കേരളത്തിലും സൗദിയിലും ഹിറ്റായ മൂലന്‍സ് ഗ്രൂപ്പ് ഇഡി റഡാറില്‍ പെട്ടത് എങ്ങനെ? 40 കോടിയുടെ സ്വത്തുക്കള്‍ ഇഡി അറ്റാച്ച് ചെയ്യാന്‍ കാരണമെന്ത്? കേസുകൊടുത്തും പാര വച്ചും പൂട്ടിക്കാന്‍ നോക്കുന്നത് മൂത്ത ചേട്ടനെന്ന് അനിയന്മാര്‍; വിദേശത്തേക്ക് പണം കടത്തിയില്ലെന്നും വിശദീകരണം; കോടികളുടെ പേരില്‍ തമ്മില്‍ തല്ലി നാണംകെട്ട മൂലന്‍സ് ഗ്രൂപ്പിന്റെ കഥ
കോടികളുടെ പേരില്‍ തമ്മില്‍ തല്ലി നാണംകെട്ട മൂലന്‍സ് ഗ്രൂപ്പിന്റെ കഥ
കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലി കേന്ദ്രീകരിച്ചുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ മൂലന്‍സ് ഗ്രൂപ്പ് ഇഡി നടപടിയുടെ പേരില്‍ പൂട്ടിയോ? അങ്കമാലി മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ഉടമകളുടെ പേരിലുള്ള 40 കോടി രൂപയുടെ സ്വത്തുക്കള്‍ അറ്റാച്ച് ചെയ്യാന്‍ ഇഡി ഉത്തരവിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. നിയമവിരുദ്ധമായി സൗദി അറേബ്യയിലേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് നടപടിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഇഡി മൂലന്‍സ് ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയല്ല, അറ്റാച്ച് ചെയ്യുകയാണ് ഉണ്ടായത്. സാങ്കേതികാര്‍ഥത്തില്‍, ക്രയവിക്രയങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ് ചെയ്തത്.
കേസ് തീരും വരെ സ്വത്തുക്കള്‍ വില്‍ക്കാനോ, പണയപ്പെടുത്താനോ, കൈമാറ്റം ചെയ്യാനോ സാധിക്കുകയില്ല എന്നതാണ് സ്വത്തുക്കള്‍ അറ്റാച്ച് ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നത്. മൂലന്‍സ് ഗ്രൂപ്പിന്റെ 40 കോടി സ്വത്ത് അറ്റാച്ച് ചെയ്യാനാണ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍.കെ. മോഷ് ഉത്തരവിട്ടത്. വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ച് സൗദിയില്‍ ഇവര്‍ക്ക് 75 ശതമാനം ഓഹരി പങ്കാളിത്വമുള്ള സ്പൈസ് സിറ്റി ട്രേഡിങ് കമ്പനിയിലേക്ക് പണം കടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ക്രയവിക്രയം സാധ്യമല്ലെങ്കിലും, മൂലന്‍സ് ഗ്രൂപ്പിന്റെ ബിസിനസിന് നിരോധനമില്ല. മൂലന്‍സ് ഗ്രൂപ്പിന്റെ ബിസിനസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുമില്ല. അതുകൊണ്ട് മൂലന്‍സ് ഗ്രൂപ്പ് പൂട്ടി പോയിട്ടില്ല.
മൂലന്‍സ് ഗ്രൂപ്പിന് സംഭവിച്ചത് എന്താണ്?
