10 വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ വെള്ളത്തിലായി; ജീവിതം വഴി മുട്ടി; സമരവുമായി ചിത്രകാരി സജിത ശങ്കര്‍; ബിജെപി നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്

നിക്ഷേപകര്‍ നല്‍കിയത് 58 കേസുകള്‍

Update: 2024-09-07 10:35 GMT

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് നിക്ഷേപകരുടെ വിശ്വാസത്തിന് കോട്ടം വരുത്തിയത് ചില്ലറയല്ല. കരുവന്നൂരിന്റെ ആവര്‍ത്തനങ്ങള്‍ പലതുകണ്ടു. ഏറ്റവും ഒടുവില്‍, വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്, ബിജെപിയുടെ ഭരണസമിതി നിയന്ത്രിക്കുന്ന തിരുവനന്തപുരം ജില്ലയിലെ തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ കോടികളുടെ തട്ടിപ്പാണ്. 2004ല്‍ പ്രവര്‍ത്തനമാരംഭിച്ച സഹകരണസംഘം ഇപ്പോള്‍ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന്‍ കീഴിലാണ്. ഭരണസമിതി അംഗങ്ങള്‍ ഒളിവിലാണ്. തട്ടിപ്പില്‍, ചില ബിജെപി നേതാക്കളും ആരോപണ നിഴലിലാണ്. തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ തട്ടിപ്പ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത് ചിത്രകാരി സജിത ആര്‍ ശങ്കറിന്റെ രണ്ടുദിവസം മുമ്പുളള ഫേസ്ബുക്ക് കുറിപ്പോടെയാണ്.

സജിതയുടെ കുറിപ്പ് ഇങ്ങനെ:

ഒരു സങ്കടം രേഖപ്പെടുത്തുന്നു.

കഴിഞ്ഞ പത്തുവര്‍ഷകാലത്തെ എനിക്ക് കിട്ടിയ അവാര്‍ഡ് പണവും ചിത്രങ്ങള്‍ വിറ്റു കിട്ടിയ എന്റെ സമ്പാദ്യവും ഒക്കെ ഞാനൊരു സഹകരണ ബാങ്കില്‍ ഇട്ട് അതിന്റെ പലിശയിലാണ് ജീവിച്ചു പോയിരുന്നത്. മറ്റൊരു ജോലിക്കും പോകാതെ മുഴുവന്‍ സമയം കലാ പ്രവര്‍ത്തനവുമായി കഴിഞ്ഞിരുന്ന എന്റെ അതിജീവനം പ്രതിസന്ധിയിലായിരിക്കുന്നു. തകര പറമ്പിലുള്ള തിരുവിതാംകൂര്‍ സഹകരണബാങ്കാണ് പണി തന്നത്( എം. സ്. കുമാര്‍ പ്രസിഡന്റ് / മാണിക്കം വൈസ് പ്രസിഡന്റ് ) ദീപ ( മാനേജര്‍ ). ഒന്നര വര്‍ഷമായി ബാങ്കില്‍ പോയി നിരാഹാരമിരുന്നും സമരം ചെയ്തും പലപ്പോഴായി ചെറിയ ചെറിയ തുക തന്നു വന്നു. ഇന്നിപ്പോള്‍ മുതലുമില്ല പലിശയുമില്ലാതായി. #IWantJustice

സജിതാ ശങ്കര്‍ ( ചിത്രകാരി ).

ബിജെപി മുന്‍ സംസ്ഥാന വക്താവ് എം എസ് കുമാര്‍ പ്രസിഡന്റായിരുന്ന സംഘമാണ് തിരുവിതാംകൂര്‍ സഹകരണ സംഘം. 42 കോടിയോളം രൂപയുടെ തട്ടിപ്പ് ബാങ്കില്‍ നടന്നതായി കാട്ടി നിക്ഷേപകര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഫോര്‍ട്ട്, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി 58 കേസ് രജിസ്റ്റര്‍ ചെയ്തു. എം എസ് കുമാറാണ് ഒന്നാം പ്രതി.

