കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ട് സൈനിക വിമാനത്തില്‍ ഇന്ത്യാക്കാരെ ഇനി അയയ്ക്കരുതെന്ന് അടച്ചിട്ട മുറിക്കുള്ളില്‍ മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകും; മോദിയോട് വിലപേശല്‍ എളുപ്പമല്ലെന്ന് ട്രംപ് പറഞ്ഞുവെങ്കില്‍ അതുവെറുതെയാവില്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി തരൂര്‍ വീണ്ടും കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു
മോദിയെ പുകഴ്ത്തി തരൂര്‍ വീണ്ടും കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ പുകഴ്ത്തി ശശി തരൂര്‍ എംപി. ഇക്കാര്യത്തില്‍ അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും തരൂര്‍ വിശദീകരിച്ചു. വിദേശകാര്യങ്ങളില്‍ രാജ്യതാല്‍പര്യം നോക്കണം. അതില്‍ രാഷ്ട്രീയ താല്‍പര്യം നോക്കരുത്. ഇതാണ് തന്റെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണെന്നും തരൂര്‍ ബെംഗളൂരുവില്‍ ആഗോള നിക്ഷേപ സംഗമത്തോട് അനുബന്ധിച്ച് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാണ് നരേന്ദ്ര മോദിയെ ശശി തരൂര്‍ പുകഴ്ത്തിയത്. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍, ട്രംപ് മോദിയെ പ്രശംസിച്ചതിന് പിന്നാലെയാണ് തരൂരിന്റെ വാക്കുകള്‍. ''മോദിയോട് വിലപേശല്‍ എളുപ്പമല്ല. അക്കാര്യത്തില്‍ അദ്ദേഹം എന്നേക്കാളും കടുപ്പക്കാരനും മെച്ചപ്പെട്ടയാളുമാണ്'' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ട്രംപ് അങ്ങനെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞുവെങ്കില്‍, അതു വെറുതെയാവില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
''ഞങ്ങളുടെ ജനങ്ങളെ നിങ്ങള്‍ക്ക് അപമാനിച്ചയയ്ക്കാന്‍ കഴിയില്ലെന്ന് അടച്ചിട്ട മുറിക്കുള്ളില്‍ മോദി തീര്‍ച്ചയായും ട്രംപിനോട് പറഞ്ഞിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അനധികൃതമായി കുടിയേറിയവരെ നിങ്ങള്‍ക്ക് തിരികെ ഇന്ത്യയിലേക്ക് അയയ്ക്കാം, ഞങ്ങള്‍ അവരെ നോക്കും, അവര്‍ ഞങ്ങളുടെ പൗരന്മാരാണ്. കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ട് സൈനിക വിമാനത്തില്‍ അവരെ അയയ്ക്കുന്നത് ശരിയല്ല എന്ന് മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. വാസ്തവം അറിയില്ല'' തരൂര്‍ പറഞ്ഞു.
ട്രംപ്-മോദി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് പ്രതീക്ഷയ്ക്ക് വകയുള്ള വാര്‍ത്തകളാണെന്നും തരൂര്‍ പറഞ്ഞു. താരിഫുകളെ ബന്ധപ്പെട്ട് കുറച്ചു കൂടി ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ഒക്ടോബറോടെ താരിഫ് സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ നമ്മുടെ കയറ്റുമതിയെ സാരമായി അത് ബാധിക്കുമെന്നും തരൂര്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരിക്കണം. തന്റെ നിലപാടില്‍ മാറ്റമില്ല. വര്‍ഷങ്ങളായി താന്‍ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താന്‍ ലേഖനമെഴുതിയത്.
പ്രതിരോധ വിഷയത്തില്‍, ഇന്ത്യയ്ക്ക് എഫ് 35 ചാര വിമാനം വില്‍ക്കുമെന്ന അമേരിക്കന്‍ തീരുമാനം മൂല്യമുള്ളതാണന്ന് തരൂര്‍ പറഞ്ഞു. ' നമുക്ക് റഫാല്‍ വിമാനം നേരത്തെയുണ്ട്്. എഫ്-35 കൂടി എത്തുന്നതോടെ, ഇന്ത്യന്‍ വ്യോമസേന നല്ല നിലയിലാകും. പ്രധാനമന്ത്രിയും സംഘവും തിരിച്ചെത്തുമ്പോള്‍ കൂടുതല്‍ കാര്യം വിശദീകരിക്കുമായിരിക്കും എന്നും തരൂര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം, തരൂരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും രംഗത്തെത്തി. മോദി ട്രംപ് ഉഭയകക്ഷി ചര്‍ച്ച നല്ലതാണെന്നും 140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ വ്യാപാര സാധ്യതകളേറെയെന്നും കനയ്യ കുമാര്‍ പറഞ്ഞു.