മൂലന്‍സ് ഗ്രൂപ്പിന് സംഭവിച്ചത് എന്താണ്? അവര്‍ അനധികൃത ഇടപാടുകള്‍ നടത്തിയോ? സ്വത്തുക്കള്‍ നഷ്ടപ്പെട്ടോ? മൂലന്‍സ് ഗ്രൂപ്പ് പൂട്ടുമോ എന്ന് അന്വേഷിക്കുമ്പോള്‍, ചില കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. മൂലന്‍സ് ഗ്രൂപ്പ് സ്ഥാപകനായ ദേവസ്വിക്ക് ഏഴുമക്കളാണ്.നാല് ആണ്‍മക്കളും, മൂന്നുപെണ്‍മക്കളും. പെണ്‍മക്കളില്‍ ഒരാള്‍ കന്യാസ്ത്രീയാണ്. മറ്റുരണ്ടുപേര്‍ വിവാഹിതരാണ്. ദേവസ്വിയുടെ മൂത്ത മകന്‍ വര്‍ഗ്ഗീസാണ് ആദ്യം സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്നത്. സൗദിയില്‍ വച്ച് 1993 ല്‍ വിസ തട്ടിപ്പ് കേസില്‍ പ്രതിയായി. ദേവസ്വിയുടെയും മക്കളുടെയും ഭൂസ്വത്തുക്കള്‍ അടക്കം ഇല്ലാതായി. വിസ തട്ടിപ്പ് കേസ് തീര്‍ക്കുന്നതിന് വേണ്ടി സകല സ്വത്തുക്കളും നഷ്ടപ്പെടുത്തേണ്ടി വന്നു. പിന്നീട് വര്‍ഗ്ഗീസ് സൗദിയില്‍ തന്നെ തുടര്‍ന്ന് ചെറിയ തോതില്‍ ബിസിനസ് ആരംഭിച്ചു. എന്നാല്‍, അതൊക്കെ നഷ്ടത്തില്‍ കലാശിച്ചു. അതിനിടെയാണ് മക്കളെയെല്ലാം ചേര്‍ത്ത് ദേവസ്വി അങ്കമാലി കേന്ദ്രീകരിച്ച് മൂലന്‍സ് ഗ്രൂപ്പ് സ്ഥാപിച്ചു. മൂത്ത മകന്‍ സൗദിയിലൂള്ള സാഹചര്യത്തില്‍ ഭക്ഷ്യോത്പന്നങ്ങള്‍, (ഫ്രോസന്‍ ഫുഡും കറിപ്പൊടിയടക്കം) കയറ്റുമതി ആരംഭിച്ചു. സൗദി മലയാളികള്‍ക്കിടയില്‍ മൂലന്‍സ് ഹിറ്റായി. വര്‍ഗീസിന്റെ സഹോദരങ്ങളുടെ സംരംഭങ്ങളും പടര്‍ന്ന് പന്തലിച്ചതോടെ കോടികളുടെ ആസ്തികളായി.
നാല് ആണ്‍മക്കളില്‍ രണ്ടു പേര്‍ നാട്ടിലും രണ്ടുപേര്‍ സൗദിയിലുമായി ബിസിനസ് നടത്തി. സൗദിയിലെ ബിസിനസ് നിയന്ത്രിച്ചിരുന്നത് മൂത്ത മകന്‍ വര്‍ഗ്ഗീസായിരുന്നു. എല്ലാവരും ഒത്തൊരുമയോടെ പോകുന്നതിനിടയില്‍, മറ്റുമക്കള്‍ നാട്ടിലായിരുന്നപ്പോള്‍, വര്‍ഗ്ഗീസ് ആറുകോടി രൂപ വ്യക്തിപരമായ അക്കൗണ്ടിലേക്ക് മാറ്റി എന്ന് പിതാവ് കണ്ടെത്തി. ഇതോടുകൂടിയാണ് സഹോദരങ്ങള്‍ തമ്മില്‍ ഭിന്നത ആരംഭിച്ചത്. ഈ ഭിന്നതയെ തുടര്‍ന്ന് ചില മധ്യസ്ഥരുടെ സഹായത്തോടെ, സ്വത്തുക്കള്‍ ഭാഗം വയ്ക്കാന്‍ തീരുമാനിച്ചു. ഇതോടുകൂടി, ന്യായമായ അവകാശം വാങ്ങി വര്‍ഗ്ഗീസ് പുറത്തുപോയി. മറ്റു മൂന്നുആണ്‍മക്കള്‍ ബിസിനസ് തുടര്‍ന്നു. മൂന്നു സഹോദരിമാരും ഇതിന്റെ ഭാഗമായി മുന്നോട്ടുപോയി.
