കരുവന്നൂരിലെ നിക്ഷേപം കിട്ടാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ...! മുഖ്യമന്ത്രിയെ തിരക്കി പോകാന്‍ പറ്റുമോയെന്ന് വയോധികയുടെ ചോദ്യം; എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി; 'ഞങ്ങളുടെ മന്ത്രിയല്ലേ സര്‍ നിങ്ങള്‍' എന്ന ചോദ്യത്തിന് രാജ്യത്തിന്റെ മന്ത്രിയെന്ന് മറുപടിയും; കേന്ദ്രമന്ത്രിയുടെ ഇരിങ്ങാലക്കുടയിലെ കലുങ്കുസഭയിലും വിവാദം
കരുവന്നൂരിലെ നിക്ഷേപം കിട്ടാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ...!
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ കലുങ്കു സഭയിലും വിവാദം. നേരത്തെ കൊച്ചു വേലായുധന്‍ എന്നയാളുടെ നിവേദനം സുരേഷ് ഗോപി സ്വീകരിക്കാന്‍ വിസമ്മതിച്ച സംഭവം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംഭവവും വിവാദമായത്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപി നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞത്. മനോരമയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.
ഇന്നു രാവിലെ ഇരിങ്ങാലക്കുടയില്‍ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോ എന്നാണു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയോട് വയോധിക ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്ന് സുരേഷ് ഗോപി മറുപടി നല്‍കി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോ എന്നു വയോധിക ചോദിച്ചു. ഇതോടെ 'എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു.
''കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇ.ഡി പിടിച്ചെടുത്ത പണം തിരികെ തരാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഇ.ഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങള്‍ക്കു തരാനുള്ള സംവിധാനം ഒരുക്കാന്‍ തയാറുണ്ടെങ്കില്‍, ആ പണം സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാന്‍ ഇത് പറയുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ എംഎല്‍എയെ കാണൂ'' സുരേഷ് ഗോപി പറഞ്ഞു.
ഇതോടെയാണ് മുഖ്യമന്ത്രിയെ തിരക്കി പോകാന്‍ തനിക്ക് പറ്റുമോ എന്ന് വയോധിക ചോദിച്ചത്. ഉടന്‍ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ, ''എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ,. നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്''. ഇതോടെ ചുറ്റും കൂടിനിന്നവര്‍ എല്ലാം പൊട്ടിച്ചിരിക്കുകയും ചെയ്തു. എന്നാല്‍, വയോധിക വീണ്ടും മന്ത്രിയോട് ചോദ്യങ്ങള്‍ ഉയര്‍ത്തി.
'ഞങ്ങളുടെ മന്ത്രിയല്ലേ സര്‍ നിങ്ങള്‍' എന്ന് വയോധിക ചോദിച്ചതോടെ വീണ്ടും മറുപടി എത്തി. ''അല്ല. ഞാന്‍ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. ഞാന്‍ അതിനുള്ള മറുപടിയും നല്‍കി കഴിഞ്ഞു. നിങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാന്‍ പറയൂ. എന്നിട്ട് നിങ്ങള്‍ക്ക് വീതിച്ച് തരാന്‍ പറയൂ'' സുരേഷ് ഗോപി പറഞ്ഞു. വയോധിക സാന്ദര്‍ഭികമായി കാര്യങ്ങള്‍ ചോദിച്ചതാണോ അതോ മറ്റാരെങ്കിലും പറഞ്ഞു വിട്ടതാണോ എന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല.
അതേസമയം വയോധികന്റെ അപേക്ഷ നിരസിച്ച സംഭവത്തില്‍ കൂടുതല്‍ വിശദീകരണവും സുരേഷ് ഗോപി ഇന്ന് നല്‍കിയിരുന്നു. കൈപ്പിഴ സംഭവിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കലുങ്ക് ചര്‍ച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈപ്പിഴകള്‍ ഉയര്‍ത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമമെന്നും അത് നടക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സംവാദം നടക്കുന്നതിനിടെ കൊച്ചുവേലായുധനെന്ന വയോധികന്‍ നല്‍കിയ അപേക്ഷയാണ് കേന്ദ്രമന്ത്രി നിരസിച്ചത്. ഇതിന്റെ വീഡിയോകള്‍ ഏറെ ചര്‍ച്ചയായതാണ്. വേലായുധന്‍ ചേട്ടന് വീട് കിട്ടിയല്ലോ, സന്തോഷമുണ്ട്. കൊച്ചുവേലായുധന്മാരെ ഇനിയും കാണിച്ചുതരാമെന്നും സുരേഷ് ഗോപി പറഞ്ഞു. വേലായുധന്‍ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും, പാര്‍ട്ടിയെക്കൊണ്ട് നടപടി എടുപ്പിക്കും.
വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടുമെന്നും സുരേഷ് ഗോപി മറ്റൊരു കലുങ്ക് സൗഹൃദ സംവാദത്തിനിടെ പ്രതികരിച്ചു.'നാല് ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തുമെന്നും സുരേഷ് ഗോപി അറിയിച്ചു. നിവേദനങ്ങള്‍ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏല്‍പിക്കണം. വ്യക്തിപരമായ ആവിശ്യങ്ങള്‍ക്കല്ല. സമൂഹത്തിനാണ് ഒരു ജനപ്രതിനിധി. കലുങ്ക് സംവാദം സൗഹൃദ വേദിയാണ്. എതിര്‍ക്കുന്നവര്‍ക്കെല്ലാം ഇതൊരു തീവ്രശക്തിയായി മാറും. ഇത് താക്കീതല്ല അറിയിച്ചാണ്.അധികാര പരിധിയില്‍ എന്തുചെയ്യാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ധാരണയുണ്ട്.
എംപി സ്ഥാനത്ത് ഇരുന്നുകൊണ്ട് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്നാണ് മറ്റൊരു ആരോപണം. എന്തിന് സിനിമയില്‍ നിന്ന് ഇറങ്ങണം, സിനിമയില്‍ നിന്ന് ഇറങ്ങാന്‍ സൗകര്യമില്ല. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്'- സുരേഷ് ഗോപി പറഞ്ഞു.