മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി എഴുതി നല്‍കിയത്; മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതിനാല്‍ ഖേദിക്കുന്നു; പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു' ദിനപത്രം; മലപ്പുറത്തെ 150 കിലോ സ്വര്‍ണം ആവിയാകുമ്പോള്‍..!

മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി എഴുതി നല്‍കിയത്;

Update: 2024-10-01 11:22 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ദി ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ വഴിത്തിരിവ്. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ പ്രതികരണവുമായി 'ദി ഹിന്ദു' ദിനപത്രം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ നിന്ന് നിന്ന് വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്ന് 'ദി ഹിന്ദു' അറിയിച്ചു. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി പ്രതിനിധികള്‍ എഴുതി നല്‍കിയതാണ്. മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതിനാല്‍ ഖേദിക്കുന്നുവെന്നും 'ദി ഹിന്ദു' കുറിപ്പില്‍ അറിയിച്ചു.

മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്. കൈസേന്‍ എന്ന പി ആര്‍ ഏജന്‍സി നല്‍കിയ അഭിമുഖം പരിശോധന നടത്താതെ പ്രസിദ്ധീകരിച്ചതാണ് പത്രത്തിന് പണി കിട്ടിയത് എന്നാണ് വിശദീകരണം. 123 കോടി ഹവാലപണവും 150 കിലോ സ്വര്‍ണവും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ മലപ്പുറത്തു നിന്ന് പിടിച്ചു. ഇവ സംസ്ഥാനത്തിനും കേന്ദ്രത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നാണ് മുഖ്യമന്ത്രിയെ ഉദ്ധരിച്ച് ഹിന്ദു നല്‍കിയ അഭിമുഖം.

ഈ അഭിമുഖം വിവാദമായതോടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തില്‍ ഹിന്ദു പത്രത്തിന് കത്ത് നല്‍കുകയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നും തെറ്റായ വ്യാഖ്യാനം വിവാദങ്ങള്‍ക്ക് ഇടയാക്കിയെന്നും കത്തില്‍ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ പരാമര്‍ശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാന്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല വിവിധ വരികളില്‍ ഉള്ളത്. കള്ളക്കടത്ത് സ്വര്‍ണ്ണവും പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ഉദ്ദേശിച്ചത്. ഏതെങ്കിലുമൊരു സ്ഥലത്തേയോ പ്രദേശത്തേയോ പരാമര്‍ശിച്ചിട്ടില്ല. വാര്‍ത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചര്‍ച്ചക്കും വിവാദങ്ങള്‍ക്കും വഴിവെച്ചെന്നും കത്തില്‍ പറയുന്നു.

പത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിശ്വസ്ത പത്രമെന്ന നിലയില്‍, ഈ സെന്‍സിറ്റീവ് വിഷയത്തില്‍ വ്യക്തത പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നതിന്, ഈ വിഷയത്തെ ഉടനടിയും പ്രാധാന്യത്തോടെയും അഭിസംബോധന ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ കാഴ്ചപ്പാടുകള്‍ കൃത്യമായി അവതരിപ്പിക്കുന്ന ഒരു വ്യക്തത പൊതുധാരണ പുനഃസ്ഥാപിക്കുന്നതിനും കൂടുതല്‍ ദുര്‍വ്യാഖ്യാനങ്ങള്‍ തടയുന്നതിനും നിര്‍ണായകമാകും എന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.

മലപ്പുറത്ത് സ്വര്‍ണ്ണക്കടത്ത് നടക്കുന്നുണ്ടെന്നും അത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംത്തെത്തിയിരുന്നു. എന്ത് വിവരത്തിന്റ അടിസ്ഥാനത്തിലാണ് പരാമര്‍ശം എന്ന് വ്യക്തമാക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. ദില്ലിയിലെ സംഘ് പരിവാര്‍ ഏമാന്മാരെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശമെന്നും മുഖ്യമന്ത്രി നടത്തുന്നത് ആര്‍എസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്നും വിഡി സതീശന്‍ വാര്‍ത്താകുറിപ്പിലൂടെ പ്രതികരിച്ചു.

സ്വര്‍ണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദില്ലിയിലെ സംഘ്പരിവാര്‍ ഏമാന്‍മാരെ സന്തോഷിപ്പിക്കാനുള്ളതാണ്. നിയമസഭയ്ക്ക് അകത്തോ പുറത്തോ ഇതുവരെ പറയാത്ത കാര്യമാണ് ദില്ലിയില്‍ വച്ച് ദേശീയ മാധ്യമത്തോട് മുഖ്യമന്ത്രി പറഞ്ഞത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ദേശവിരുദ്ധ പ്രര്‍ത്തനങ്ങള്‍ക്ക് സ്വര്‍ണക്കടത്തിലൂടെ പണം ലഭിച്ചെങ്കില്‍ അവര്‍ക്കെതിരെ എന്ത് നടപടിയാണ് സംസ്ഥാന സര്‍ക്കാരും പൊലീസും സ്വീകരിച്ചതെന്നും പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.

മുഖ്യമന്ത്രി പറയുന്നത് ശരിയെങ്കില്‍ അത് ഗൗരവ സ്വഭാവമുള്ളതാണ്. അങ്ങനെയെങ്കില്‍ ഇത്രനാളും ഇക്കാര്യം മറച്ചുവച്ചതെന്തിന്? ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മാത്രം നല്‍കി ഒതുക്കേണ്ട വിഷയമല്ലിത്. സംഘ്പരിവാറുമായി മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുള്ള അവിശുദ്ധ ബാന്ധവം പ്രതിപക്ഷം തുറന്നു കാട്ടിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ വരുന്നത്. ആര്‍എസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള പരിചയായി മാത്രമെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കാണാനാകൂ.

സ്വര്‍ണക്കള്ളക്കടത്തുകാരുടെ പറുദീസയായി കേരളം മാറുന്നുവെന്ന അടിയന്തര പ്രമേയത്തിന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അവതരണാനുമതി തേടിയത് ഞാനാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണ്ണത്തില്‍ നിന്നുള്ള നികുതി വെട്ടിപ്പിനെ കുറിച്ച് നിയമസഭയില്‍ പലവട്ടം പറഞ്ഞു. സ്വര്‍ണക്കടത്തിന് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സഹായമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. അന്നൊന്നും പറയാതിരുന്ന കാര്യമാണ് മുഖ്യമന്ത്രി ഇന്നലെ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തല്‍ ശരിയെങ്കില്‍, മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ പരാജയം മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നതിന് തുല്യമാണെന്നും സതീശന്‍ പറഞ്ഞു.

Tags:    

Similar News