'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; മാധ്യമങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമില്ല; നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം; പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയും; തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ? ഒരു മനുഷ്യന്റെ സ്വകാര്യതയെ ചോദ്യം ചെയ്യരുത്': സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം ഇങ്ങനെ
വിജിലന്‍സ് അന്വേഷണം മുറുകവേ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണ്ണ പാളി വിവാദത്തില്‍ പ്രതികരണവുമായി സ്‌പോണ്‍ര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും താന്‍ കുറ്റക്കാരനല്ലെന്ന് വാദിച്ചുമാണ് പോറ്റി രംഗത്തുവന്നത്. മാധ്യമങ്ങള്‍ ക്രൂശിച്ചുവെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. തനിക്ക് ഒരു വ്യക്തിത്വമുണ്ട്. പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. ബെംഗളൂരുവില്‍ ആയിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കാരേറ്റിലെ വീട്ടില്‍ എത്തിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലെത്തുകയായിരുന്നു.
'മീഡിയയോട് പ്രതികരിക്കാന്‍ താത്പര്യമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം. തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ?. ഒരാളെ മാത്രം ഫോക്കസ് ചെയ്യുകയാണ്. പറയാനുള്ളത് കോടതിയില്‍ പറയും. മാധ്യമങ്ങള്‍ ഇനി ക്രൂശിക്കാന്‍ ഒന്നുമില്ല. ഇപ്പോള്‍ എനിക്ക് 52 വയസായി. ഈ നാട്ടില്‍ ഒരു ഐഡന്റിറ്റി ഉണ്ട്. നിങ്ങള്‍ക്ക് തകര്‍ക്കാന്‍ പറ്റുന്നത് മുഴുവന്‍ തകര്‍ക്കൂ. ഇനി അവരെ തകര്‍ക്കണം. ഞാന്‍ ചതിയില്‍പ്പെടണം. ഒരു പരിധിയില്‍ കൂടുതല്‍ കടന്നുകയറിയാല്‍ ബുദ്ധിമുട്ടാകും', ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
ഒരു മനുഷ്യന്റെ സ്വകാര്യതയെ ചോദ്യം ചെയ്യരുത്. തന്നെ കോടതി ശിക്ഷിച്ചിട്ടില്ല. ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൂട്ടിച്ചേര്‍ത്തു. ചോദ്യം ചെയ്യലിന് ഹാജരാകരണം എന്നാവശ്യപ്പെട്ട് വിജിലന്‍സിന്റെ നോട്ടീസ് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ പ്രധാന വാതില്‍ എന്ന പേരില്‍ സ്വര്‍ണം പൂശിയ വസ്തു ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരു ശ്രീറാംപുരയിലെ അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ചുവെന്ന വെളിപ്പെടുത്തലുമായി ക്ഷേത്രം ഭാരവാഹികള്‍ രംഗത്തുവന്നിരുന്നു. അമ്പലത്തില്‍ എത്തിച്ച വസ്തു പൂജ നടത്തി. അതിന് ശേഷം ഭക്തജനങ്ങളെ കാണിച്ചു. അന്ന് തന്നെ അത് ശബരിമലയിലേക്ക് തിരികെ കൊണ്ടു പോയി. മൂന്ന് പേര്‍ ചേര്‍ന്നാണ് വസ്തു അമ്പലത്തിലേക്ക് എത്തിച്ചതെന്നും വിശ്വംഭരന്‍ പറഞ്ഞു.
അതേസമയം, സ്വര്‍ണം പൂശാനായി തങ്ങള്‍ക്ക് ലഭിച്ചത് ചെമ്പ് പാളിയാണെന്ന് വ്യക്തമാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം സ്വര്‍ണപ്പാളി ഏറ്റുവാങ്ങിയവരില്‍ ഒരാളായ അനന്ത സുബ്രഹ്‌മണ്യം പറഞ്ഞു. ചെമ്പുപാളി സ്വര്‍ണം പൂശിയത് തങ്ങളാണ്. അയ്യപ്പനെ സേവിക്കാന്‍ കിട്ടിയ അവസരമായാണ് അതിനെ കണ്ടത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചിരുന്നു.
ശബരിമലയിലെ സ്വര്‍ണപ്പാളി 2019ന് ശേഷവും ഇളക്കി മാറ്റാന്‍ ശ്രമം നടന്നുവെന്ന് രേഖകള്‍ പറയുന്നു. ഇതിന്റെ ഭാഗമായി 2023-ല്‍ കത്തിടപാടുകള്‍ നടന്നു. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആധുനികമായ രീതിയില്‍ സ്വര്‍ണംപൂശി എത്തിച്ചുവെന്ന് പറയുന്ന സ്വര്‍ണപ്പാളിയാണ് വീണ്ടും അദ്ദേഹത്തിന്റെ തന്നെ ഇടപെടലില്‍ ഇളക്കി മാറ്റാന്‍ ശ്രമം നടന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചുവെന്നാണ് വിവരം. എന്നാല്‍ ഇതില്‍ ഇടപെട്ട ഒരു ഉദ്യോഗസ്ഥന്റെ പങ്കും സംശയത്തിന്റെ നിഴലിലാണ്.
2019 സ്വര്‍ണം പൂശാനായി സ്വര്‍ണപ്പാളി കൊണ്ടുപോകുമ്പോള്‍ 42 കിലോ ഉണ്ടായിരുന്നു. തിരിച്ചെത്തിച്ചപ്പോള്‍ 38 കിലോ ആയി കുറഞ്ഞത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. ഇതിന് പിന്നാലെയാണ് അതിന് ശേഷവും സ്വര്‍ണപ്പാളി അഴിച്ചെടുക്കാന്‍ നീക്കം നടത്തിയിരുന്നുവെന്ന വിവരം പുറത്ത് വരുന്നത്. ഉണ്ണി കൃഷ്ണന്‍ പോറ്റിയെയാണ് സംശയം. ഇദ്ദേഹത്തെ ശനിയാഴ്ച ചോദ്യം ചെയ്തേയ്ക്കും. ഈ വിവാദത്തിനിടെയാണ് തിരുവിതാംകൂര്‍ ദേവസ്വം നിയമത്തില്‍ ഭേഭഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം. പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി നീട്ടി നല്‍കും വിധമാണ് ഭേദഗതി. ബോര്‍ഡിന്റെ കാലാവധി ജൂണ്‍ മുതല്‍ അടുത്ത ജൂണ്‍ വരെയാക്കും. ശബരിമല സീസണിന് മുമ്പാണ് നിലവില്‍ കാലാവധി അവസാനിക്കുന്നത്.