അതിവേഗത്തിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ; പെട്ടെന്ന് ചുറ്റും കറുത്ത പുക മറഞ്ഞു; പരിഭ്രാന്തിയിൽ യാത്രക്കാർ; പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് കോച്ചുകളിലേക്ക് തീആളിക്കത്തി; ഒഴിവായത് വൻ ദുരന്തം
സിർഹിന്ദ്: പഞ്ചാബിൽ അമൃത്സറിൽ നിന്ന് സഹർസയിലേക്ക് പോകുകയായിരുന്ന ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിന് സിർഹിന്ദ് റെയിൽവേ സ്റ്റേഷന് സമീപം തീപിടിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിനിൻ്റെ മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നതായും, ഒരു കോച്ച് പൂർണ്ണമായും കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ച സിർഹിന്ദ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ട്രെയിനിൻ്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. നിമിഷങ്ങൾക്കകം തീ മറ്റ് രണ്ട് കോച്ചുകളിലേക്കും പടർന്നു. തീ പടർന്നതറിഞ്ഞ ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തുടർന്ന് അഗ്നിശമന സേനയെത്തി തീയണക്കാനുള്ള നടപടികൾ ആരംഭിച്ചു.
തീപിടുത്തമുണ്ടായ ബോഗിയിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ട്രെയിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ട്രെയിൻ നിർത്തുകയും തീയണക്കാൻ ശ്രമം ആരംഭിക്കുകയും ചെയ്തതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. റെയിൽവേ അധികൃതരും അഗ്നിശമന സേനയും ചേർന്ന് നടത്തിയ ശ്രമത്തിലൂടെ തീ നിയന്ത്രണവിധേയമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീപിടുത്തത്തിൽ ഒരു കോച്ച് പൂർണ്ണമായും കത്തി നശിച്ചെങ്കിലും, എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചത് ആശ്വാസകരമാണ്. സംഭവത്തെ തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതത്തിന് താൽക്കാലിക തടസ്സമുണ്ടായി. റെയിൽവേ അധികൃതർ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അറിയിച്ചു.