ധാരണാപത്രത്തിലെ തുടര്‍നടപടികളും പിഎം ശ്രീ നടത്തിപ്പും നിര്‍ത്തിവയ്ക്കാനാണു മന്ത്രിസഭാ തീരുമാനം; അതിനുള്ള അവകാശം സംസ്ഥാനത്തിനുണ്ടെങ്കിലും വ്യവസ്ഥപ്രകാരം ധാരണാപത്രം റദ്ദാക്കാനോ മരവിപ്പിക്കാനോ ഉള്ള അധികാരം കേന്ദ്രത്തിനു മാത്രം; എങ്കിലും ആ കത്ത് മുഖ്യമന്ത്രി അയയ്ക്കും; കേരളത്തോട് കേന്ദ്രം പ്രതികാരം തീര്‍ക്കുമോ?

Update: 2025-10-31 01:22 GMT

തിരുവനന്തപുരം: പിഎം ശ്രീയില്‍ കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ കത്തയക്കും. ഈ കത്ത് കിട്ടിയാല്‍ സര്‍വ്വ ശിക്ഷാ അഭയാന്റെ ആദ്യ ഗഡു കേന്ദ്രം നല്‍കത്തുമില്ല. മുഖ്യമന്ത്രിയുടെ കത്ത് കിട്ടിയാല്‍ കേന്ദ്ര ഈ തീരുമാനവും എടുക്കും. പിഎം ശ്രീ പദ്ധതിയുടെ ഉപാധികള്‍ പുനഃപരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്നും അവരുടെ റിപ്പോര്‍ട്ട് കിട്ടുംവരെ പദ്ധതി നടപ്പാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് അയയ്ക്കും. മുഖ്യമന്ത്രിയാകും ഈ കത്ത് കൈമാറുക. കത്ത് ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ തയാറായി. ഉടന്‍ അയയ്ക്കും. ധാരണാപത്രത്തിലെ തുടര്‍നടപടികളും പിഎം ശ്രീ നടത്തിപ്പും നിര്‍ത്തിവയ്ക്കാനാണു മന്ത്രിസഭ തീരുമാനിച്ചത്. അതിനുള്ള അവകാശം സംസ്ഥാനത്തിനുണ്ട്. എന്നാല്‍, വ്യവസ്ഥപ്രകാരം ധാരണാപത്രം റദ്ദാക്കാനോ മരവിപ്പിക്കാനോ ഉള്ള അധികാരം കേന്ദ്രത്തിനു മാത്രമാണെന്നതാണ് വസ്തുത. എങ്കിലും കത്ത് അയയ്ക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

ധാരണാപത്രത്തില്‍ ഒപ്പിട്ടെങ്കിലും മറ്റു നടപടികള്‍ എല്ലാം കേരളം മരവിപ്പിക്കും. കേന്ദ്രത്തില്‍നിന്നു തുടര്‍നിര്‍ദേശങ്ങളൊന്നും വരാത്തതിനാല്‍ സ്‌കൂളുകളെ തിരഞ്ഞെടുക്കുന്ന നടപടി കേരളം ആരംഭിച്ചിരുന്നില്ല. ഇനി സ്‌കൂളുകളുടെ പട്ടികയും ഉടന്‍ തയ്യാറാക്കില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മാസങ്ങള്‍ക്കുള്ളിലുണ്ട്. അതു കഴിഞ്ഞ് വരുന്ന സര്‍ക്കാരാകും ഇനി തീരുമാനം എടുക്കുക. നിശ്ചിത യോഗ്യതയുള്ള സ്‌കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. ഈ സ്‌കൂളുകള്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ. സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതിയാണ് അപേക്ഷിച്ച സ്‌കൂളുകളില്‍നിന്നു പദ്ധതി നടപ്പാക്കേണ്ടവയെ തിരഞ്ഞെടുക്കേണ്ടത്. ഈ സമതിയേയും നിയോഗിക്കില്ല.