പുറത്തുപോയ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് മൂലന്‍സ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു. ആ സ്ഥാപനവും വളര്‍ന്നെങ്കിലും വര്‍ഗ്ഗീസും സഹോദരങ്ങളും തമ്മിലുളള തര്‍ക്കം മൂര്‍ച്ഛിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍, വ്യാജ രേഖകള്‍ ഉണ്ടാക്കിയതടക്കം നിരവധി കേസുകളും ഉണ്ടായി. അതേസമയം, വര്‍ഗ്ഗീസ് മൂലന്‍സ് ഗ്രൂപ്പും മൂലന്‍സ് ഗ്രൂപ്പും ഒരേപോലെ തന്നെ വളര്‍ന്നുകൊണ്ടിരുന്നു. മിക്ക കേസുകളും വര്‍ഗീസിന്റെ ഭാഗത്തെ വീഴ്ചയാണെന്ന് കണ്ട് മൂലന്‍സ് ഗ്രൂപ്പ് കുറ്റവിമുക്തരായി. എന്നാല്‍, വര്‍ഗ്ഗീസ് പുതിയ കേസുകളുമായി വീണ്ടും രംഗത്തെത്തി. സ്വന്തം സഹോദരന്‍ തന്നെ കേസുകൊടുക്കുകയും, പാര വയ്ക്കുകയും ചെയ്തതോടെ മൂലന്‍സ് ഗ്രൂപ്പ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങി. അതിനിടെ, വ്യാജ രേഖകളുടെ സഹായത്തോടെ എന്ന് സഹോദരങ്ങള്‍ ആരോപിക്കുന്ന പരാതി ഇഡിക്ക് പോയി.
മൂലന്‍സ് ഗ്രൂപ്പിന് എതിരെ വിപിനന്‍ എന്ന് പേരുള്ള കൊല്ലം സ്വദേശി ഇഡിക്ക് പരാതി നല്‍കി. മാധ്യമപ്രവര്‍ത്തകനായ വിപിനന്റെ പിന്നില്‍ തങ്ങളുടെ മൂത്ത സഹോദരനായ വര്‍ഗ്ഗീസ് ആണെന്നാണ് മറ്റു സഹോദരങ്ങള്‍ ആരോപിക്കുന്നത്. സൗദിയിലെ കമ്പനിയുടെ എല്ലാം രേഖകള്‍ സഹിതം, അറബിയിലുള്ള രേഖകള്‍ വിവര്‍ത്തനം ചെയ്തുപോലുമാണ് മൂലന്‍സ് ഗ്രൂപ്പിന് എതിരായി രേഖകള്‍ ഇഡിക്ക് സമര്‍പ്പിച്ചത്. തെറ്റായ വിവര്‍ത്തനമാണ് ഒരു പരിധി വരെ ഇഡി കേസെടുക്കുന്നതിലേക്ക് നയിച്ചതെന്നും ആരോപണമുണ്ട്. ഇതിനൊക്കെ പിന്നില്‍ വര്‍ഗീസ് മൂലന്‍ ആണെന്നാണ് സഹോദരങ്ങള്‍ ആരോപിക്കുന്നത്. ക്രൈംബ്രാഞ്ച് അടക്കമുള്ള ഏജന്‍സികള്‍ നേരത്തെ വര്‍ഗ്ഗീസ് മൂലന്‍ കൊടുത്ത പരാതികള്‍ അന്വേഷിച്ചിരുന്നു. ആ കേസുകളില്‍ ഒന്നിന്റെ പുറത്താണ് ഇഡി കേസെടുത്തത്. ആ കേസിലാണ് 40 കോടിയുടെ സ്വത്തുക്കള്‍ അറ്റാച്ച് ചെയ്തത്.
