23 ലക്ഷം രൂപയ്ക്ക് ഇന്ത്യക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ യുഎഇയില്‍ താമസിക്കാനുള്ള പുതിയ ഗോള്‍ഡന്‍ വിസയോ? വ്യാപകമായി പ്രചരിച്ച വാര്‍ത്ത ശരിയോ? പുതിയ ആജീവനാന്ത വിസ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് യുഎഇ സര്‍ക്കാര്‍ വിശദീകരണം; പൊതുജനങ്ങള്‍ക്കുണ്ടായ ആശയക്കുഴപ്പത്തിന് മാപ്പുപറഞ്ഞ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റായദ് ഗ്രൂപ്പ്; ഐസിപിയുടെ നടപടി വന്നേക്കും
23 ലക്ഷം രൂപയ്ക്ക് ഇന്ത്യക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ യുഎഇയില്‍ താമസിക്കാനുള്ള പുതിയ ഗോള്‍ഡന്‍ വിസയോ?
ദുബായ്: 23 ലക്ഷം രൂപയ്ക്ക് ഇന്ത്യക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ താമസിക്കുന്നതിനുള്ള പുതിയ ഗോള്‍ഡന്‍ വിസ യുഎഇ അവതരിപ്പിച്ചുവോ? ഇന്ത്യന്‍ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വളരെയേറെ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്. മുമ്പുണ്ടായിരുന്ന നിക്ഷേപാധിഷ്ഠിത റസിഡന്‍സി മോഡലിന് പകരം നാമനിര്‍ദ്ദേശാടിസ്ഥാനത്തിലുള്ള ഗോള്‍ഡന്‍ വിസ സമ്പ്രദായം കൊണ്ടുവരുന്നു എന്നായിരുന്നു വാര്‍ത്ത. വസ്തുവിലോ, ബിസിനസിലോ നിക്ഷേപിക്കാതെ തന്നെ ഒറ്റത്തവണയായി 23.3 ലക്ഷം രൂപ അടച്ച് ലൈഫ് ടൈം റസിഡന്‍സി വിസ സമ്പാദിക്കാമെന്നത് തീര്‍ച്ചയായും വളരെ ആകര്‍ഷകമാണ്.
കാരണം, ഇതുവരെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ പദ്ധതി പ്രകാരം, ഉയര്‍ന്ന മൂല്യമുള്ള നിക്ഷപങ്ങള്‍ അത്യാവശ്യമായിരുന്നു. വസ്തുവില്‍ ചുരുങ്ങിയത് 4.66 കോടിയെങ്കിലും നിക്ഷേപിക്കണമായിരുന്നു. പുതിയ ഗോള്‍ഡന്‍ വിസ സമ്പ്രദായ പ്രകാരം അപേക്ഷകരെ അവരുടെ പ്രൊഫഷണല്‍ പശ്ചാത്തലം, സാമൂഹിക സംഭാവനകള്‍, യുഎഇയുടെ സംസ്്കാരിക, വാണിജ്യ, ശാസ്ത്ര, സാമ്പത്തിക രംഗത്തെ ഗുണകരമായ സംഭാവനകള്‍ എന്നിവ കണക്കിലെടുത്ത് നാമനിര്‍ദ്ദേശം ചെയ്യാമെന്നായിരുന്നു വാര്‍ത്ത.
പദ്ധതിയുടെ പൈലറ്റ് ഘട്ടം ഇന്ത്യയിലും ബംഗ്ലാദേശിലുമായി തുടങ്ങിയെന്നും ആദ്യമൂന്നുമാസം 5000 ത്തിലേറെ ഇന്ത്യന്‍ അപേക്ഷകരെയാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായും വാര്‍ത്തയിലുണ്ടായിരുന്നു. ഇന്ത്യയില്‍ നാമനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ഗോള്‍ഡന്‍ വിസയുടെ പൈലറ്റ് പദ്ധതി നടപ്പാക്കാന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ദുബായ് കേന്ദ്രമായ റായദ് ഗ്രൂപ്പിനെ തിരഞ്ഞെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
നിഷേധിച്ച് യുഎഇ സര്‍ക്കാര്‍
എന്നാല്‍ യുഎഇ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടുകളില്‍ ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുകയാണ്. ഇത്തരമൊരു ആജീവനാന്ത വിസ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് 2025 ജൂലൈ എട്ടിന് പുറത്തിറക്കിയ പൊതു പ്രസ്താവനയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി) അറിയിച്ചു. ഗോള്‍ഡന്‍ വിസ പദ്ധതിക്ക് കീഴിലുള്ള നിയമങ്ങളും വിഭാഗങ്ങളും യുഎഇ നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ടെന്നും പുതിയ ഫ്ളാറ്റ്-ഫീ അല്ലെങ്കില്‍ ആജീവനാന്ത വിസാ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഐസിപി പ്രസ്താവനയില്‍ അറിയിച്ചു.
