കുടിവെള്ളമില്ലാതെ വലഞ്ഞ് തലസ്ഥാന നഗരവാസികള്‍; രാത്രിയായിട്ടും പ്രശ്‌നം തീര്‍ത്ത് പമ്പിങ് തുടങ്ങിയില്ല; നഗരപരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍

രാത്രി വൈകിയും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥ

Update: 2024-09-08 14:26 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷമായി തുടരുന്നു. ഇന്ന് വൈകീട്ടോടെ പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രിയും മേയറുമെല്ലാം നല്‍കിയ വാക്ക് പാഴായി. രാത്രി വൈകിയും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.

കുടിവെള്ള പ്രശ്‌നം എപ്പോള്‍ തീരുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് അധികൃതരുടെ നീക്കം. എന്നാല്‍ ഓണപ്പരീക്ഷ അടുത്ത സാഹചര്യത്തില്‍ അവധി നല്‍കുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ, വെള്ള പ്രശ്‌നം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചെങ്കിലും രാത്രിയായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ അവസാനഘട്ടത്തിലും പിഴവും സംഭവിച്ചിട്ടുണ്ട്. പൈപ്പുകളുടെ അലൈന്‍മെന്റ് തെറ്റി. ഇതോടെ പമ്പിങ് തുടങ്ങാന്‍ ഇനിയും വൈകന്ന അവസ്ഥയിലാണ്. പമ്പിങ് തുടങ്ങിയാലും ജലവിതരണം പൂര്‍ണതോതിലാകാന്‍ മണിക്കൂറുകളെടുക്കും. കഴിഞ്ഞ നാല് ദിവസമായി പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാതെ ജനം പൊറുതിമുട്ടുകയാണ്.

പ്രതിഷേധം ശക്തമായതോടെ ജനപ്രതിനിധികള്‍ ഇടപെട്ട് അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കി. രാത്രിയോടെ പമ്പിങ് തുടങ്ങുമെന്നാണ് പ്രതീക്ഷ. ജലവിഭവ വകുപ്പിനെ വിമര്‍ശിച്ച് സിപിഐഎം എംഎല്‍എ വി കെ പ്രശാന്ത് രംഗത്തെത്തി. ദാഹിച്ചുവലഞ്ഞ പൊതുജനങ്ങള്‍ തൊണ്ട പൊട്ടി വിളിച്‌തോടെ ഉദ്യോഗസ്ഥരും മന്ത്രിമാരും ഉണര്‍ന്നു. കുടിവെള്ളം മുട്ടിച്ച അറ്റകുറ്റപ്പണി ഏതാണ്ട് പൂര്‍ത്തിയായി. ഇനി പമ്പിങ് നടത്തി സമ്മര്‍ദ്ദ പരിശോധന നടത്തണം.

ലീക്കുണ്ടായില്ലെങ്കില്‍ രാത്രി 8 മണിയോടെ താഴ്ന്ന ഭാഗത്തെ വീടുകളില്‍ വെള്ളം എത്തും. അര്‍ദ്ധരാത്രിയോടെ ഉയര്‍ന്ന സ്ഥലങ്ങളിലും വെള്ളംഎത്തും എന്നാണ് പ്രതീക്ഷ. നഗരത്തിലെ കുടിവെള്ളം മുടങ്ങിയതിനു ഉത്തരവാദി ജല അതോറിറ്റി ആണെന്നും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് ആവശ്യപ്പെട്ടു.

തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു റെയില്‍വേ ട്രാക്കിനു അടിയില്‍ കൂടി പോകുന്ന 500 എംഎം 700 എംഎം പൈപ്പുകളുടെ അലൈന്‍മെന്റ് മാറ്റുന്നതിന് വേണ്ടിയാണ് പമ്പിങ് നിര്‍ത്തി വച്ചത്. സിഎടി റോഡിലും കുഞ്ചാലുമൂട്ടിലും ശുദ്ധജല വിതരണ പൈപ്പിന്റെ അലൈന്‍മെന്റ് മാറ്റുന്ന പ്രവര്‍ത്തി ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയാക്കി.

പമ്പിങ് പുനരാരംഭിച്ചപ്പോള്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് ആണ് ലൈനില്‍ വീണ്ടും അറ്റകുറ്റ പണി നടത്തിയത്. സാങ്കേതികമായ തടസ്സങ്ങള്‍ മൂലമാണ് വൈകലെന്നും 40 മണിക്കൂറോളം അധികമായി ചിലവഴിക്കേണ്ടി വനനതിനാലാണ് രണ്ടു ദിവസം അധികം കുടിവെള്ളം മുടങ്ങിയതെന്നുമാണ് മന്ത്രി റോഷി അഗസ്റ്റിന്റെ വിശദീകരണം.

Tags:    

Similar News