നേരത്തെ, സൗദിയില്‍, ഏതെങ്കിലും അറബിയായിരുന്നു ബിസിനസ് നടത്തേണ്ടത്. വിദേശികളാണ് ബിസിനസ് നടത്തുന്നതെങ്കിലും സ്‌പോണ്‍സര്‍ എന്ന നിലയില്‍ അറബിയുണ്ടാകും. എന്നാല്‍, എം ബി എസ്( മുഹമ്മദ് ബിന്‍ സല്‍മാന്‍) ചുമതലേയറ്റതോടെ, സൗദിയില്‍ വ്യവസായം ആകര്‍ഷിക്കാനും സുതാര്യമാകാനും ചില മാറ്റങ്ങള്‍ കൊണ്ടുവന്നു. അതനുസരിച്ച് ഒരു സൗദി പൗരന് വിദേശ പൗരനുമായി പങ്കാളിത്തത്തില്‍ ബിസിനസ് ചെയ്യാം. 27 മില്യന്‍ റിയാലായിരിക്കണം അടിസ്ഥാന മൂലധനം. അങ്ങനെ മൂലന്‍സ് ഗ്രൂപ്പും സൗദി പങ്കാളിക്കൊപ്പം 75: 25 അനുപാതത്തില്‍ ബിസിനസിലേക്ക് മാറി. 7 മില്യന്‍ അറബി കണ്ടെത്തി, അയാളുടെ ബിസിനസായി മുന്നോട്ടുകൊണ്ടുപോയി. 20 മില്യന് തുല്യമായി 75 ശതമാനം ഓഹരി കേരളത്തിലെ മൂലന്‍സ് ഗ്രൂപ്പിന് നല്‍കുന്നു. എന്നാല്‍, പണമൊന്നും സൗദിയിലേക്ക് മാറ്റിയിട്ടില്ല. കാരണം മൂലന്‍സിന്റെ ബിസിനസ് നേരത്തെ മുതല്‍ നടക്കുന്നതാണ്. അവിടേക്ക് കൂടുതല്‍ മൂലധനത്തിന്റെ ആവശ്യമില്ല. കണക്കില്‍ ഈ പണം വരാനുളളതാണ് എന്ന് കൃത്യമായി ചേര്‍ത്തിട്ടുമുണ്ട്. ഈ 20 മില്യന്‍ കണക്കില്‍ പെടാതെ സൗദിയിലേക്ക് മാറ്റി എന്നാണ് ഇഡിയുടെ ആരോപണം. തെളിവില്ലെങ്കിലും ഇഡി കേസെടുത്തിരിക്കുകയാണ്. എന്നാല്‍, ബിസിനസ് സംരംഭം ആരംഭിച്ചപ്പോള്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചില്ല എന്ന വീഴ്ച മൂലന്‍സ് ഗ്രൂപ്പിന് സംഭവിച്ചിട്ടുണ്ട്. ആര്‍ബിഐയുടെ അനുമതി വാങ്ങിയില്ല എന്നത് വീഴ്ചയായി. പണം അയയ്ക്കാത്തത് കൊണ്ട് അനുമതി വേണ്ടെന്ന് ധരിച്ചെന്നാണ് മൂലന്‍സ് ഗ്രൂപ്പ് പറയുന്നത്.
എന്നാല്‍, പണം അയച്ചില്ല എന്നത് ദുരൂഹമാണെന്നും, ഹവാല ഇടപാടുകളിലൂടെ പണം അവിടെ കണ്ടെത്തിയ ശേഷം, കണക്കില്‍ കാണിക്കാതെ ഇല്ല എന്നുപറയുന്നതാണെന്നുമാണ് ഇഡിയുടെ ആരോപണം. ഇഡി ഇതേ കുറിച്ച് അന്വേഷിച്ചുവരികയാണ്. നേരത്തെ മുതല്‍ നടക്കുന്ന ബിസിനസില്‍ മൂലധന നിക്ഷേപം ആവശ്യമില്ലെന്നാണ് മൂലന്‍സ് ഗ്രൂപ്പിന്റെ ന്യായീകരണം. ചുരുക്കി പറഞ്ഞാല്‍ സഹോദരന്മാര്‍ തമ്മിലെ ഭിന്നതയാണ് മൂലന്‍സ് ഗ്രൂപ്പിനെ പ്രതിസന്ധിയിലേക്ക് നയിച്ചത്.
