മോദിയുടെ മേല്‍നോട്ടത്തില്‍ ശബരിമല വരണമെങ്കില്‍ ജനങ്ങള്‍ തീരുമാനിക്കണം; അപ്പോള്‍ അവിടെ മോഷണം പോയിട്ട് ഒന്നുതൊട്ടുനോക്കാന്‍ പോലും കഴിയാതെ വരും; തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിക്കാന്‍ ബിജെപിക്ക് ആവണം; പരാതി നല്‍കിയത് എന്റെ വീട്ടിലെയും പെണ്‍കുട്ടി: സുരേഷ് ഗോപി പറയുന്നു
മോദിയുടെ മേല്‍നോട്ടത്തില്‍ ശബരിമല വരണമെങ്കില്‍ ജനങ്ങള്‍ തീരുമാനിക്കണം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേല്‍നോട്ടത്തില്‍ ശബരിമല വരണമെങ്കില്‍ അതിന് ജനങ്ങള്‍ തീരുമാനിക്കണമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. അപ്പോള്‍ അവിടെ മോഷണം പോയിട്ട് ഒന്നുതൊട്ടുനോക്കാന്‍ പോലും കഴിയാതെ വരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ഉത്തരവാദിത്തമാണ് രാജ്യത്തിനുവേണ്ടി ശരിയായി വോട്ട് ചെയ്യുക എന്നത്. കോര്‍പറേറ്റീവ് ഫെഡറലിസം ജനങ്ങളെ ദ്രോഹിക്കുന്ന ഭൂതമായാണ് താന്‍ കാണുന്നത്.
ശബരിമല കേന്ദ്രത്തിന് എടുത്തുകൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ അത് പറ്റില്ല. പിണറായി കുഴപ്പമാക്കി, വാസവന്‍ കുഴപ്പമാക്കി എന്ന് പറയുന്നു. മോദി ശബരിമല എടുക്ക് എന്ന് പറഞ്ഞാല്‍ അതിന് പറ്റുമോ, ജനങ്ങളാണ് അത് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ വിവിധ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡിജിപി ശ്രീലേഖയ്ക്കു പ്രചരണത്തിനിറങ്ങിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''58 പേരുമായി തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിക്കാന്‍ ബിജെപിക്ക് ആവണം. അല്ലാതെ വലിയ ഒറ്റക്കക്ഷി എന്നതിലൊന്നും ഞാന്‍ തൃപ്തനാവില്ല. ഒന്നോ രണ്ടോ മൂന്നോ പേരൊക്കെ ആണെങ്കില്‍ തട്ടിക്കളയാന്‍ പോലും അവര്‍ക്ക് രാഷ്ട്രീയ അധമസംസ്‌കാരമുണ്ട്. കൊല്ലത്തെ അവസ്ഥ അറിയില്ലേ. കിരണ്‍ ബേദിക്ക് സാധിക്കാത്തത് ശ്രീലേഖയ്ക്ക് സാധിക്കട്ടെ. രാജീവ് ചന്ദ്രശേഖര്‍ കണ്ട ഒരു സ്വപ്നത്തെ ഇവിടത്തെ വിദ്യാഭ്യാസ മന്ത്രി അവഹേളിച്ചു. ഒളിംപിക്സ് ഭാരതത്തില്‍ വരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കില്‍ വരും. കേരളം അതിനു സജ്ജമാകണം. കേരളത്തിലെ സജ്ജതയുടെ മികവിലാണ് വേദിയുടെ കാര്യത്തില്‍ തീരുമാനം വരേണ്ടത്.
കൊച്ചിയിലെ സ്റ്റേഡിയത്തിന്റെയും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെയും അവസ്ഥ ഇപ്പോള്‍ എന്താണ് ? ഗ്രീന്‍ഫീല്‍ഡ് പിന്നെയും ഭേദമാണ്. ഇന്ത്യയില്‍ സുഗമമായി ഒളിംപിക്സ് നടന്നുവെന്ന് ലോകത്തിനു കാണിച്ചുകൊടുക്കണമെങ്കില്‍ 28 സംസ്ഥാനങ്ങളും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഒരുങ്ങണം. അവിടെയാണ് ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാരിന്റെ ഗുണം മനസിലാകുന്നത്. ഒളിംപിക്സ് ഭാരതത്തില്‍ സംഭവിക്കുമെങ്കില്‍ കേരളത്തിലും വരണം. അതിനു തുടക്കം കുറിക്കുന്നത് ഇവിടുത്തെ കോര്‍പറേഷന്‍ ഓഫിസില്‍ നിന്നാകട്ടെ. ആറ്റുകാല്‍ പൊങ്കാലയുടെ അടുപ്പു കൂട്ടുന്ന ചുടുകട്ടകൊണ്ട് സ്റ്റേഡിയം ഉണ്ടാക്കാനാകില്ല.
ഒരു തോളില്‍ കൈവച്ചതിനു നിങ്ങള്‍ എല്ലാവരും എന്റെ ഒറ്റുകാരായില്ലേ. എന്നിട്ട് എന്തായി ? ജനങ്ങള്‍ തീരുമാനിച്ചില്ലേ. ജനാധിപത്യ ക്ഷേത്രത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. എയിംസ് കേരളത്തില്‍ എവിടെ വേണമെങ്കിലും വരാം. ആലപ്പുഴയുടെ നിലവിലെ അവസ്ഥ എന്താണെന്ന് നോക്കണം. തൃശൂരിലെ ജനങ്ങള്‍ ചരിത്രരചനയാണ് നടത്തിയത്. എന്നാല്‍, അവര്‍ക്കാണ് അവകാശപ്പെട്ടതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. ഞാനൊരു നിലപാടാണ് പറഞ്ഞത്. ആലപ്പുഴയില്‍ എയിംസ് കൊണ്ടുവരുമെന്നല്ല ഞാന്‍ പറഞ്ഞത്. കേരളത്തില്‍ എവിടെ വേണമെങ്കിലും വന്നോട്ടെ'' സുരേഷ് ഗോപി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡനപരാതി വലിയ വിഷയം തന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ആ പെണ്‍കുട്ടി എന്റെ വീട്ടിലെയും പെണ്‍കുട്ടിയാണ്. അത് നിയമപരമായതാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇങ്ങനെയുള്ള വിഷയം ബാധിക്കാന്‍ പാടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
