സ്വർണ്ണക്കൊള്ള കേസ് സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം; രക്തസാക്ഷി ഫണ്ട് തട്ടിപ്പും വി. കുഞ്ഞികൃഷ്ണന്റെ പുറത്താക്കൽ വിവാദവും ചർച്ചയാകും; ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം: മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ശബരിമല സ്വർണ്ണക്കൊള്ള, പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ ചർച്ചയാകുമെന്നാണ് സൂചന. സ്വർണ്ണക്കൊള്ള കേസ് സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷം പ്രധാനമായും ശ്രമിക്കുന്നത്. ഇത് അടിയന്തര പ്രമേയ നോട്ടീസായി പ്രതിപക്ഷം കൊണ്ടുവരുമോ എന്നതിലാണ് ആകാംക്ഷ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയും ഇന്നും തുടരും.
അതേസമയം, ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത് സഭയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചേക്കും. പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി വി. കുഞ്ഞികൃഷ്ണൻ മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
2022 ഏപ്രിൽ മാസത്തിൽ ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ആരോപിച്ചതെന്നും, ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തോടെ അദ്ദേഹം പാർട്ടി ശത്രുക്കളുടെ കോടാലി കൈ ആയി മാറിയെന്നും രാഗേഷ് കുറ്റപ്പെടുത്തി. കുഞ്ഞികൃഷ്ണൻ ഉത്തമനായ കമ്മ്യൂണിസ്റ്റ് അല്ലെന്നും പാർട്ടിയെ വഞ്ചിച്ച ആളാണെന്നും ആരോപിച്ചാണ് പുറത്താക്കൽ നടപടി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഭിമുഖത്തിന് സമയം തിരഞ്ഞെടുത്തുവെന്നും കുഞ്ഞികൃഷ്ണൻ പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയെന്നും രാഗേഷ് പറഞ്ഞു.
ടി.ഐ. മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിച്ചതെന്നും, അദ്ദേഹം പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിന്റെ ഭാരവാഹി അല്ലായിട്ടും ഭൂമി ഇടപാടിൽ ലക്ഷ്യം വെച്ചുവെന്നും രാഗേഷ് വിശദീകരിച്ചു. കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ച അടിസ്ഥാനമില്ലാത്ത കാര്യങ്ങളുടെ പേരിലാണ് പാർട്ടി അദ്ദേഹത്തെ ശാസിച്ചത്. മധുസൂദനനെ മനഃപൂർവം താറടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുണ്ടെന്നും, ഇത് കുഞ്ഞികൃഷ്ണൻ അംഗീകരിച്ചതാണെന്നും രാഗേഷ് കൂട്ടിച്ചേർത്തു. വാർത്ത ചോർച്ച സംബന്ധിച്ച് പാർട്ടിക്ക് കൃത്യമായ തെളിവുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയങ്ങൾ സഭാ സമ്മേളനത്തിന്റെ തുടർന്നുള്ള ദിവസങ്ങളെ പ്രക്ഷുബ്ധമാക്കാൻ സാധ്യതയുണ്ട്.
