ഒരാള്‍ അഭയാര്‍ത്ഥികളെ പുറത്താക്കുന്നയാള്‍; രണ്ടാമത്തെയാള്‍ കുട്ടികളെ കൊല്ലുന്നയാള്‍; കുറഞ്ഞ തിന്മ തെരഞ്ഞെടുക്കുകയെന്നത് മാത്രമാണ് വഴി; ട്രംപിനേയും കമലയേയും വിമര്‍ശിച്ച് മാര്‍പാപ്പ

'അവര്‍ ജീവിതത്തിനെതിരായവര്‍, ചെറിയ തിന്മയെ സ്വീകരിക്കൂ'

Update: 2024-09-14 07:55 GMT

വത്തിക്കാന്‍: നവംബര്‍ അഞ്ചിന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനേയും രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇതില്‍ നിന്ന് കുറഞ്ഞ തിന്മ തെരഞ്ഞെടുക്കുക മാത്രമാണ് വോട്ടമാര്‍ക്ക് മുന്നിലെ വഴിയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രതികരിക്കുന്നത്. അത്യപൂര്‍വമായാണ് മാര്‍പ്പാപ്പ രാഷ്ട്രീയ പ്രതികരണം നടത്തുന്നത്.

കുടിയേറ്റത്തൊഴിലാളികള്‍ക്കെതിരായ നയം സ്വീകരിച്ചതിനായിരുന്നു ട്രംപിനെതിരായ വിമര്‍ശനം. അതേസമയം, ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന കമലാ ഹാരിസിന്റെ നിലപാടാണ് മാര്‍പ്പാപ്പയെ ചൊടിപ്പിച്ചത്. കുടിയേറ്റക്കാരെ ഉപേക്ഷിക്കുന്നനും കുഞ്ഞുങ്ങളെ കൊല്ലുന്നവനും ജീവനെതിരാണെന്ന് മാര്‍പ്പാപ്പ തുറന്നടിച്ചു. ഇരുവരുടേയും പേര് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

'ഞാന്‍ ഒരു അമേരിക്കക്കാരനല്ല. എനിക്ക് അവിടെ വോട്ടില്ല. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നതും അവര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം നല്‍കാത്തതും പാപമാണ്. ഗര്‍ഭഛിദ്രം കൊലപാതകമായതിനാലാണ് സഭ ഇക്കാര്യത്തെ എതിര്‍ക്കുന്നത്', മാര്‍പ്പാപ്പ പറഞ്ഞു.

വോട്ടര്‍മാര്‍ എന്ത് നിലപാട് എടുക്കണമെന്ന ചോദ്യത്തിന് കുറഞ്ഞ തിന്മയെ സ്വീകരിക്കാനായിരുന്നു മറുപടി. ആ സ്ത്രീയാണോ പുരുഷനാണോ കുറഞ്ഞ തിന്മ ചെയ്യുന്നതെന്ന് തനിക്കറിയില്ല. ജനങ്ങള്‍ മനസാക്ഷിപൂര്‍വം ചിന്തിച്ച് വോട്ട് രേഖപ്പെടുത്താനും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

കാത്തലിക് വിഭാഗത്തിലെ വോട്ടര്‍മാരോടാണ് തിന്മ കുറഞ്ഞവരെ തെരഞ്ഞെടുക്കാന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്. ട്രംപിന്റെ കുടിയേറ്റത്തിനെതിരായ നിലപാടിനെ ഗുരുതരമായ പാപമെന്നും ഗര്‍ഭഛിദ്രത്തിന് അനുകൂലമായ കമല ഹാരിസിന്റെ നിലപാടിനെ കൊലപാതകമെന്നുമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശേഷിപ്പിക്കുന്നത്. ഒരാള്‍ അഭയാര്‍ത്ഥികളെ പുറത്താക്കുന്നയാളും രണ്ടാമത്തെയാള്‍ കുട്ടികളെ കൊല്ലുന്നയാളും ഇവ രണ്ടും ജീവന് എതിരായ പ്രവര്‍ത്തിയാണെന്നാണ് മാര്‍പ്പാപ്പ വെള്ളിയാഴ്ച പ്രതികരിച്ചത്.

എന്നാല്‍ പരാമര്‍ശങ്ങളില്‍ ഇരുസ്ഥാനാര്‍ത്ഥികളുടേയും പേര് മാര്‍പ്പാപ്പ ഉള്‍പ്പെടുത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള 1.4 ബില്യണ്‍ കത്തോലിക്കാ വിശ്വാസികളില്‍ 52 മില്യണാണ് അമേരിക്കയിലെ കത്തോലിക്കാ വിഭാഗം. എല്ലാവരോടും വോട്ട് രേഖപ്പെടുത്തണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. വോട്ടെടുപ്പ് മോശമായ കാര്യമല്ല എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും കുറഞ്ഞ തിന്മയെ തെരഞ്ഞെടുക്കണമെന്നുമാണ് മാര്‍പ്പാപ്പ വ്യക്തമാക്കുന്നത്.

കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ് കാക്കണമെന്നും അവര്‍ക്ക് ന്യായമായ വേതനമുറപ്പാക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. കുടിയേറ്റത്തൊഴിലാളികള്‍ സമൂഹത്തിന് കാര്യമായ സംഭാവനചെയ്യുന്നുണ്ടെന്നും പാപ്പ ഓര്‍മ്മപ്പെടുത്തിയിരുന്നു.

ട്രംപിനെതിരായ മാര്‍പ്പാപ്പ പരാമര്‍ശനം നടത്തുന്നത് ഇത് ആദ്യത്തെ തവണയല്ല. 2016 തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ കുടിയേറ്റ നിലപാട് നിമിത്തം അക്രൈസ്തവന്‍ എന്നായിരുന്ന മാര്‍പ്പാപ്പ വിശേഷിപ്പിച്ചത്. അടുത്തിടെയും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ അധികാരത്തിലേറിയാല്‍ പുറത്താക്കുമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപും കമലാ ഹാരിസും തമ്മിലുള്ള ആദ്യ സംവാദം കഴിഞ്ഞതിന് പിന്നാലെയാണ് മാര്‍പ്പാപ്പയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News