തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിക്ക് അഞ്ചാം ദിനം ആശ്വാസം; നഗരത്തില്‍ ഭാഗികമായി ജലവിതരണം തുടങ്ങി; ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളമില്ല; പ്രതിസന്ധിക്ക് വഴിവെച്ച കാരണം പരിശോധിക്കും

ആറ്റുകാല്‍, ഐരാണിമുട്ടമടക്കം പ്രദേശങ്ങളില്‍ പുലര്‍ച്ചെയോടെ വെള്ളം കിട്ടിത്തുടങ്ങി

Update: 2024-09-09 02:20 GMT

തിരുവനന്തപുരം: നാല് ദിവസം തിരുവനന്തപുരം നഗരവാസികളുടെ കുടിവെള്ളം മുട്ടിച്ച പ്രതിസന്ധിക്ക് ഒടുവില്‍ പരിഹാരമായി. പമ്പിങ് തുടങ്ങിയതോടെയാണ് നഗരത്തിന്റെ വിവിധ മേഖലകളെ വലച്ച കുടിവെള്ള ക്ഷാമത്തിന് ഒടുവില്‍ പരിഹാരമായിരിക്കുന്നത്. കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. ആറ്റുകാല്‍, ഐരാണിമുട്ടമടക്കം പ്രദേശങ്ങളില്‍ പുലര്‍ച്ചെയോടെ വെള്ളം കിട്ടിത്തുടങ്ങി. മിക്കയിടത്തും കൃത്യമായി ജലവിതരണം നടക്കുന്നതായി നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇനിയും വെള്ളം ലഭിക്കേണ്ടതുണ്ട്.

രാവിലെയോടെ തന്നെ എല്ലായിടത്തും വെള്ളം എത്തുമെന്നാണ് വിവരം.അതേസമയം നേമത്ത് വെള്ളം എത്തിയില്ലെന്നാണ് കൗണ്‍സിലര്‍ അറിയിച്ചത്. മേലാങ്കോട്, പിടിപി നഗര്‍ തുടങ്ങി ചിലയിടങ്ങളിലും വെള്ളം എത്തിയില്ലെന്ന് ജനം പരാതിപ്പെട്ടു. ഇവിടങ്ങളില്‍ രാവിലെ വെള്ളം എത്തുമെന്നാണ് പ്രതീക്ഷ. ജലവിതരണം താറുമാറായതോടെ തിരുവനന്തപുരം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരുന്നു.

കേരള സര്‍വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.ഞായറാഴ്ച പുലര്‍ച്ചെയോടെ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്നായിരുന്നു ശനിയാഴ്ച നടന്ന ഉദ്യോഗസ്ഥതല യോഗശേഷം മന്ത്രി വി. ശിവന്‍കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍ ജനങ്ങള്‍ക്ക് വെള്ളം കിട്ടിയില്ല. ഉച്ചയോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പണി നടക്കുന്ന മേഖലകളിലെത്തി പുരോഗതി വിലയിരുത്തി. വൈകിട്ട് നാലോടെ പമ്പിംഗ് ആരംഭിക്കുമെന്ന് അറിയിച്ചു. എന്നാല്‍, രണ്ടു മന്ത്രിമാരുടെയും ഉറപ്പുകള്‍ ഫലംകണ്ടില്ല.

കിള്ളിപ്പാലം-ജഗതി ഭാഗത്തെ സി.ഐ.ടി റോഡില്‍ സ്ഥാപിച്ച വാല്‍വില്‍ ശനിയാഴ്ച ലീക്ക് കണ്ടെത്തിയിരുന്നു. ഇതോടെ വാല്‍വ് അഴിച്ച് വീണ്ടും സെറ്റ് ചെയ്യേണ്ടിവന്നു. ആങ്കര്‍ ബ്ലോക്ക് സ്ഥാപിക്കലും പ്രതീക്ഷിച്ച വേഗത്തില്‍ പൂര്‍ത്തിയാക്കാനായില്ല. അറ്റകുറ്റപ്പണിക്കിടെ മണ്ണിടിച്ചിലുണ്ടായതും പണി പുരോഗമിക്കുന്നതിനിടെ വാല്‍വ് ഫിക്സ് ചെയ്തതില്‍ പലതവണ അപാകതയുണ്ടായതും പണി നീളാനിടയായി.

തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പി.ടി.പി നഗറില്‍ നിന്ന് ഐരാണിമുട്ടം ഭാഗങ്ങളിലേക്കുള്ള 700 എം.എം ഡി.ഐ പൈപ്പ് ലൈന്‍, നേമം ഭാഗത്തേക്കുള്ള 500 എം.എം ലൈന്‍ എന്നിവയുടെ അലൈന്‍മെന്റ് മാറ്റുന്ന ജോലികളാണ് ജലവിതരണത്തിന് തടസമായത്. റെയില്‍വേ ലൈനിന്റെ അടിയിലുള്ള 700 എം.എം പൈപ്പ് മാറ്റുന്ന പണിയിലാണ് പിഴവുണ്ടായത്. ഇതാണ് ജലവിതരണം തുര്‍ന്നും തടസപ്പെടാന്‍ കാരണമായത്.

പൈപ്പ് ലൈന്‍ സ്ഥാപിച്ചതിന്റെ വശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ അത് കോരി മാറ്റേണ്ടിവന്നു. അതിനുശേഷം നട്ടുകള്‍ മുറുക്കി വാല്‍വുകള്‍ സ്ഥാപിക്കാനുള്ള കാലതാമസമാണ് ഉണ്ടായതെന്നാണ് വാട്ടര്‍ അതോറിട്ടി വിശദീകരണം. അതേസമയം

. ആസൂത്രണം ഇല്ലാതെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയതാണ് ദുരിതം ഇരട്ടിയാക്കിയത്. പ്രധാന പൈപ്പ് ലൈനിലെ വാല്‍വുകള്‍ പലതും പ്രവര്‍ത്തിക്കാത്തതും പ്രതിസന്ധി കൂട്ടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എംഎല്‍എമാരുടെയും കോര്‍പറേഷന്റെയും ആവശ്യം. അടിയന്തര സാഹചര്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജല അതോറിറ്റി പാലിച്ചില്ല.

കോര്‍പറേഷനെ വിവരം പോലും അറിയിച്ചില്ല. 48 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന അറിയിപ്പോടെ പണിതുടങ്ങി. മൂന്നാം ദിനവും ജനം വലഞ്ഞതോടെയാണ് വിഷയത്തിന്റെ ഗൗരവം ജനപ്രതിനിധികള്‍ അറിയുന്നത്. അതിനാല്‍ തന്നെ പകരം സംവിധാനം ഒന്നും ഒരുക്കിയില്ല. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയറാണ് വലിയ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ വിവരം അറിയിക്കേണ്ടത്. അതുണ്ടായില്ല. ഇനി ഇങ്ങനെ പറ്റില്ലെന്ന് കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി.

Tags:    

Similar News