പത്തനംതിട്ട എല്‍ ഡി എഫില്‍ ആകെ പ്രശ്നം; ജില്ലാ പഞ്ചായത്തിലും പറക്കോട് ബ്ലോക്കിലും ഏറത്ത് പഞ്ചായത്തിലും സിപിഐ-സിപിഎം അധ്യക്ഷന്മാര്‍ വാക്ക് പാലിച്ചില്ല; തിരിച്ചടി നേരിട്ട് കേരളാ കോണ്‍ഗ്രസ് (എം); ടൂര്‍ പോയി വന്നിട്ട് രാജി വയ്ക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട എല്‍.ഡി.എഫില്‍ ആകെ പ്രശ്നം

Update: 2025-01-13 16:36 GMT

പത്തനംതിട്ട: സിപിഐയും സിപിഎമ്മും ധാരണ പ്രകാരം തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം രാജി വയ്ക്കാത്തതിനെ തുടര്‍ന്ന് വെട്ടിലായത് കേരളാ കോണ്‍ഗ്രസ് (എം). പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത്, ഏറത്ത് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ മുന്‍ധാരണ പ്രകാരം ഇന്ന് അധ്യക്ഷന്മാര്‍ രാജി വയ്ക്കാന്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. ജില്ലാ പഞ്ചായത്തില്‍ സിപിഐയിലെ രാജി പി. രാജപ്പനാണ് പ്രസിഡന്റ്. രാജി പി. രാജപ്പന്‍ രാജി വച്ചാല്‍ അടുത്ത അവസരം കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജ് ഏബ്രഹാമിനാണ്. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മാണി ഗ്രൂപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ പോകുന്നത്. എന്നാല്‍, പറക്കോട് ബ്ലോക്കിലും ഏറത്ത് പഞ്ചായത്തിലും നിലവിലുള്ള സി.പി.എമ്മുകാരായ പ്രസിഡന്റുമാര്‍ രാജി വയ്ക്കാത്തതിന്റെ പേരില്‍ ജില്ലാ പഞ്ചായത്തില്‍ രാജി പി. രാജപ്പന്‍ രാജി വയ്ക്കണ്ട എന്ന് സിപിഐ ജില്ലാ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.

പറക്കോട് ബ്ലോക്കില്‍ സി.പി.എമ്മിലെ ആര്‍. തുളസീധരന്‍ പിള്ളയും ഏറത്ത് ഗ്രാമപഞ്ചായത്തില്‍ സന്തോഷ് ചാത്തന്നൂപ്പുഴയുമാണ് രാജി വയ്ക്കാതിരുന്നത്. ധാരണ പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി അലക്സ് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല, സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ എന്നിവര്‍ക്ക് കത്തു നല്‍കി. ഞായറാഴ്ച വൈകുന്നേരം സിപിഎം, സിപിഐ ജില്ലാ നേതാക്കള്‍ കൂടിയാലോചിച്ച് ഇന്നലെ അധ്യക്ഷ സ്ഥാനങ്ങളില്‍ നിന്ന് രാജി ഉണ്ടാകണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ മൂന്നിടങ്ങളിലും വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് രാജി നീട്ടി.

ജില്ലാ പഞ്ചായത്തില്‍ സി.പി.ഐ പ്രതിനിധി രാജി പി. രാജപ്പന്‍ രാജിക്കു തയാറായി രാവിലെ ഓഫീസില്‍ എത്തിയെങ്കിലും പാര്‍ട്ടി നിര്‍ദേശം എത്തിയില്ല. പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ സി.പി.എം പ്രതിനിധിയായ പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള സ്ഥാനമൊഴിഞ്ഞ് അധ്യക്ഷ സ്ഥാനം സിപിഐയ്ക്ക് കൈമാറണം. ഏറത്ത് സി.പി.എം പ്രതിനിധി സന്തോഷ് ചാത്തന്നൂപ്പുഴ രാജിവച്ച് പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്ക് നല്‍കണം. ഈ രണ്ട് ധാരണകളും നടപ്പാകാതെ വന്നതോടെയാണ് ജില്ലാ പഞ്ചായത്തിലും രാജി വൈകിയത്.

സി.പി.ഐ പ്രതിനിധി രാജിവയ്ക്കാതെ വന്നതോടെ കേരള കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സി.പി.എം, സി.പി.ഐ ചര്‍ച്ച നടന്നത്. ജില്ലാ നേതാക്കള്‍ ധാരണയിലെത്തിയെങ്കിലും പറക്കോട് ബ്ലോക്കിലും ഏറത്ത് പഞ്ചായത്തിലും നിലവിലെ പ്രസിഡന്റുമാര്‍ ഏതാനും ദിവസങ്ങളുടെ സാവകാശം ചോദിക്കുകയായിരുന്നു.

അവധി ദിവസമായതിനാല്‍ ജില്ലാ പഞ്ചായത്തിലോ ഇതര തദ്ദേശ സ്ഥാപനങ്ങളിലോ അധ്യക്ഷരുടെ രാജി നാളെ ഉണ്ടാകില്ല. 15 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നാണ് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്കു നല്‍കിയിരിക്കുന്ന ഉറപ്പ്. എന്നാല്‍ 15 മുതല്‍ ജില്ലാ പഞ്ചായത്തംഗങ്ങളുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം ആരംഭിക്കുകയാണ്. പ്രസിഡന്റ് രാജിവച്ചശേഷം യാത്രയ്ക്കു പോകാനുള്ള സാധ്യത കുറവാണ്. ഇതിനു മുന്‍പായി രാജി നല്‍കി വൈസ് പ്രസിഡന്റിനു ചുമതല നല്‍കുകയായിരുന്നു ലക്ഷ്യം.

നേരത്തെ തന്നെ തീരുമാനിച്ച യാത്രയാണ് അരുണാചല്‍പ്രദേശിലേക്കുള്ളത്. മടങ്ങി വന്ന ശേഷം രാജിയെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്ന ധാരണയാകും ഇനിയുള്ളത്. അവസാന ഒരുവര്‍ഷമാണ് കേരള കോണ്‍ഗ്രസ് എമ്മിനു പറഞ്ഞിരുന്നത്. സിപിഐയ്ക്കും ഒരു വര്‍ഷം പറഞ്ഞിരുന്നെങ്കിലും അവര്‍ക്കു സ്ഥാനം ലഭിച്ചത് മൂന്നുമാസം വൈകിയാണ്. അടുത്ത ഡിസംബര്‍ ആദ്യം പുതിയ തെരഞ്ഞെടുപ്പ് നടക്കും. ഇതോടെ ഇനി ചുമതലയേല്‍ക്കുന്നവര്‍ക്ക് അധ്യക്ഷ സ്ഥാനത്ത് മാസങ്ങള്‍ മാത്രമേ ഉണ്ടാകൂ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരേന്ത്യന്‍ പര്യടനം മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് കത്ത് നല്‍കിയിരിക്കുന്നത്.

Tags:    

Similar News