ഇഡിയുടെ കേസ്
മൂലന്‍സ് മാനേജിങ് ഡയറക്ടര്‍ ജോസഫ് മൂലന്‍, ഡയറക്ടര്‍ മൂലന്‍ ദേവസ്വി, ജോയ് മൂലന്‍ ദേവസ്വി, ആനി ജോസ് മൂലന്‍, ട്രീല കാര്‍മല്‍ ജോയ്, സിനി സാജു എന്നിവരുടെ അങ്കമാലി, കൊല്ലങ്കോട്, ആലുവ, പെരുമ്പാവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് അറ്റാച്ച് ചെയ്യുന്നത്. ഇവയുടെ വില്‍പ്പനയും കൈമാറ്റവും അനുവദിക്കരുതെന്നും ഉത്തരവിലുണ്ട്.
റിയാദില്‍ നിക്ഷേപിച്ച കേസില്‍ ഇഡി കണ്ടുകെട്ടുന്നവയില്‍ ഫെഡറല്‍ ബാങ്കിന് ഈട് നല്‍കിയ സ്വത്തുക്കളുടെ രേഖകളുമുണ്ട്. ഫെഡറല്‍ ബാങ്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പ്രതികള്‍ 40 കോടി രൂപ ഓവര്‍ഡ്രാഫ്റ്റായും ലോണ്‍ മാര്‍ഗത്തിലും തരപ്പെടുത്തിയ പണം ആണ് ഹവാല വഴി വിദേശത്ത് എത്തിച്ചത് എന്നാണ് ഇഡിയുടെ ആരോപണം. ഫെഡറല്‍ ബാങ്കില്‍ ഈടായി വച്ചിരിക്കുന്ന വസ്തുവകകള്‍ ആണ് എന്‍ഫോസ്‌മെന്റ് അറ്റാച്ച് ചെയ്തത്.
മറ്റൊരു കേസ് എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ മൂലന്‍സ് ഫാമിലി മാര്‍ട്ട് ഉടമകളാണ് പ്രതികള്‍. കൊച്ചി ഇഡി എടുത്ത കേസില്‍ മൂലന്‍സ് ഗ്രൂപ്പുടമകളെ ജനുവരി 18നാണ് പ്രതികളാക്കി എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ ഫെബ്രുവരി 5 ന് ഇഡി ഓഫീസില്‍ ഹാജരായി. എന്നാല്‍ മതിയായ രേഖകള്‍ നല്‍കാത്തതിനാല്‍ വീണ്ടും വിളിപ്പിച്ചിരുന്നു. ഫെമ നിയമ പ്രകാരം, കുഴല്‍പ്പണം കടത്തിയാല്‍ അതിന്റെ മുന്നിരട്ടി പിഴ അടയ്ക്കണം. ഇത് പ്രകാരം വന്‍തുക തിരിച്ചടക്കേണ്ട അവസ്ഥയിലാണ് കമ്പനിയുള്ളത്.
മൂലന്‍സ് ഇന്റര്‍നാഷണല്‍, മൂലന്‍സ് ഫാമിലി മാര്‍ട്ട് എന്നീ സ്ഥാപനങ്ങളുള്ളഇവര്‍ക്ക് വിദേശത്തും സൂപ്പര്‍മാര്‍ക്കറ്റുകളുള്‍പ്പെടെ ബിസിനസ് സ്ഥാപനങ്ങളുമുണ്ട്. കുറച്ചുകാലം മുമ്പ് തിരുവനന്തപുരത്ത് കായിക വകുപ്പ് നടത്തിയ കായിക ഉച്ചകോടിയില്‍ മൂലന്‍സ് ഗ്രൂപ്പ് സജീവ ചര്‍ച്ചയായിരുന്നു. കൊച്ചിയില്‍ മൂലന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 100 കോടി രൂപ നിക്ഷേപത്തില്‍ മറ്റൊരു നഗര കായിക സമുച്ചയം കൂടി വരുന്നുവെന്ന സൂചന കായിക സമ്മിറ്റില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി നീക്കങ്ങള്‍ സീജവമായത്.
