വിശുദ്ധ തെരേസയുടെ ഭൗതിക ദേഹം വീണ്ടും പുറത്തെടുത്തു; 442 വര്‍ഷം കഴിഞ്ഞിട്ടും ദൗതിക ശരീരത്തിന് മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍

സ്പെയിനിലെ ഒരു പള്ളിയില്‍ അടക്കം ചെയ്തിരുന്ന അവരുടെ ഭൗതികദേഹം കഴിഞ്ഞ മാസം അവസാനമാണ് പരിശോധനക്കായി പുറത്തെടുത്തത്.

Update: 2024-09-11 11:15 GMT

മാഡ്രിഡ്: ശാസ്ത്രം എത്രയൊക്കെ വളര്‍ന്നാലും നമുക്ക് ചില വിശ്വാസങ്ങള്‍ പ്രവഞ്ചത്തില്‍ അങ്ങനെ നില്‍ക്കും. ഏതാണ്ട് 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ നിന്ന് വിട വാങ്ങിയ വിശുദ്ധ തെരേസയുടെ ഭൗതിക ദേഹം ഇപ്പോള്‍ പുറത്തെടുത്ത് പരിശോധിക്കുമ്പോള്‍ ശരീരത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ശരിക്കും ഒരത്ഭുത പ്രവര്‍ത്തിയായി മാറുകയാണെന്നാണ് കത്തോലിക്കാ വിശ്വാസികള്‍ പറയുന്നത്. 1582 ലാണ് ആവിലായിലെ വിശുദ്ധ തെരേസ അന്തരിക്കുന്നത്. സ്പെയിനിലെ ഒരു പള്ളിയില്‍ അടക്കം ചെയ്തിരുന്ന അവരുടെ ഭൗതികദേഹം കഴിഞ്ഞ മാസം അവസാനമാണ് പരിശോധനക്കായി പുറത്തെടുത്തത്.

നേരത്തേ 1914 ലും ഇവരുടെ ഭൗതിക ശരീരം പുറത്തെടുത്തിരുന്നു. അന്നെടുത്ത ബ്ലാക്ക് ആന്‍ഡ് ചിത്രങ്ങളുമായി ഇന്നത്തെ അവരുടെ ശരീരഭാഗങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചു എങ്കിലും ചിത്രങ്ങള്‍ മങ്ങിപ്പോയത് കാരണം ഇത്തരത്തിലുള്ള ഒരു പരിശോധന എളുപ്പമല്ല എന്നാണ് ഗവേഷകര്‍ പറയുന്നത്. ഓഗസ്റ്റ് 28-ന് സ്പെയിനിലെ ആവില രൂപതയില്‍ വെച്ച് ജനറല്‍ പോസ്റ്റുലേറ്ററായ മാര്‍ക്കോ ചീസയാണ് സെന്റ് തെരേസയുടെ ഭൗതികദേഹം പുറത്തെടുത്തത്.

അവരുടെ മുഖത്തിനും മറ്റും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്നാണ് പരിശോധിച്ച വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ചെസ്സ് കളിക്കാര്‍, ലേസ് നിര്‍മ്മാതാക്കള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ , കരുണ ആവശ്യമുള്ളവര്‍, ഭക്തിയുടെ പേരില്‍ പരിഹസിക്കപ്പെട്ടവര്‍, രോഗികള്‍ എന്നിവരുടെ രക്ഷാധികാരിയാണ് സെന്റ് തെരേസ. ഒരു സ്പാനിഷ് കന്യാസ്ത്രീയായിരുന്ന അവര്‍ 1970-ല്‍ സഭയുടെ ഡോക്ടറായി ഉയര്‍ത്തപ്പെട്ട ആദ്യത്തെ വനിതയായി.

സഭയുടെ വിശ്വാസരീതികള്‍ക്ക് അവര്‍ നല്‍കിയ നിര്‍ണായക സംഭാവനകള്‍ക്ക് മരണമടഞ്ഞ വിശുദ്ധര്‍ക്ക് നല്‍കിയ ബഹുമതിയാണിത്. 1622 മാര്‍ച്ചിലാണ് വിശുദ്ധ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. അവരുടെ ഭൗതിക ശരീരം മരണശേഷം ജീര്‍ണിക്കുന്ന പ്രക്രിയയ്ക്ക് വിധേയമായിട്ടില്ല. വിശുദ്ധയുടെ ഭൗതികാവശിഷ്ടങ്ങള്‍ സംരക്ഷിക്കാന്‍ രൂപത ഒട്ടേറെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇവരുടെ ഭൗതികദേഹം പുറത്തെടുക്കുന്നതിനായി 10 താക്കോലുകള്‍ ആവശ്യമാണ്.

മൂന്ന് താക്കോലുകള്‍ ആല്‍ബയിലെ ഡ്യൂക്കിന്റെ കൈവശമാണ് മൂന്നെണ്ണം ആല്‍ബ ഡി ടോര്‍ംസ് നഗരത്തിന്റെ കൈവശമുണ്ട്, കൂടാതെ റോമിലെ ഡിസ്‌കാള്‍ഡ് കാര്‍മലൈറ്റ് ഫാദര്‍ ജനറലിന്റെ കൈവശം മൂന്ന് താക്കോലുകളുണ്ട്. പത്താമത്തെ താക്കോല്‍ രാജാവിന്റെ താക്കോല്‍ എന്നറിയപ്പെടുന്നു. പുറത്തെ ഗേറ്റ് തുറക്കാന്‍ മൂന്ന് താക്കോലുകള്‍,ശവകുടീരം തുറക്കാന്‍ മൂന്ന് താക്കോലുകള്‍ ശവപ്പെട്ടി തുറക്കാന്‍ നാല് താക്കോലുകള്‍ എന്നിങ്ങനെയാണ് താക്കോലുകളുടെ കണക്ക്.

വിശുദ്ധയുടെ ഭൗതികാവശിഷ്ടങ്ങള്‍ അടച്ചിട്ട മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ ഡോക്ടര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും ഒരു വലിയസംഘം പരിശോധനകള്‍ നടത്തുകയും അവശിഷ്ടങ്ങളുടെ ഫോട്ടോയും എക്സ്-റേയും എടുക്കുകയും ചെയ്യും. സാമ്പിളുകള്‍ ഇറ്റലിയിലെ ഒരു ലാബിലേക്ക് അയയ്ക്കും.തന്റെ കഷ്ടപ്പാടുകള്‍ക്കും ശാരീരിക വൈകല്യങ്ങള്‍ക്കും ഇടയിലും സേവനവുമായി മുന്നോട്ട് പോകാനാണ് സെന്റ് തെരേസ ആഗ്രഹിച്ചിരുന്നു എന്നാണ് സഭാ അധികൃതര്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News