വിദേശികളോട് ഇഷ്ടം കാണിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പിലെത്തിയത് കോസ്റ്റോറിക്കയും മെക്‌സിക്കോയും ഫിലിപ്പീന്‍സും; വിദേശികളെ കണ്ടു കൂടാത്തവരില്‍ മുന്‍പില്‍ കുവൈറ്റികള്‍; ഇന്ത്യക്കാര്‍ രണ്ടിനും ഇടയില്‍: വിദേശികളോടുള്ള സൗഹൃദ കണക്ക് ഇങ്ങനെ

വിദേശികളോട് ഇഷ്ടം കാണിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പിലെത്തിയത് കോസ്റ്റോറിക്കയും മെക്‌സിക്കോയും ഫിലിപ്പീന്‍സും

Update: 2025-03-17 00:39 GMT

ലണ്ടന്‍: ആര്‍ഷഭാരത സംസ്‌കാരം ലോകത്തിന് നല്‍കിയ പ്രധാന സംഭാവനകളിലൊന്നാണ് വസുധൈവ കുടുംബകം എന്ന സങ്കല്പം. ലോകത്തെ, ഗ്ലോബല്‍ വില്ലേജ് എന്ന സങ്കല്‍പ്പത്തിലൂടെ ഒരു ഗ്രാമമായിട്ടാണ് ആധുനിക സാങ്കേതിക വിദ്യ ചുരുക്കിയതെങ്കില്‍, ഒരു കുടുംബമാണ് ലോകം എന്നതായിരുന്നു ഭാരത സങ്കല്പം. ലോകത്തിന്റെ ഏതൊരു രാജ്യത്തു നിന്ന് വരുന്നവരായാലും അവരെ സ്വന്തമെന്ന് കരുതി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്ന ഈ സങ്കല്പം വര്‍ത്തമാനകാലത്ത് എത്രമാത്രം പ്രായോഗികമാണെന്നറിയാനായിരുന്നു ഇന്റര്‍നേഷന്‍സ് ഒരു സര്‍വ്വേ നടത്തിയത്.

53 വ്യത്യസ്ത രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശികളോട് അവരുടെ അതിഥി രാജ്യത്തെ റേറ്റിംഗ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അതിഥി രാജ്യത്ത് താമസിക്കുമ്പോള്‍ അവരുടെ സാമൂഹ്യ ജീവിതം, സ്വന്തം രാജ്യത്താണെന്ന പ്രതീതി ഉളവാകുന്നുണ്ടോ, സംസ്‌കാരവുമായി ഒത്തു ചേരാന്‍ എത്രമാത്രം എളുപ്പമായിരുന്നു, തദ്ദേശീയരുടെ സമീപനം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചായിരുന്നു റേറ്റിംഗ് നടത്തിയിരുന്നത്.

വസുധൈവ കുടുംബകം എന്ന സങ്കല്പം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്നതും പ്രായോഗികമാക്കുന്നതും കോസ്റ്റാ റിക്കയാണെന്നാണ് സര്‍വ്വേയില്‍ തെളിഞ്ഞത്. ഇവിടെ താമസിക്കുന്ന വിദേശികളില്‍ 83 ശതമാനം പേരും പറഞ്ഞത് തങ്ങള്‍ വീട്ടിലാണെന്ന പ്രതീതിയുളവാകുന്നു എന്നാണ്. തദ്ദേശ സംസ്‌കാരവുമായി ഒത്തുപോകാന്‍ വളരെ എളുപ്പമാണെന്നാണ് ഇവിടെയുള്ള വിദേശികളില്‍ 35 ശതമാനം പേരും പറഞ്ഞത്. ആഗോളതലത്തില്‍ പരിശോധിച്ചാല്‍, സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 21 ശതമാനം മാത്രമാണ് തദ്ദേശ സംസ്‌കാരങ്ങളുമായി ഒത്തുപോകാന്‍ എളുപ്പമാണെന്ന് പറഞ്ഞത്.

73 ശതമാനം വിദേശികള്‍ സന്തോഷത്തോടെ ജീവിക്കുന്ന മെക്സിക്കോയ്ക്കാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനം. തദ്ദേശവാസികളുമായി സൗഹൃദം കൂടാന്‍ വളരെ എളുപ്പമാണെന്നാണ് 67 ശതമാനം പേര്‍ പറഞ്ഞത്. 31 ശതമാനം പേര്‍ പറഞ്ഞത് തങ്ങളുടെ സുഹൃത്തുക്കളില്‍ ഭൂരിഭാഗം പേരും തദ്ദേശവാസികളാണ് എന്നായിരുന്നു. ഇതില്‍ ആഗോള ശരാശരി 17 ശതമാനം മാത്രമാണ്. മൂന്നാം സ്ഥാനത്തുള്ള ഫിലിപൈന്‍സില്‍ 69 ശതമാനം വിദേശികള്‍ തദ്ദേശിയരുമായി സൗഹൃദം സ്ഥാപിക്കാന്‍ എളുപ്പമാണെന്ന് പറഞ്ഞപ്പോള്‍, 68 ശതമാനം പേര്‍ പറഞ്ഞത് സാമൂഹ്യ ജീവിതം വളരെ ആസ്വാദ്യകരമാണെന്നാണ്.

ഇക്കാര്യത്തില്‍ ഏറ്റവും പുറകിലുള്ളത് കുവൈറ്റ് ആണ്. അവിടെ താമസിക്കുന്ന വിദേശികളില്‍ 26 ശതമാനം പേര്‍ മാത്രമാണ് വിദേശികള്‍ കുവൈറ്റില്‍ സ്വാഗതം ചെയ്യപ്പെടുന്നു എന്ന് പറഞ്ഞത്. തദ്ദേശ സംസ്‌കാരവുമായി ഒത്തു പോകാന്‍ ഏറെ പ്രയാസമാണെന്ന് 47 ശതമാനം പേര്‍ പറഞ്ഞപ്പോള്‍, 22 ശതമാനം പേര്‍ മാത്രമാണ് കുവൈറ്റിലെ സാമൂഹ്യ ജീവിതത്തില്‍ സംതൃപ്തരായിട്ടുള്ളത്. തദ്ദേശീയരുമായി സൗഹൃദം കൂടാന്‍ ഏറെ ക്ലേശകരമാണെന്നാണ് 61 ശതമാനം പേര്‍ പറയുന്നത്.

ഇതില്‍ കുവൈറ്റിന് തൊട്ടു മുന്നിലാണ് നോര്‍വേയുട സ്ഥാനം. നോര്‍ഡിക് രാജ്യത്ത് ജീവിക്കുന്ന വിദേശികളില്‍ 49 ശതമാനം പേരും അവരുടെ സാമൂഹ്യ ജീവിതത്തില്‍ സംതൃപ്തരല്ല. നോര്‍വീജിയന്‍ സംസ്‌കാരവും ഭാഷയും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും അവര്‍ പറയുന്നു. തൊട്ടു മുകളില്‍ സ്ഥാനം പിടിച്ച ജര്‍മ്മനിയിലും, തദ്ദേശീയരുമായി സൗഹൃദം സ്ഥാപിക്കുന്നതിനാണ് വിദേശികള്‍ പ്രയാസപ്പെടുന്നത്. 53 രാജ്യങ്ങളുടെ പട്ടികയില്‍, വസുധൈവ കുടുംബകം എന്ന ആശയം ലോകത്തിന് സമ്മാനിച്ച ഇന്ത്യയുടെ സ്ഥാനം 26 ആണ് എന്നത് ശ്രദ്ധേയമാണ്.

Tags:    

Similar News