മൂലന്‍സ് ഗ്രൂപ്പിനും സഹോദരങ്ങള്‍ക്കുമെതിരെ വര്‍ഗീസ് മൂലന്‍ നല്‍കിയ പരാതികള്‍ അടിസ്ഥാനരഹിതമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സ്ഥാപനങ്ങളും സ്വത്തുക്കളും തട്ടിയെടുത്തെന്ന് ആരോപിച്ച് പിതാവിനും സഹോദരങ്ങള്‍ക്കുമെതിരെ വര്‍ഗീസ് അങ്കമാലിയിലും, വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്കും ഭാര്യമാര്‍ക്കുമെതിരെ വര്‍ഗീസിന്റെ ഭാര്യ മാര്‍ഗരറ്റ് തൃക്കാക്കരയിലും പൊലീസിന് നല്‍കിയ പരാതികളിലാണ് കണ്ടെത്തല്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ഇഡിയുടെ ഇടപെടല്‍ വന്നത്.കുടുംബസ്വത്ത് കൂടുതല്‍ ലഭിക്കാനായി സമ്മര്‍ദ്ദം ചെലുത്താനാണ് പരാതികളെന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് എറണാകുളം യൂണിറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു
വിദേശത്തേക്ക് പണം കടത്തിയിട്ടില്ല: മൂലന്‍സ് ഗ്രൂപ്പ്
കച്ചവട ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്ന് മൂലന്‍സ് ഗ്രൂപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഫെമ കേസില്‍ അങ്കമാലി ആസ്ഥാനമായുള്ള മൂലന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 40 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയെന്ന വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന നിയമവിരുദ്ധമായി പണം കടത്തിയെന്ന കാര്യം അടിസ്ഥാന രഹിതമാണ്. ഇ.ഡിയുടെ താത്കാലിക ഉത്തരവ് ലഭിച്ചുവെന്നത് സത്യമാണെന്നും മാനേജ്മെന്റ് അറിയിച്ചു. മൂലന്‍സ് ഗ്രൂപ്പിന്റെ കുടുംബ സ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിന്റെ ഭാഗമാണ് ഇടയ്ക്കിടെ ഉയരുന്ന അടിസ്ഥാന രഹിത പരാതിയും അന്വേഷണവും.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ നിരവധി തവണ അടിസ്ഥാന രഹിതമായ പരാതികളും കേസുകളും കുടുംബാംഗങ്ങള്‍ക്കും മൂലന്‍സ് ഗ്രൂപ്പിനെതിരെയും ബിനാമി വഴി നല്‍കി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ എതിര്‍കക്ഷി നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഇവര്‍ നല്‍കിയ പരാതികള്‍ എല്ലാം വാസ്തവവിരുദ്ധമാണെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞിട്ടുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ബിനാമി വഴി വ്യാജ പരാതി ഇഡിക്ക് നല്‍കിയതെന്നും മൂലന്‍സ് ഗ്രൂപ്പ് കുറ്റപ്പെടുത്തി. കമ്പനി അക്കൗണ്ട് വഴിയോ അല്ലാതെയോ സൗദിയിലേക്ക് പണം കൊണ്ടുപോയിട്ടില്ല. സൗദിയിലെയും നാട്ടിലെയും കമ്പനികളുടെ ബാലന്‍സ് ഷീറ്റ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആരോപിക്കുന്ന രീതിയിലുള്ള പണമിടപാടുകള്‍ നടന്നിട്ടില്ല എന്നതിനാല്‍ ആര്‍ബിഐയെ ഇക്കാര്യം അറിയിച്ചിരുന്നില്ല. ഇത്തരത്തില്‍ നിരവധി കമ്പനികള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇഡി ഉത്തരവിനെതിരെ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ തെളിവുകളുടെയും പിന്‍ബലത്തില്‍ അപ്പീല്‍ നല്‍കുമെന്നും മാനേജ്മെന്റ് അറിയിച്ചു.