തൃശൂര്‍ പൂരം കലക്കിയതില്‍ പൊലീസിന് 'ക്ലീന്‍ ചിറ്റ്'; പഴി മുഴുവന്‍ തിരുവമ്പാടി ദേവസ്വത്തിന്! എഡിജിപി അജിത് കുമാറിനെ രക്ഷിക്കാന്‍ എഴുതിയ തിരക്കഥയോ? അന്വേഷണ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; പൂരം കലക്കിയത് സുരേഷ് ഗോപിയെ ജയിപ്പിക്കാനെന്ന് ആരോപിച്ച സിപിഐ അംഗീകരിക്കുമോ? റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് മുരളീധരന്‍; യു.ഡി.എഫ് വന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം

തൃശൂര്‍ പൂരം കലക്കിയതില്‍ പൊലീസിന് 'ക്ലീന്‍ ചിറ്റ്'

Update: 2026-02-13 13:19 GMT

തൃശൂര്‍: കേരളം ഉറ്റുനോക്കിയ തൃശൂര്‍ പൂരം കലങ്ങലില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പൂരം അലങ്കോലപ്പെട്ടതില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചനയില്ലെന്നും കുറ്റം മുഴുവന്‍ തിരുവമ്പാടി ദേവസ്വത്തിനാണെന്നും വ്യക്തമാക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയ ഈ റിപ്പോര്‍ട്ട് വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

അന്വേഷണ സംഘം എഡിജിപി എം.ആര്‍. അജിത് കുമാറിനെയും പൊലീസ് സംവിധാനത്തെയും പൂര്‍ണ്ണമായും പ്രതിരോധിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മഠത്തില്‍വരവ് സമയത്ത് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ല. തിരക്ക് നിയന്ത്രിക്കാന്‍ കെട്ടിയ വടം മറികടന്നവരെ ലാത്തി കാട്ടി ഭയപ്പെടുത്തി തിരിച്ചു കയറ്റുക മാത്രമാണ് ചെയ്തത്.

തിരുവമ്പാടിയുടെ ഏകപക്ഷീയ നിലപാട്

പൂരത്തിന്റെ താളം തെറ്റിച്ചത് തിരുവമ്പാടി വിഭാഗത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ്. മറ്റ് പ്രകോപനങ്ങളില്ലാതെ ലൈറ്റ് ഓഫ് ചെയ്യാനും വെടിക്കെട്ട് ഉപേക്ഷിക്കാനും അവര്‍ തീരുമാനിക്കുകയായിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ പൂരം അലങ്കോലപ്പെടുത്താന്‍ യാതൊരു നീക്കവും നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

ആളിപ്പടരുന്ന രാഷ്ട്രീയ വിവാദം

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഭരണ-പ്രതിപക്ഷ നിരയില്‍ വാക്‌പോര് മുറുകുകയാണ്. 'ലൈവ് ആയി കേരളം മുഴുവന്‍ കണ്ട കാഴ്ച മറച്ചുവച്ച് അജിത് കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എഴുതിയ തിരക്കഥയാണിത്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തെറ്റാണ്-കെ. മുരളീധരന്‍ (കോണ്‍ഗ്രസ് നേതാവ്)

പ്രധാന ആരോപണങ്ങള്‍

തിരഞ്ഞെടുപ്പ് അട്ടിമറി

2024-ലെ പൂരം അട്ടിമറിച്ചത് സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമായിരുന്നുവെന്നാണ് സി.പി.ഐ നേരത്തെ ആരോപിച്ചത്. പുതിയ റിപ്പോര്‍ട്ട് സി.പി.ഐ അംഗീകരിക്കുമോ എന്നത് നിര്‍ണ്ണായകമാണ്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കെ. മുരളീധരന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ വീഴ്ചകള്‍ നേരത്തെ ഡിജിപി ചൂണ്ടിക്കാട്ടിയിട്ടും, പുതിയ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയത് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

പശ്ചാത്തലം: എന്താണ് സംഭവിച്ചത്?

2024 ഏപ്രിലിലാണ് കേരള ചരിത്രത്തിലാദ്യമായി തൃശൂര്‍ പൂരം വെടിക്കെട്ട് തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായത്. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് പൂരം കലക്കിയതെന്നാരോപിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് 2024 ഒക്ടോബറില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്.

Tags:    

Similar News