അമേരിക്കക്കാര്‍ കഴിക്കുന്ന ജനറിക് മരുന്നുകളില്‍ 47 ശതമാനവും ബയോസിമിലര്‍ മരുന്നുകളില്‍ 15 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളത്; ഫാര്‍മ മേഖലയിലെ കയറ്റുമതിയുടെ 31 ശതമാനം; മരുന്നുകള്‍ക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്കും തിരിച്ചടി; കിച്ചന്‍ കാബിനറ്റിനും 50% തീരുവ; വ്യാപാരയുദ്ധം പുതിയതലത്തിലേക്ക്; ഓഹരി വിപണിയില്‍ ഇടിവ്
മരുന്നിനും 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; തിരിച്ചടി ഇന്ത്യയ്ക്ക്
വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 100 ശതമാനംവരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. അമേരിക്കയില്‍ ഫാക്ടറി സ്ഥാപിച്ച് മരുന്നുല്‍പാദനം നടത്തുന്ന കമ്പനികള്‍ക്ക് ഈ തീരുവ ബാധകമല്ലെന്നും ട്രംപ് പറഞ്ഞു. വ്യാഴാഴ്ച സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്കും കനത്ത തിരിച്ചടിയാകും.
'ഒരു കമ്പനി അവരുടെ മരുന്ന് ഉത്പാദന പ്ലാന്റ് അമേരിക്കയില്‍ സ്ഥാപിക്കുന്നില്ലെങ്കില്‍, 2025 ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് നേടിയ എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്കും ഞങ്ങള്‍ 100 ശതമാനം തീരുവ ചുമത്തും'' എന്നാണ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. ഏതെങ്കിലും കമ്പനി അവരുടെ പ്ലാന്റിന്റെ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉണ്ടായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
ബ്രാന്‍ഡഡ്, പേറ്റന്‍ഡഡ് മരുന്നുകള്‍ക്കാണ് പുതുക്കിയ തീരുവയാഘാതം. മരുന്നിന് പുറമേ ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനം, അടുക്കളയിലെ കാബിനറ്റുകള്‍ (ബോക്‌സുകള്‍), ബാത്ത്‌റൂമിലെ സിങ്ക്, ബോക്‌സുകള്‍ (ബാത്ത്‌റൂം വാനിറ്റീസ്) എന്നിവയ്ക്കും ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുംവിധം 50 ശതമാനം എന്നിങ്ങനെയും തീരുവ ട്രംപ് പ്രഖ്യാപിച്ചു. അപ്ഹോള്‍സ്റ്ററി ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്. അതേസമയം, പുതിയ തീരുവകള്‍ പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച നിയമവശങ്ങളോ കൂടുതല്‍വിവരങ്ങളോ അദ്ദേഹം പങ്കുവെച്ചിട്ടില്ല. ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം ആഗോള സമ്പദ് വ്യവസ്ഥയെയാകെ ഉലയ്ക്കുമെന്നും വ്യാപാരയുദ്ധം പുതിയതലത്തിലേക്ക് കടക്കുമെന്നുമാണ് വിലയിരുത്തല്‍. മരുന്നുകള്‍ക്കുമേല്‍ നിലവില്‍ പ്രഖ്യാപിച്ചത് 'ചെറിയ' തീരുവ മാത്രമാണെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. ഇത് പിന്നീട് 150 ശതമാനത്തിലേക്കും ശേഷം 250 ശതമാനത്തിലേക്കും ഉയര്‍ത്തുമെന്നുമാണ് മുന്നറിയിപ്പ്.
അമേരിക്കയിലേക്കുള്ള റോബോട്ടിക്‌സ്, വ്യവസായിക മെഷീനറികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്കുമേല്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മരുന്നുകള്‍ക്ക് ഉള്‍പ്പെടെ ട്രംപ് ഉയര്‍ന്ന താരിഫ് ചുമത്തിയത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ചാണ് അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ട് പ്രതികൂലമെങ്കില്‍ ഇവയും കനത്ത തീരുവ നേരിടേണ്ടിവരും. എന്‍95 മാസ്‌ക്, കൈയുറകള്‍, സര്‍ജിക്കല്‍ മാസ്‌ക്, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യയ്ക്കെതിരേ ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ 50 ശതമാനം തീരുവ ചുമത്തിയത്. ആദ്യം 25 ശതമാനം തീരുവ ചുമത്തിയ ട്രംപ് ഭരണകൂടം, ഓഗസ്റ്റ് 27 മുതല്‍ ഇത് 50 ശതമാനമാക്കി വര്‍ധിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് മരുന്നുകള്‍ക്ക് 100 ശതമാനം വരെ തീരുവയും പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ കയറ്റുമതിചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ഫാര്‍മ മേഖലയില്‍ 27.9 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണുണ്ടായത്. ഇതില്‍ 31 ശതമാനവും (8.7 ബില്യണ്‍ ഡോളര്‍, ഏകദേശം 77,231 കോടി രൂപ) അമേരിക്കയിലേക്കായിരുന്നു. 2025-26 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ മാത്രം 3.7 ബില്യണ്‍ ഡോളറിന്റെ (32,505 കോടി രൂപ) ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളാണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്തത്.
അമേരിക്കയില്‍ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളില്‍ 45 ശതമാനവും ബയോസിമിലര്‍ മരുന്നുകളില്‍ 15 ശതമാനവും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഡോ. റെഡ്ഡീസ്, ഓറോബിന്‍ഡോ ഫാര്‍മ, സൈഡസ് ലൈഫ്സയന്‍സസ്, സണ്‍ ഫാര്‍മ, ഗ്ലാന്‍ഡ് ഫാര്‍മ തുടങ്ങിയ കമ്പനികളുടെ വരുമാനത്തിന്റെ 30-50 ശതമാനവും അമേരിക്കന്‍ വിപണിയില്‍നിന്നാണ്. അതിനാല്‍തന്നെ ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം ഇന്ത്യയിലെ ഫാര്‍മ മേഖലയെ വലിയതോതില്‍ ബാധിച്ചേക്കും.
ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി
മരുന്നിന് 100% 'ഇടിത്തീരുവ' പ്രഖ്യാപിച്ച ട്രംപിന്റെ നടപടി ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, കാനഡ എന്നിവയ്ക്കാണ് കൂടുതല്‍ തിരിച്ചടിയാവുക. ഇതില്‍ ഏറ്റവും ആഘാതം ഇന്ത്യയ്ക്കായിരിക്കും. നിലവില്‍ യുഎസിലേക്ക് ഏറ്റവുമധികം മരുന്നുകളെത്തിക്കുന്നത് ഇന്ത്യയാണ്. 2023-24ലെ കണക്കുപ്രകാരം 870 കോടി ഡോളറിന്റെ (ഏകദേശം 77,000 കോടി രൂപ) മരുന്നുകള്‍ ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്നു.
ഇന്ത്യയുടെ മൊത്തം മരുന്നുകയറ്റുമതിയില്‍ 31% വിഹിതവുമായി അമേരിക്കയാണ് ഏറ്റവും വലിയ വിപണി. ഇന്ത്യന്‍ മരുന്നു നിര്‍മാണക്കമ്പനികളുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സും അമേരിക്കയാണ്. യുഎസിലേക്കുള്ള ഇന്ത്യയുടെ മൊത്തം വാണിജ്യ ഉല്‍പന്ന കയറ്റുമതിയില്‍ 11 ശതമാനവും മരുന്നുകളാണ്.
അതേസമയം, ജീവന്‍രക്ഷാ മരുന്നുകളായ ജനറിക് മെഡിസിനുകള്‍ക്കും പുതിയ തീരുവ ബാധകമാണോയെന്ന് ട്രംപോ വൈറ്റ്ഹൗസോ വ്യക്തമാക്കിയിട്ടില്ല. അമേരിക്കക്കാര്‍ കഴിക്കുന്ന ജനറിക് മരുന്നുകളില്‍ 47 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്. ഇന്ത്യയ്ക്കുമേല്‍ ട്രംപ് അടിച്ചേല്‍പ്പിച്ച 50% ഇറക്കുമതി തീരുവതന്നെ ഇരു രാജ്യങ്ങളും തമ്മിലെ ഭിന്നത രൂക്ഷമാക്കുകയും ഇന്ത്യയുടെ കയറ്റുമതി മേഖലയെ ആശങ്കയിലാഴ്ത്തുകയും ചെയ്തിരുന്നു. ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചിരിക്കേയാണ് പുതിയ പ്രഖ്യാപനമെന്നത്, ചര്‍ച്ചകളില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.
ഓഹരി വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങി
മരുന്നിനും 100% തീരുവ പ്രഖ്യാപിച്ചത് ഈ രംഗത്തെ ഇന്ത്യന്‍ കമ്പനികളുടെ കയറ്റുമതി, വരുമാനം എന്നിവയെ ബാധിക്കും. സണ്‍ ഫാര്‍മ, സിപ്ല, ഡോ. റെഡ്ഡീസ് ലാബ്, ഓറോബിന്ദോ ഫാര്‍മ തുടങ്ങിയ ഇന്ത്യന്‍ മരുന്നു നിര്‍മാണക്കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കനത്ത സമ്മര്‍ദത്തിന് സാധ്യതയേറെ.
നിഫ്റ്റി ഫാര്‍മ സൂചികയിലേക്കും ഏവരും ഉറ്റുനോക്കുകയാണ്. ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 75 പോയിന്റ് ഇടിഞ്ഞുവെന്നത് സെന്‍സെക്‌സും നിഫ്റ്റിയും ഇന്നും നഷ്ടത്തില്‍ തുടരുമെന്ന സൂചനയാണ് നല്‍കുന്നതും. ഇന്നലെ നിഫ്റ്റി 166 പോയിന്റ് (-0.66%) താഴ്ന്ന് 24,890ല്‍ എത്തിയിരുന്നു. സെന്‍സെക്‌സുള്ളത് 555 പോയിന്റ് (-0.68%) താഴ്ന്ന് 81,159ലും.
തീരുവയുദ്ധം കടുപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തിനു പിന്നാലെ രാജ്യാന്തരതലത്തില്‍ ഓഹരി വിപണികളാകെ ചുവന്നു. ജാപ്പനീസ് നിക്കേയ് 0.13%, ഹോങ്കോങ് 1.04%, ഷാങ്ഹായ് 0.33%, യൂറോപ്പില്‍ എഫ്ടിഎസ്ഇ 0.39%, ഡാക്‌സ് 0.56% എന്നിങ്ങനെ നഷ്ടത്തിലായി.
ഏഷ്യന്‍ ഫാര്‍മ കമ്പനികളായ ഡൈയ്ചി സാന്‍ക്യോയുടെ ഓഹരി ജാപ്പനീസ് ഓഹരി വിപണിയില്‍ 3.34% ഇടിഞ്ഞു. ചുഗായ് ഫാര്‍മസ്യൂട്ടിക്കല്‍ 2.18%, സുമിടോമോ ഫാര്‍മ 3.03% എന്നിങ്ങനെയും ഇടിഞ്ഞത് ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ക്കും നല്‍കുന്നത് ശുഭസൂചനയല്ല.