ആറ് ഖണ്ഡികകള്‍ ആലപിക്കണം; എഴുന്നേറ്റുനില്‍ക്കണം; ദേശീയഗീതമായ വന്ദേമാതരത്തിന് പുതിയ ഔദ്യോഗിക പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി; മൂന്ന് മിനിറ്റും പത്ത് സെക്കന്റും ദൈര്‍ഘ്യമുള്ള പതിപ്പ് മുതല്‍ ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കണം; ബാന്റ് സെറ്റുകളുടെ അകമ്പടി ഉണ്ടെങ്കില്‍ ഏഴ് താളത്തിലുള്ള ഡ്രം റോള്‍ നിര്‍ബന്ധം
ആറ് ഖണ്ഡികകള്‍ ആലപിക്കണം; എഴുന്നേറ്റുനില്‍ക്കണം
ന്യൂഡല്‍ഹി: വന്ദേമാതരം ഗാനത്തിന് പുതിയ ഔദ്യോഗിക പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കി. പുതിയ നിര്‍ദേശപ്രകാരം, വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകള്‍ ഉള്‍പ്പെട്ട മൂന്ന് മിനിറ്റും പത്ത് സെക്കന്റും ദൈര്‍ഘ്യമുള്ള പതിപ്പാണ് ഇനി മുതല്‍ ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കണമന്നാണ് നിര്‍ദേശം. ദേശീയ ഗീതത്തിന്റെ 150-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്.
ദേശീയഗാനമായ 'ജനഗണമന'യ്ക്ക് വ്യക്തമായ നിയമങ്ങളും പ്രോട്ടോക്കോളുകളും നിലവിലുണ്ടായിരുന്നെങ്കിലും വന്ദേമാതരത്തിന് അത്തരത്തിലുള്ള ഔദ്യോഗിക നിബന്ധനകള്‍ ഉണ്ടായിരുന്നില്ല. ഇനിമുതല്‍ ദേശീയ പതാക ഉയര്‍ത്തുമ്പോഴും രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും സാന്നിധ്യമുള്ള ഔദ്യോഗിക ചടങ്ങുകളിലും അവരുടെ പ്രസംഗങ്ങള്‍ക്ക് മുന്‍പും ശേഷവും ഈ ഗീതം ആലപിക്കണമെന്ന് ജനുവരി 28-ന് പുറപ്പെടുവിച്ച 10 പേജുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.
ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് ആലപിക്കുന്ന അവസരങ്ങളില്‍ വന്ദേമാതരത്തിന് മുന്‍ഗണന നല്‍കണമെന്നും അത് ആദ്യം ആലപിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്നു. ഗീതം ആലപിക്കുമ്പോഴോ പ്ലേ ചെയ്യുമ്പോഴോ സദസ്സിലുള്ളവര്‍ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണം. എന്നാല്‍, വാര്‍ത്താചിത്രങ്ങളിലോ ഡോക്യുമെന്ററികളിലോ സിനിമയുടെ ഭാഗമായി ഗീതം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല. ഇത് സിനിമയുടെ പ്രദര്‍ശനത്തെ തടസ്സപ്പെടുത്താതിരിക്കാനാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ബാന്റ് സെറ്റുകളുടെ അകമ്പടിയോടെ വന്ദേമാതരം അവതരിപ്പിക്കുന്ന അവസരങ്ങളില്‍ ഗീതം ആരംഭിക്കുന്നതിന് മുന്‍പായി ഏഴ് താളത്തിലുള്ള ഡ്രം റോള്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
ചടങ്ങുകളെ ആഭ്യന്തര മന്ത്രാലയം മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സിവില്‍ ഇന്‍വെസ്റ്റിറ്റിയൂറുകള്‍, രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ഔദ്യോഗിക സന്ദര്‍ശനങ്ങള്‍, ദേശീയ പതാക പരേഡിനായി കൊണ്ടുവരുന്ന സമയം തുടങ്ങിയവയില്‍ ഗീതം കേള്‍പ്പിക്കണം. സാംസ്‌കാരിക പരിപാടികളിലും പതാക ഉയര്‍ത്തുന്ന ചടങ്ങുകളിലും ഗീതം കേള്‍പ്പിക്കുന്നതിനൊപ്പം സമൂഹാലാപനവും നടത്തണം. സ്‌കൂളുകളില്‍ രാവിലെ വന്ദേമാതരം ആലപിക്കണമെന്നും വിദ്യാര്‍ത്ഥികളില്‍ ദേശീയ പതാകയോടും ദേശീയഗീതത്തോടും ആദരവ് വളര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു.
