റഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ ഇന്ത്യയും ചൈനയും; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഉടന്‍ നിര്‍ത്തണം; യൂറോപ്യന്‍ യൂണിയന്‍ ഇരുരാജ്യങ്ങള്‍ക്കും എതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണം; ഇന്ത്യ-പാക്കിസ്ഥാനടക്കം ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന അവകാശവാദം ഉന്നയിച്ച് വീണ്ടും ട്രംപ്; ഐക്യരാഷ്ട്രസഭക്ക് എതിരെയും വിമര്‍ശനം
യൂറോപ്യന്‍ യൂണിയന്‍ ഇരുരാജ്യങ്ങള്‍ക്കും എതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണമെന്നും ഡൊണാള്‍ഡ് ട്രംപ്
ജനീവ: റഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ ഇന്ത്യയും ചൈനയുമെന്ന് ആരോപിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഉടന്‍ നിര്‍ത്തണമെന്നും ട്രംപ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യക്കും ചൈനക്കും എതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണം.
ഗാസയില്‍ വെടിനിര്‍ത്തല്‍ എങ്ങനെയെങ്കിലും നടപ്പാക്കണമെന്നും ബന്ദികളെ ഉടന്‍ വിട്ടയക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്നും ട്രംപ് പറഞ്ഞു. ഇന്ന് എല്ലാ രാജ്യങ്ങളും ഏറ്റവുമധികം ബഹുമാനിക്കുന്ന രാജ്യം അമേരിക്കയാണ്.
ഏഴ് യുദ്ധങ്ങള്‍ 7 മാസം കൊണ്ട് അവസാനിപ്പിച്ചത് താനാണ്. ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചതും താനാണ്. എന്നാല്‍ ഒരു നന്ദി പോലും യുഎന്‍ രേഖപ്പെടുത്തിയില്ല. നൊബേല്‍ പ്രൈസ് തനിക്ക് അവകാശപ്പെട്ടതാണെന്ന് ട്രംപ് പറഞ്ഞു. യുഎന്നിന് ഇന്ന് ഒരു പ്രസക്തിയുമില്ല. യുഎന്നിന് നിലനില്‍ക്കാന്‍ കഴിയുമോ എന്ന് പോലും സംശയമാണ്. ലോകത്തിന് നേതൃത്വം നല്‍കേണ്ടത് അമേരിക്കയാണ്. തനിക്ക് യുഎന്‍ നല്‍കിയത് പ്രവര്‍ത്തിക്കാത്ത ടെലിപ്രോംപ്റ്ററും, കേടു വന്ന ഒരു എസ്‌കലേറ്ററുമാണ്. മെലാനിയ ട്രംപ് അത് കാരണം വീഴാന്‍ പോയെന്നും ഡൊണാള്‍ഡ് ട്രംപ് യുഎന്നില്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ കഴിവുകേടിനെ കുറിച്ചും ട്രംപ് വാചാലനായി. 'വെറുംവാക്കുകള്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കില്ല,' എന്ന് പറഞ്ഞുകൊണ്ട് ട്രംപ് വിമര്‍ശനം കൂടുതല്‍ ശക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ച ട്രംപ് അതിന് വളരെ വലിയ സാധ്യതകളുണ്ടെന്ന് താന്‍ എപ്പോഴും പറഞ്ഞിട്ടുണ്ടെന്നും പക്ഷേ ആ സാധ്യതകള്‍ക്കൊത്ത് ഉയരാന്‍ അതിന് സാധിക്കുന്നില്ലെന്നും വ്യക്തമാക്കി. തന്റെ രണ്ടാം ഭരണകാലത്ത് ഇതുവരെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്നും ഒരിക്കലും അവസാനിക്കാത്തവ ആണെന്ന് ആളുകള്‍ പറഞ്ഞിരുന്ന യുദ്ധങ്ങളാണ് അവയെന്നും ട്രംപ് അവകാശപ്പെട്ടു.
കംബോഡിയയും തായ്‌ലന്‍ഡും; കൊസോവോയും സെര്‍ബിയയും; പാകിസ്താനും ഇന്ത്യയും; ഇസ്രായേലും ഇറാനും; ഈജിപ്തും എത്യോപ്യയും; അര്‍മേനിയയും അസര്‍ബൈജാനും; കൂടാതെ ഡിആര്‍ കോംഗോയും റുവാണ്ടയും തമ്മിലുള്ള 'ക്രൂരമായ, അക്രമാസക്തമായ യുദ്ധവും' ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍ താന്‍ അവസാനിപ്പിച്ചെന്ന് ട്രപ് അവകാശപ്പെട്ടു.
മറ്റൊരു പ്രസിഡന്റും ഇതിനടുത്ത് വരുന്ന ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവയിലൊന്നിലും യുഎന്‍ 'സഹായിക്കാന്‍ ശ്രമിക്കുക പോലും ചെയ്തില്ല എന്നും ട്രംപ് കുറ്റപ്പെടുത്തി. ഒരു മോശം എസ്‌കലേറ്ററും ഒരു തകര്‍ന്ന ടെലിപ്രോംപ്റ്ററും മാത്രമേ യുഎന്നില്‍ തനിക്ക് ലഭിച്ചിട്ടുള്ളൂവെന്നും ട്രംപ് പരിഹസിച്ചു.
യൂറോപ്പില്‍ അനധികൃത കുടിയേറ്റം ഭയാനകമാണ്. ശരിയ നിയമങ്ങളിലേക്ക് ലണ്ടന്‍ പോകുകയാണെന്നും പറഞ്ഞ ട്രംപ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനേയും വിമര്‍ശിച്ചു. അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ യൂറോപ്പ് നരകത്തിലേക്കാണ് പോവുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.