പിഎം ശ്രീ ധാരണാപത്രം റദ്ദാക്കാനോ നിര്‍ത്തിവയ്ക്കാനോ കേന്ദ്രസര്‍ക്കാരിനു മാത്രമേ അധികാരമുള്ളൂവെന്നതാണ് വസ്തുത. എന്നാല്‍ സ്‌കൂളുകളുടെ പട്ടിക നല്‍കാതിരുന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല കേന്ദ്രത്തിന്. പക്ഷേ കേന്ദ്ര ഫണ്ടുകള്‍ കേരളത്തിന് നല്‍കാതിരിക്കാന്‍ കഴിയും. സര്‍വ്വ ശിക്ഷാ അഭയാന്റെ തുക പൂര്‍ണ്ണമായും നഷ്ടമാകും. എങ്കിലും സിപിഐയുടെ എതിര്‍പ്പ് പരിഗണിച്ച് പദ്ധതി വേണ്ടെന്ന് വയ്ക്കുകയാണ് തല്‍കാലത്തേക്ക് സിപിഎം. സിപിഐയുടെ ആവശ്യപ്രകാരം പദ്ധതി കേരളത്തില്‍ നിര്‍ത്തിവയ്ക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ 'ജനയുഗ'ത്തില്‍ എഴുതിയ ലേഖനത്തിലാണ് അതു നടക്കുമോ എന്ന ആശങ്ക സിപിഐ പ്രകാശ് ബാബു പങ്കുവച്ചിരുന്നു.

ധാരണാപത്രം റദ്ദാക്കുന്നതിനോ നിര്‍ത്തിവയ്ക്കുന്നതിനോ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 30 ദിവസത്തെ നോട്ടിസ് നല്‍കണം. ഒപ്പിട്ട 2 കക്ഷികളില്‍ ഒരു കക്ഷിക്കു മാത്രം ഈ അധികാരം നല്‍കുന്ന കരാര്‍ ജനാധിപത്യപരമോ നിയമപരമോ അല്ലെന്നതാണ് സിപിഐയുടെ പക്ഷം. പിഎം ശ്രീ പദ്ധതിയുടെ പേരില്‍ ഇടതുപക്ഷം പൊട്ടിത്തെറിയിലേക്ക് എത്തുമായിരുന്നു. അടുക്കാനാകാത്ത വിധം അകലുമെന്നുകൂടി ബോധ്യപ്പെട്ടതോടെയാണ് സിപിഐക്കു സിപിഎം വഴങ്ങിയത്. ഒത്തുതീര്‍പ്പായില്ലെങ്കില്‍ ബുധാനഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍നിന്നു 4 സിപിഐ മന്ത്രിമാരും വിട്ടുനില്‍ക്കുമായിരുന്നു. അതു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ബാധിക്കുമായിരുന്നു. ഇരുപാര്‍ട്ടികള്‍ക്കും പ്രാതിനിധ്യമുള്ള കേരളത്തിലെ സര്‍ക്കാരാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ നട്ടെല്ല്. അതു തകര്‍ക്കാന്‍ സിപിഎം ആഗ്രഹിച്ചിരുന്നില്ല. ഇതുകൊണ്ടാണ് സിപിഎം വിട്ടു വീഴ്ചയ്ക്ക് തയ്യാറായത്.

ബിജെപി നയങ്ങളുടെ അംശങ്ങളുള്ള പദ്ധതിയുടെ പേരില്‍ ഇടതുപക്ഷത്ത് തമ്മിലടി എന്ന ചിത്രം ബിജെപിക്കെതിരെയുള്ള ഇടതു പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും സിപിഎം തിരിച്ചറിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണി തകരുന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇരുപാര്‍ട്ടികളും ആഗ്രഹിച്ചില്ല. അക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടത് മുന്നണിയെ നയിക്കുന്ന സിപിഎമ്മാണെന്ന നിലപാടാണ് സിപിഐ എടുത്തത്. പിഎം ശ്രീ കരാര്‍ കാര്യത്തില്‍ സിപിഎം മര്യാദ പാലിച്ചില്ലെന്നു വിലയിരുത്തി പഴി അവരുടെമേല്‍ വയ്ക്കുകയാണ് സിപിഐ ചെയ്തത്. അതോടെ സിപിഎമ്മിനുമേല്‍ സമ്മര്‍ദം വര്‍ധിച്ചു. അങ്ങനെ പിഎം ശ്രീയില്‍ കത്തയയ്ക്കാന്‍ മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു.

Tags:    

Similar News