'പേരിന്റെ അര്‍ത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്; വെള്ളം കുടിച്ചുമരിച്ചാല്‍ ഭാഗ്യം': രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് അതിജീവിതനൊപ്പമെന്ന് ഫേസ്ബുക്ക് ലൈവിട്ട ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ്; ശ്രീനാദേവിക്ക് എതിരെ കേസെടുക്കണമെന്ന് അതിജീവിതയുടെ പരാതി ഡിജിപിക്ക്

ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ്

Update: 2026-01-13 14:01 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയായ യുവതി, കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. അതിനിടെ, പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ഫെയ്സ്ബുക്ക് ലൈവിട്ട ശ്രീനാദേവി കുഞ്ഞമ്മയെ രൂക്ഷമായി പരിഹസിച്ച് ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ് രംഗത്തെത്തി.

യുവതിയുടെ വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തുകയും കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍. ഈ വിഷയങ്ങളില്‍ വിശദമായ സൈബര്‍ സെല്‍ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കൂടാതെ, തനിക്കും സത്യം തുറന്നുപറയാന്‍ ധൈര്യപ്പെടുന്ന മറ്റ് സ്ത്രീകള്‍ക്കും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പരാതിക്കാരി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പരാതിയുടെ പൂര്‍ണരൂപം

'ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നില്‍ വിചാരണ ചെയ്യാന്‍ അവകാശമില്ല. ആര്‍. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഞാന്‍ താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. അവരുടെ ഫേസ്ബുക്ക് വീഡിയോ പിന്‍വലിക്കുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും വേണം. അതിജീവിതയെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണം.

അനില്‍ തോമസിന്റെ രൂക്ഷവിമര്‍ശനം

ശ്രീനാദേവിയുടെ ലൈവിന് പിന്നാലെ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ് ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായി. ശ്രീനാദേവിയുടെ പേരിന്റെ അര്‍ത്ഥത്തിന് വിപരീതമാണ് അവര്‍ പറയുന്ന കാര്യങ്ങളെന്ന് അനില്‍ തോമസ് വിമര്‍ശിച്ചു.

Full View

പേരിന്റെ അര്‍ത്ഥത്തിന് വിപരീതമായ കാര്യങ്ങളാണ് കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം വിമര്‍ശിച്ചു. വെള്ളം കുടിച്ച് മരിച്ചാല്‍ ഭാഗ്യമെന്നും വിമര്‍ശനം.

അതിജീവിതന് ഒപ്പമെന്ന് ശ്രീനാദേവി കുഞ്ഞമ്മ

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച ശ്രീനാദേവി കുഞ്ഞമ്മയുടെ വാക്കുകള്‍ ഇങ്ങനെ:

'രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍, വരട്ടെ, കോടതി തീരുമാനിക്കട്ടെ. അതിനുശേഷം നമുക്ക് തീരുമാനിക്കാം. വാര്‍ത്തകള്‍ ഒരുപാട് എഴുതിപ്പിടിപ്പിക്കുന്ന മാധ്യമങ്ങള്‍ അതിന്റെ വസ്തുത അറിയുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കണം. കുടുംബം ഒരാള്‍ക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട് എന്ന് ആലോചിക്കണം. അതുകൊണ്ട്, പുരുഷനും സ്ത്രീക്കും തുല്യനീതി വേണം. അതില്‍ രണ്ടുപേരും ഒരുപോലെ ചതുക്കപ്പെടുന്നുവെങ്കില്‍ ഉറപ്പായും സ്ത്രീക്ക് കുറച്ചുകൂടി പരിഗണന കൊടുക്കണം എന്നാണ് നമ്മുടെ നിയമങ്ങള്‍ പറയുന്നത്.' അവര്‍ അഭിപ്രായപ്പെട്ടു.


