മുംബൈ ഭീകരാക്രമണക്കേസ്; പ്രതി തഹാവൂര്‍ റാണയെ കൊച്ചിയിലെത്തിക്കും; കൊച്ചിയില ഇയാളെ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായി വിവരം; ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സിയുടെ നീക്കം; റാണ ഇതിന് മുന്‍പും കേരളത്തില്‍ എത്തിയിരുന്നോ എന്ന വിവരങ്ങളും അന്വേഷിക്കും

Update: 2025-04-13 00:25 GMT

കൊച്ചി: 2008-ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂര്‍ ഹുസൈന്‍ റാണയെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കൊച്ചിയിലെത്തച്ച് ചോദ്യം ചെയ്യും. യുഎസില്‍ നിന്നു ഇന്ത്യക്ക് കൈമാറിയ റാണയെ എന്‍ഐഎയുടെ പ്രത്യേക അന്വേഷണസംഘം ഡല്‍ഹിയില്‍ ചോദ്യം ചെയ്തതിന് ശേഷമാണ് കേരളത്തിലേക്ക് മാറ്റുന്നത്. കൊച്ചി എന്‍ഐഎ യൂണിറ്റിലെ ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയില്‍ സജീവമായിട്ടുണ്ട്.

റാണ കൊച്ചിയില്‍ തങ്ങിയിരുന്ന സാഹചര്യങ്ങള്‍ സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. 2008 നവംബര്‍ 16,17 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് റസിഡന്‍സിയിലാണ് റാണ താമസിച്ചത്. അദ്ദേഹം ഇവിടെ ആരെയൊക്കെയാണു കണ്ടത്, സന്ദര്‍ശന ലക്ഷ്യം എന്തായിരുന്നുവെന്നത് വ്യക്തമാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

റാണയെ സഹായിച്ച ഒരാള്‍യെ കൊച്ചിയില്‍ നിന്നു എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും ഒരുമിച്ച് ചോദ്യം ചെയ്താണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമം. പ്രാഥമിക അന്വേഷണത്തില്‍, കൊച്ചിയില്‍ റാണ 13 പേരുമായി നേരിട്ടോ മറ്റോ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

തഹാവൂര്‍ റാണ മുന്‍കാലങ്ങളില്‍ കേരളത്തില്‍ മറ്റ് സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ടോ, മറ്റ് ബന്ധങ്ങള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ വിധേയമാണ്. റാണയുടെ പേരില്‍ ഒരു വിദേശ റിക്രൂട്ട്മെന്റ് പരസ്യം ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതായും, ഹോട്ടല്‍ മുറിയില്‍ ഇന്റര്‍വ്യൂ നടത്തപ്പെട്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News