1870-കളിലെ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി സംസ്‌കൃതമിശ്രമായ ബംഗാളി ഭാഷയില്‍ രചിച്ച ഗീതമാണ് വന്ദേമാതരം. 1950-ല്‍ ഈ ഗാനത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ചു. 1937-ല്‍ കോണ്‍ഗ്രസ് ഗാനത്തിലെ പ്രധാന ഭാഗങ്ങള്‍ നീക്കം ചെയ്തതിലൂടെ ദേശീയ പ്രതീകത്തെ ദുര്‍ബലപ്പെടുത്തിയെന്നും വന്ദേമാതരത്തെ വിഭജിച്ചതാണ് രാജ്യത്തിന്റെ വിഭജനത്തിന് കാരണമായതെന്നും കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രമേയവും വന്ദേമാതരത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
ഏതെങ്കിലും വിധത്തില്‍ വന്ദേ മാതരത്തിനോട് അനാദരവ് കാട്ടിയാല്‍ മൂന്ന് വര്‍ഷം തടവായിരിക്കും ശിക്ഷ. വന്ദേ മാതരത്തിന്റെ മുഴുവന്‍ വരികളും ചൊല്ലണമെന്ന വ്യവസ്ഥ ലോക്‌സഭയില്‍ അടക്കം ഉയര്‍ന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ഉണ്ടാകുന്നത് എന്നതാണ് പ്രത്യേകത. വന്ദേ മാതരത്തിലെ ചില വരികള്‍ കോണ്‍ഗ്രസ് എടുത്തുകളഞ്ഞുവെന്നും അത് മുസ്ലിങ്ങളെ പ്രീണിപ്പിക്കാനായിരുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ പ്രസംഗിച്ചിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് മോദിയുടെ ഈ പ്രസംഗം കാരണമായത്. വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് നെഹ്റുവിനെയും കോണ്‍ഗ്രസിനെയും ഉന്നമിട്ടുള മോദിയുടെ പരാമര്‍ശം.
ജിന്നയുടെ ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി വന്ദേ മാതരത്തിലെ പ്രധാനവരികള്‍ നെഹ്റു ഒഴിവാക്കിയെന്നാണ് മോദി ചര്‍ച്ചയില്‍ പറഞ്ഞത്.1937 ഒക്ടോബര്‍ 15 ന് മുഹമ്മദ് അലി ജിന്ന ലഖ്നൗവില്‍ വെച്ച് വന്ദേ മാതരത്തിനെതിരെ മുദ്രാവാക്യം ഉയര്‍ത്തി. അഞ്ച് ദിവസത്തിന് ശേഷം, മുഹമ്മദ് അലി ജിന്നയുടെ വികാരത്തോട് യോജിക്കുന്നുവെന്ന് വ്യക്തമാക്കി നേതാജി സുഭാഷ് ചന്ദ്രബോസിന് നെഹ്റു കത്തെഴുതി. തുടര്‍ന്ന് കോണ്‍ഗ്രസ് വന്ദേ മാതരം രണ്ടായി വിഭജിക്കാന്‍ തീരുമാനിച്ചു. പിന്നീട് ലീഗിനുമുന്നില്‍ മുട്ടുമടക്കി ഇന്ത്യയുടെ വിഭജനത്തിനും കോണ്‍ഗ്രസിന് സമ്മതിക്കേണ്ടി വന്നുവെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ ആരോപിച്ചിരുന്നു.