2019ലാണ് യുഎഇ ഗോള്‍ഡന്‍ വിസ അവതരിപ്പിച്ചത്. ഒരു പ്രാദേശിക സ്പോണ്‍സറുടെ ആവശ്യകതയില്ലാതെ വിദേശ പൗരന്മാര്‍ക്ക് യുഎഇയില്‍ താമസിക്കാനും ജോലിചെയ്യാനും പഠിക്കാനും അനുമതി ലഭിക്കുന്ന ഒരു ദീര്‍ഘകാല റെസിഡന്‍സി പെര്‍മിറ്റാണത്. ഇതിന് സാധാരണയായി അഞ്ച് അല്ലെങ്കില്‍ പത്ത് വര്‍ഷത്തേക്കാണ് കാലാവധി. കാലാവധി പൂര്‍ത്തിയായ ശേഷം ഇത് പുതുക്കാനുള്ള അവസരവുണ്ട്. വിസ ഉടമകള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്പോണ്‍സര്‍ ചെയ്യാനും കഴിയും.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, സംരംഭകര്‍, സ്പെഷ്യലൈസ്ഡ് പ്രൊഫഷണലുകള്‍(ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞന്മാര്‍, അധ്യാപകര്‍ പോലെയുള്ളവര്‍), വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍ എന്നിവര്‍ക്കാണ് ഈ വിസ ലഭിക്കുന്നതിന് മുന്‍ഗണനയുള്ളത്. നിക്ഷേപകര്‍ കുറഞ്ഞത് 20 ലക്ഷം ദിര്‍ഹത്തിന്റെ മൂല്യമുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ കൈവശം വയ്ക്കേണ്ടതുണ്ട്. അതേസമയം, പ്രൊഫഷണലുകളായവര്‍ ശമ്പളം, തൊഴില്‍ മാനദണ്ഡങ്ങള്‍, യോഗ്യത എന്നിവ പാലിക്കണം. ഈ നിയമങ്ങളെക്കുറിച്ച് ഐസിപി, ജിഡിആര്‍എഫ്എ എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആശയക്കുഴപ്പത്തില്‍ ഖേദം പ്രകടിപ്പിച്ച് റായദ് ഗ്രൂപ്പ്
തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി റായദ് ഗ്രൂപ്പ് ഖലീജ് ംൈസിനെ അറിയിച്ചു. യോഗ്യരായ വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ അപേക്ഷകള്‍ നല്‍കുന്നതിന് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള സാധ്യത വിലയിരുത്താന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമായിരുന്നു എന്നാണ് വിശദീകകണം. എല്ലാ വിസ തീരുമാനങ്ങളും ബന്ധപ്പെട്ട യുഎഇ സര്‍ക്കാര്‍ അധികൃതരുടെ അധികാര പരിധിയിലാണ്. വ്യക്തികള്‍ക്ക് നിലവിലുള്ള നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ സ്വകാര്യമായ ഉപദേശവും, പിന്തുണയും നല്‍കുക മാത്രമാണ് തങ്ങളുടെ റോളെന്നും റായദ് ഗ്രൂപ്പ് വ്യക്തമാക്കി. റിപ്പോര്‍ട്ടുകളിലൂടെ പൊതുജനങ്ങള്‍ക്കുണ്ടായ ആശയക്കുഴപ്പത്തിന് ഗ്രൂപ്പ് ഖേദം പ്രകടിപ്പിച്ചു. ഇനി മുതല്‍ ഗോള്‍ഡന്‍ വിസ ഉപദേഷ്ടാവ് റോളില്‍ തങ്ങള്‍ ഉണ്ടാവില്ലെന്നും റായദ് ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചതിന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി) നടപടി സ്വീകരിച്ചേക്കും.