പണം അത്യാവശ്യം വന്നപ്പോള്‍, 2 ലക്ഷം രൂപ എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് സജിതയുടെ പരാതി. പിന്നീട് ആറ് ഗഡുക്കളായി രണ്ട് ലക്ഷം രൂപ കിട്ടി. വീണ്ടും ഒരാവശ്യം വന്നപ്പോഴും ബാങ്കില്‍ പണമില്ലെന്ന മറുപടിയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കാലാവധി പൂര്‍ത്തിയായ ഫിക്‌സ്ഡ് ഡെപ്പോസിറ്റില്‍ നിന്നുള്ള തുകയാണ് താന്‍ ആവശ്യപ്പെട്ടതെന്നും സജിത ശങ്കര്‍ പറഞ്ഞു. സമരങ്ങള്‍ക്കൊടുവില്‍ 2028-ല്‍ കാലാവധി എത്തുന്ന തുക അടക്കം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ്. ബാങ്കിലെത്തി ബഹളം വയ്ക്കുമ്പോള്‍ ചെറിയ തുക നല്‍കി പറഞ്ഞുവിടാന്‍ നോക്കും.

സജിതയുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്കിലെ മാനേജര്‍ ദീപയുമായുള്ള അടുപ്പം കൊണ്ടാണ് പണം അവിടെ നിക്ഷേപിച്ചത്. അതിന്റെ പലിശ വാങ്ങിയാണ് വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു വിനിയോഗിച്ചിരുന്നതെന്നും സജിത ശങ്കര്‍ പറഞ്ഞു.

'ഒന്നര വര്‍ഷമായി ഇതിന്റെ പിന്നാലെയാണ്. ചിത്രം വരയ്ക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. പണം തിരികെ കിട്ടാനുള്ള പോരാട്ടത്തിലായിരുന്നു മുഴുവന്‍ സമയവും. ജീവിതത്തില്‍ വേറെ വഴിയില്ല. എന്നും ബാങ്കില്‍ പോയി രാത്രി വരെ അവിടെ ഇരിക്കേണ്ട അവസ്ഥ. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് ഒറ്റയ്ക്കു മുന്നോട്ടുപോകാന്‍ കരുത്തുളളതുകൊണ്ടാണ് പിടിച്ചുനില്‍ക്കുന്നത്'' സജിത പറഞ്ഞു.

32 കോടി നഷ്ടം കണ്ടെത്തിയ സംഘത്തില്‍ ആകെ 2,152 നിക്ഷേപങ്ങളുണ്ട്. മുന്നൂറിലേറെപ്പേര്‍ക്ക് പേര്‍ക്കു പണം ലഭിക്കാനുണ്ടെങ്കിലും 115 പേര്‍ മാത്രമാണ് പരാതി നല്‍കിയത്. സംഘത്തിന്റെ സെക്രട്ടറി ഇന്‍ചാര്‍ജ് ആയിരുന്ന ദീപയെയും കേസില്‍ പ്രതിചേര്‍ത്തു. സംഘം മുന്‍ പ്രസിഡന്റും ബിജെപി നേതാവുമായ എം.എസ്.കുമാര്‍, സെക്രട്ടറി എസ്.ഇന്ദു എന്നിവര്‍ നേരത്തേതന്നെ പ്രതികളാണ്. കാലാവധി കഴിഞ്ഞിട്ടും തുക ലഭിച്ചില്ലെന്ന് കാട്ടി കഴിഞ്ഞ വര്‍ഷമാണ് നിക്ഷേപകര്‍ ആദ്യം സഹകരണ വകുപ്പിലും തട്ടിപ്പു പുറത്തു വന്നതോടെ പിന്നീടു പൊലീസിലും പരാതി നല്‍കിയത്. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാതെ വായ്പ നല്‍കിയായിരുന്നു തട്ടിപ്പ്. ബിജെപി നേതാവായ ജി.മാണിക്യം (വൈസ് പ്രസിഡന്റ്), എം.ശശിധരന്‍, എസ്.ഗോപകുമാര്‍, കെ.ആര്‍.സത്യചന്ദ്രന്‍, എസ്.ഗണപതി പോറ്റി, ജി.ബിനുലാല്‍, സി.എസ്.ചന്ദ്രപ്രകാശ്, ടി.ദീപ, കെ.എസ്.രാജേശ്വരി, ചന്ദ്രിക നായര്‍ എന്നിവരാണ് അവസാന ഭരണസമിതിയിലെ അംഗങ്ങള്‍. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ആരും മത്സരിക്കാന്‍ തയാറായില്ല. ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ് സംഘം.

Tags:    

Similar News