'ഇന്ത്യയെ തൊട്ടാല്‍ കളി മാറും! പാകിസ്ഥാനും ചൈനയ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികള്‍; പ്രതിരോധത്തിന് 7.85 ലക്ഷം കോടി; 15 ശതമാനം വര്‍ദ്ധന; 3.25 ലക്ഷം കോടിയുടെ റഫാല്‍ കരാര്‍; ചൈനീസ് മുങ്ങിക്കപ്പലുകളെ പൂട്ടാന്‍ 70,000 കോടിയുടെ ടൈപ്പ്-214 കരാര്‍; ഡ്രോണ്‍ യുദ്ധമുറയുമായി നാവികസേന; മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ ലോകം കീഴടക്കാന്‍ ഭാരതം

പ്രതിരോധത്തിന് 7.85 ലക്ഷം കോടി

Update: 2026-02-01 13:22 GMT

ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഇരട്ട ഭീഷണികളെ നേരിടാന്‍ സര്‍വ്വസജ്ജമായി ഇന്ത്യ. 2026-ലെ കേന്ദ്ര ബജറ്റില്‍ പ്രതിരോധ മേഖലയ്ക്കായി 7.85 ലക്ഷം കോടി രൂപയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വമ്പന്‍ വര്‍ദ്ധനവാണിത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സൈന്യത്തെ ആധുനികവല്‍ക്കരിക്കാനുള്ള മാസ്റ്റര്‍ പ്ലാനാണ് സര്‍ക്കാര്‍ പുറത്തെടുത്തിരിക്കുന്നത്.

114 റഫാല്‍ വിമാനങ്ങള്‍; ആകാശം ഇന്ത്യയുടേത്!

ഫ്രാന്‍സില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 3.25 ലക്ഷം കോടി രൂപയുടെ ചരിത്രപ്രധാനമായ കരാറിന് ഇന്ത്യ പച്ചക്കൊടി കാട്ടി. ഇതില്‍ ഭൂരിഭാഗം വിമാനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നതാണ് പ്രത്യേകത. ഇതിനു പുറമെ റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനമായ Su57 സ്വന്തമാക്കാനുള്ള ചര്‍ച്ചകളും അവസാന ഘട്ടത്തിലാണ്.

കടലിനടിയില്‍ ജര്‍മ്മന്‍ കരുത്ത്; 70,000 കോടിയുടെ സബ്മറൈന്‍ കരാര്‍

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ കടന്നുകയറ്റം തടയാന്‍ ആറ് അത്യാധുനിക മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്നു. ജര്‍മ്മനിയുടെ ടൈപ്പ്-214 മുങ്ങിക്കപ്പലുകള്‍ മസഗോണ്‍ ഡോക്കുമായി ചേര്‍ന്ന് ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് 70,000 കോടി രൂപയുടെ 'പ്രോജക്ട് 75(I)' ലക്ഷ്യമിടുന്നത്. വെള്ളത്തിനടിയില്‍ ആഴ്ചകളോളം ഒളിഞ്ഞിരിക്കാന്‍ ശേഷിയുള്ള AIP സാങ്കേതികവിദ്യയാണ് ഇതിന്റെ ഹൈലൈറ്റ്.

'മെയ്ക്ക് ഇന്‍ ഇന്ത്യ' വിപ്ലവം: കയറ്റുമതിയില്‍ റെക്കോര്‍ഡ്

പ്രതിരോധ നിര്‍മ്മാണത്തില്‍ ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണ്. ബ്രഹ്‌മോസ് മിസൈലുകളും ആകാശ് എയര്‍ ഡിഫന്‍സ് സിസ്റ്റവും ഉള്‍പ്പെടെ 23,600 കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തത്. പ്രതിരോധ ഉല്‍പ്പാദനം 1.54 ലക്ഷം കോടി രൂപ എന്ന റെക്കോര്‍ഡ് നേട്ടത്തിലുമെത്തി.

ഡ്രോണ്‍ യുദ്ധമുറയും തീരദേശ സുരക്ഷയും

ആധുനിക യുദ്ധമുറകളിലേക്ക് സൈന്യം ചുവടുമാറ്റകയാണ്.. കടലില്‍ പട്രോളിംഗിനായി പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഡ്രോണ്‍ ബോട്ടുകള്‍ (Unmanned Fast Interceptor Crafts) നാവികസേന ഉടന്‍ കമ്മീഷന്‍ ചെയ്യും. പുനെ ആസ്ഥാനമായ സാഗര്‍ ഡിഫന്‍സ് എന്‍ജിനീയറിങ് നിര്‍മ്മിച്ച ഈ ബോട്ടുകള്‍ ശത്രുവിന്റെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താന്‍ കെല്‍പ്പുള്ളവയാണ്.


പ്രതിരോധ വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി. ഇത് ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ നിര്‍മ്മാണ മേഖലയ്ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ ഊര്‍ജ്ജമാകും.

Tags:    

Similar News