Full View

'ആ പരിഗണന ലഭിച്ചാല്‍ മാത്രമേ ഈ സമൂഹത്തില്‍ സ്ത്രീക്ക് മുന്നോട്ടുപോകാന്‍ സാധിക്കൂ. അതേ പരിഗണനയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിജീവിതന്റെ ഒപ്പമുള്ള യാത്രയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നീതി അര്‍ഹിക്കുന്ന അതിജീവിതരുടെ ഒപ്പം ഉറപ്പായും ഉണ്ടാകും. രാഹുലിന്റെ വിഷയത്തില്‍ ഒരുപാടുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ ആരാണ് ശരി. തെറ്റുകാരനെന്ന് നിയമം പ്രഥമദൃഷ്ട്യാ കണ്ടതുകൊണ്ടാണ് രാഹുല്‍ അഴിക്കുള്ളിലായത്.' ശ്രീനാദേവി പറഞ്ഞു.

'അതിന്റെ അര്‍ഥം രാഹുലിനെ തെറ്റുകാരനായി കണ്ടെത്തി എന്നല്ല, സ്ത്രീക്ക് പ്രഥമ പരിഗണന കൊടുത്തു എന്നാണ്. അപ്പോള്‍, ഇതില്‍ ആരാണ് ശരി എന്ന ചോദ്യം വളരെ പ്രസക്തമാണ്. ബന്ധങ്ങളുടെ വില നമ്മള്‍ കുറച്ചുകൂടി ഓര്‍ക്കണം. കോടതി വിധി വന്നാല്‍ മാത്രമേ ഇതിലൊക്കെ വ്യക്തത വരുള്ളൂ. അപ്പോള്‍, എന്റെ കാഴ്ചപ്പാടുകളില്‍ തെറ്റുവന്നതായി മനസിലാക്കിയാല്‍ അത് മാറ്റും. മറ്റുള്ളവരുടെ അഭിപ്രായങ്ങളാണ് തെറ്റെങ്കില്‍ അതും മാറണം. അതുവരെ ക്രൂശിക്കപ്പെടാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും അര്‍ഹിക്കുന്നില്ല, അതിജീവിതമാരും അര്‍ഹിക്കുന്നില്ല.' അവര്‍ പറഞ്ഞു.

'രണ്ടുകൂട്ടരും ക്രൂശിക്കപ്പെടുകയല്ല, ശരിയായ കാര്യം എന്താണെന്ന് കണ്ടെത്തുകയാണ് വേണ്ടത്. ആരും ആരേയും മാനിപുലേറ്റ് ചെയ്യരുത്, മിസ് യൂസ് ചെയ്യരുത്, അതിന്റെ ശരം ഒരാളുടെ പദവിയിലേക്ക് കൊണ്ടെത്തിക്കാന്‍ ശ്രമിക്കരുത്.' ശ്രീനാദേവി വ്യക്തമാക്കി.

അടുത്തിടെയാണ് ശ്രീനാദേവി കുഞ്ഞമ്മ യുഡിഎഫിലേക്ക് എത്തിയത്. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായത്. പത്തനംതിട്ടയിലെ ഒരു ഹോട്ടലില്‍ വെച്ച് 2024 ഏപ്രില്‍ 24-നാണ് ബലാത്സംഗം നടന്നെന്നാണ് യുവതിയുടെ പരാതി. ബലാത്സംഗവും ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കോള്‍ റെക്കോഡിങ്ങുകള്‍ അടക്കമുള്ള ശബ്ദരേഖകളും ചാറ്റിങ് റെക്കോഡുകളും അടക്കം നിരവധി ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി പോലീസിന് കൈമാറി.

അതിനൊപ്പം മെഡിക്കല്‍ രേഖകളും കൈമാറിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഗര്‍ഭാവസ്ഥയില്‍ ഡോക്ടറെ കണ്ടതും ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട ചികിത്സാ രേഖകളുമെല്ലാം പരാതിക്കാരി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അലസിപ്പോയ ഗര്‍ഭത്തിന്റെ ഭ്രൂണാവശിഷ്ടം തെളിവിനായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നാണ് പരാതിക്കാരി മൊഴിയില്‍ പറയുന്നത്.

Tags:    

Similar News