സൈനിക വേഷം ധരിച്ചെത്തി തുരുതുരാ നിറയൊഴിച്ചു; ജമ്മു-കശ്മീരില്‍ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകള്‍ക്ക് നേരേ ഭീകരാക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു; പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരം; ആക്രമണം മിനി സ്വിറ്റ്‌സര്‍ലണ്ട് എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍; സൗദിയില്‍ നിന്ന് അമിത്ഷായെ വിളിച്ച് മോദി; കശ്മീരിലെത്താന്‍ നിര്‍ദ്ദേശം

ജമ്മു-കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Update: 2025-04-22 12:43 GMT

പഹല്‍ഗാം: ജമ്മു-കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സുരക്ഷാ സേനയും മെഡിക്കല്‍ സംഘങ്ങളും സ്ഥലത്തേക്ക് പാഞ്ഞെത്തി. പഹല്‍ഗാമിലെ ബെയ്‌സരണ്‍ താഴ് വരയില്‍ വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു. ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങി. ഈ സ്ഥലത്ത് കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ എത്താന്‍ കഴിയുകയുള്ളു.


ട്രെക്കിങ്ങിനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നു ഭീകരര്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരിക്കേറ്റവരില്‍ മൂന്നുപേര്‍ പ്രദേശവാസികളാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ചോപ്പര്‍ ഏര്‍പ്പെടുത്തി. പുല്‍മേടുകളില്‍ നിന്ന് പോണികളുടെ പുറത്ത് കയറ്റിയാണ് പരിക്കേറ്റവരെ നാട്ടുകാര്‍ പുറത്തെത്തിച്ചത്.



കാടുകളും, പുല്‍മേടുകളും, തെളിനീര്‍ തടാകങ്ങളും നിറഞ്ഞ മിനി സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് പഹല്‍ഗാം. താഴ് വരയിലെ ടൂറിസ്റ്റ് സീസണ്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കെയാണ് തീവ്രവാദി ആക്രമണം ഉണ്ടായിരിക്കുന്നത്. അമര്‍നാഥ് യാത്രയ്ക്കായുള്ള രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം. 38 ദിവസം നീളുന്ന തീര്‍ഥാടനം ജൂലൈ 3 നാണ് തുടങ്ങുന്നത്. രണ്ടുറൂട്ടുകളാണുള്ളത്. ഒന്ന് 48 കിലോമീറ്റര്‍ നീളുന്ന അനന്തനാഗ് ജില്ലയിലെ പഹല്‍ഗാം വഴിയും മറ്റൊന്ന് ഗന്ധര്‍ബാല്‍ ജില്ലയിലെ 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബല്‍ട്ല്‍ റൂട്ടും.

ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. സന്ദര്‍ശകര്‍ക്ക് നേരേയുള്ള ആക്രമണം തീര്‍ത്തും നിന്ദ്യവും, മനുഷ്യത്വരഹിതവും, അപലപനീയവുമാണ്, മുഖ്യമന്ത്രി പറഞ്ഞു. സമീപവര്‍ഷങ്ങളില്‍ സാധാരണക്കാര്‍ക്ക് നേരേയുണ്ടായ ഭീകരാക്രമണങ്ങളേക്കാള്‍ വലിയതോതിലുള്ളതാണ് ഇന്നത്തെ ആക്രമണമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

ജമ്മു-കശ്മീരില്‍ നിന്ന് ഭീകരവാദത്തെ പൂര്‍ണമായി തുടച്ചുനീക്കണമെന്ന് അടുത്തിടെ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിര്‍ദ്ദേശിച്ചിരുന്നു. നുഴഞ്ഞുകയറ്റം തരിമ്പുപോലും വച്ചുപൊറുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സൗദി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായെ വിളിച്ച് സ്ഥിതഗതികള്‍ വിലയിരുത്തി. സ്ഥലം സന്ദര്‍ശിക്കാനും അദ്ദേഹം ഷായോട് ആവശ്യപ്പെട്ടു.

വിനോദ സഞ്ചാരികള്‍ക്ക് നേരേ ഈ വര്‍ഷം നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമാണിത്. ഇതിനുമുമ്പ് കഴിഞ്ഞ വര്‍ഷം മെയിലാണ് ടൂറിസ്റ്റുകള്‍ക്ക് നേരേ ആക്രമണം ഉണ്ടായത്. അതും പഹല്‍ഗാമിലായിരുന്നു.

Tags:    

Similar News