വിവാദം ആറിത്തണുത്തെന്ന് കരുതി ഡോ.ഹാരിസിനെ കുറ്റക്കാരനാക്കി ഒരുവഴിക്കാക്കാന്‍ ആരോഗ്യ വകുപ്പ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടക്കി എന്നതടക്കം കള്ളങ്ങള്‍ കുത്തിനിറച്ച് കാരണം കാണിക്കല്‍ നോട്ടീസ്; ഉപകരണം ഇല്ലെന്ന് താന്‍ തുറന്നുപറഞ്ഞതെല്ലാം തെറ്റെന്ന് നോട്ടീസിലെന്ന് ഡോ.ഹാരിസ്; സര്‍ക്കാരിന്റേത് സ്വയംരക്ഷാ നടപടിയെന്നും ഡോക്ടര്‍
ഡോ.ഹാരിസിനെ കുറ്റക്കാരനാക്കി ഒരുവഴിക്കാക്കാന്‍ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യൂറോളജി വിഭാഗത്തിലെ ഉപകരണ ക്ഷാമം തുറന്നുപറഞ്ഞതിന്റെ പേരിലുള്ള വിവാദം തണുത്തതോടെ വിവരം വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡോക്ടറുടെ വെളിപ്പെടുത്തല്‍ സര്‍വീസ് ചട്ടലംഘനമാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് ശിക്ഷാനടപടിയല്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമാണെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ഡോക്ടറില്‍ നിന്ന് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍നടപടികളുണ്ടാകും.
ഡോ.ഹാരിസിന്റെ പ്രതികരണം
താന്‍ പറഞ്ഞതെല്ലാം തെറ്റാണെന്നാണ് നോട്ടീസില്‍ ഉള്ളത്. ക്യത്യമായ മറുപടി അന്ന് തന്നെ നല്‍കിയിരുന്നു. ശസ്ത്രക്രിയ മുടക്കി എന്ന ആരോപണം കള്ളമാണ്. ശസ്ത്രക്രിയ നടത്തിയത് മറ്റൊരു ഡോക്ടറുടെ ഉപകരണം വച്ചായിരുന്നു.
മെഡിക്കല്‍ കോളേജില്‍ ഉപകരണം ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്. ഉപകരണ ക്ഷാമം പലവട്ടം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെയും പ്രിന്‍സിപ്പിലിനെയും അറിയിച്ചിരുന്നു. പരസ്യമായി പ്രതികരിച്ചത് എല്ലാ വഴിയും അടഞ്ഞപ്പോഴാണ്. കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കും. സര്‍ക്കാരിന്റേത് സ്വയംരക്ഷാ നടപടിയാണെന്നും അതെന്തായാലും നേരിടുമെന്നും ഡോ.ഹാരിസ് പറഞ്ഞു.
തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപകരണ ക്ഷാമം അടക്കം അപര്യാപ്തതകള്‍ തുറന്നുപറഞ്ഞതോടെയാണ് ഡോ.ഹാരിസ് ആരോഗ്യ വകുപ്പിന് അനഭിമതനായത്. ഉപകരണങ്ങളില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടര്‍ച്ചയായി ശസ്ത്രക്രിയകള്‍ മുടങ്ങിയപ്പോഴാണ് ഡോ.ഹാരിസ് പൊതുജനമധ്യത്തില്‍ വന്നത്.
'എന്നെ പിരിച്ചുവിട്ടോട്ടെ, ഈ സര്‍വീസ് മടുത്തു.' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കുന്നവരോട് ഡോക്ടര്‍മാര്‍ കൈമലര്‍ത്തുന്നു. എന്തുചെയ്യണമെന്നറിയാതെ പാവപ്പെട്ട രോഗികളും ബന്ധുക്കളും കഷ്ടപ്പെടുകയാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പുതേഞ്ഞു, ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, ഉപകരണങ്ങളില്ലാത്തതിനാല്‍ തുടര്‍ച്ചയായി ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ടിവന്നുവെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഡോക്ടറുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചിരുന്നു. മാറ്റിവച്ച ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്തു. ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗമാണ് ഉപകരണങ്ങള്‍ എത്തിച്ചത്.
ഹാരിസ് സത്യസന്ധനായ ഡോക്ടറാണെന്നും കഠിനാധ്വാനം ചെയ്യുന്നയാളാണെന്നും സംവിധാനങ്ങളുടെ പ്രശ്നമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഡോക്ടറെ വിമര്‍ശിച്ചിരുന്നു.