില്‍ വന്ന ശേഷവും ഡാറ്റ എന്‍ട്രി നടത്തണം. മറ്റ് ജോലിക്ക് പോകുന്നത് 2018-ല്‍ നിയമപരമായി നിരോധിക്കുകയും ചെയ്തുവെന്നും രാഹുല്‍ നിയമസഭയില്‍ പറഞ്ഞു. ആരോഗ്യ മന്ത്രി ഇത്രയും കാലമായിട്ട് അവരോടൊന്ന് സംസാരിക്കാന്‍പോലും തയ്യാറായിട്ടില്ല. അവര്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയല്ലേ. ഇത്രയും വനിതകള്‍ അവിടെ സമരം ചെയ്തിട്ട് അവരോടൊന്ന് സംസാരിച്ചതുപോലുമില്ല. അതു മാത്രമല്ല. ആ വനിതകള്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ വീട്ടില്‍ പോയപ്പോള്‍ ഓഫീസ് സമയത്ത് ഓഫീസില്‍ വരാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. ഈ സഭയില്‍ ഇരിക്കുന്ന എല്ലാവരും വീടുവീടാന്തരം കയറി വോട്ട് ചോദിച്ചവരല്ലേ. ഓഫീസ് സമയം നോക്കിയാണോ അന്ന് വോട്ട് ചോദിക്കാന്‍ പോയിരുന്നത്?. പാതിരാത്രിയിലും വെളുപ്പാന്‍ കാലത്തും വോട്ട് ചോദിക്കാന്‍ പോകാം. എന്നാല്‍ ഈ വോട്ട് കിട്ടി വിജയിച്ചപ്പോള്‍ ആ സാധു മനുഷ്യര്‍ക്ക് ഒരാവശ്യം വന്നാല്‍ അത് നടപ്പിലാക്കണമെങ്കില്‍ ഓഫീസ് സമയം വരണമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രി ആ ഓഫീസ് അധികനാള്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കുന്നത് നല്ലതായിരിക്കും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പടിക്കല്‍ സമരം നടന്നിട്ട് മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയോ? എന്താണ് ഒരു ജനകീയ സമരത്തേയും അഡ്രസ് ചെയ്യില്ലെന്ന നിലപാടുമായി മുഖ്യമന്ത്രി ഇരിക്കുന്നത്. മുഖ്യമന്ത്രി അവരെ കണ്ടില്ലെങ്കിലും അവരുടെ മുന്നില്‍കൂടി കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ പോയി.

ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്നത് കേരളത്തിലാണെന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. അവര്‍ പഠിച്ച ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഇല്ലേ. അവിടെ 10000 രൂപയാണ് ഓണറേറിയം. ബംഗാളില്‍ അവരുടെ വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷം രൂപയാണ്. ഇവരെ അവിടെനിന്ന് കല്ലെറിഞ്ഞ് ഓടിച്ചതുകൊണ്ടാണ് അവര്‍ക്ക് ഇപ്പോള്‍ 5 ലക്ഷം കിട്ടുന്നത്.'-രാഹുല്‍ പറഞ്ഞു. എസ്.യു.സി.ഐയുടെ നാവായി പാലക്കാട് എം.എല്‍.എ മാറിയത് ഗതികേടായിട്ടാണ് കാണുന്നതെന്ന് മന്ത്രി മറുപടി നല്‍കി. 'ഞാന്‍ പഠിച്ചത് കേരളത്തിലെ സ്‌കൂളിലും കോളേജുകളിലുമാണ്. എന്റെ കൈയില്‍ സിക്കിം സര്‍ക്കാരിന്റെ ഉത്തരവുണ്ട്. അതില്‍ ഓണറേറിയമായി കാണിച്ചിരിക്കുന്നത് 6000 രൂപ എന്നാണ്. അത് വിശ്വസിക്കുക എന്നത് മാത്രമാണ് തത്ക്കാലം നമുക്ക് ചെയ്യാന്‍ പറ്റുന്നത്. മന്ത്രി ചര്‍ച്ച നടത്തിയില്ല എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. 15-ാം തിയ്യതി രാവിലെ പത്ത് മണിക്ക് അവര്‍ എന്റെ ഓഫീസിലെത്തി. 11.40 വരെ അവരുമായി വിശദമായി ചര്‍ച്ച നടത്തി. 2012-13-ല്‍ ഓണറേറിയമായിട്ട് ഒന്നും കൊടുത്തിരുന്നില്ല. 2014-15-ല്‍ 1.17% ആണ് ഓണറേറിയം കൊടുത്തത്. 2016-17 മുതല്‍ ഓണറേറിയം കൂടിവന്നു. 2024-25-ല്‍ ബജറ്റില്‍ അനുവദിച്ചത് 159 കോടിയാണ്. പക്ഷേ ചെലവാക്കിയത് 211 കോടി രൂപയാണ്. ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ കോടികള്‍ ഓണറേറിയമായി നല്‍കിയിട്ടുണ്ടെന്ന് ഇതില്‍നിന്ന് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.

Similar News