ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടില്‍ ഇരിക്കുമായിരുന്നു: അങ്ങനെ പരീക്ഷകളില്‍ നിന്നും രക്ഷപ്പെട്ടു: വീണാ മാഡം (സഖാവേ എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ): സ്വന്തം ജില്ലയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശനമേറ്റ് വലഞ്ഞ് മന്ത്രി വീണാ ജോര്‍ജ്: ഈ കപ്പല്‍ ആടിയുലയുകയാണ് സാര്‍...!
പത്തനംതിട്ട: ഈ കപ്പല്‍ ആടിയുലയുകയില്ല സാര്‍...ഇതിനൊരു കപ്പിത്താനുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വൈറലായ നിയമസഭ പ്രസംഗമാണിത്. അതേ പ്രസംഗം ഇപ്പോള്‍ മന്ത്രിക്ക് തിരിച്ചടിക്കുകയാണ്. മന്ത്രിയെ സംബന്ധിച്ചിടത്തോളം ഈ കപ്പല്‍ ഇപ്പോള്‍ ആടിയുലയുകയാണ്. ജില്ലയില്‍ നിന്നുള്ള ചെറുതും വലുതുമായ സിപിഎം നേതാക്കള്‍ പ്രത്യക്ഷമായും പരോക്ഷമായും മന്ത്രിക്കെതിരേ ആഞ്ഞടിക്കുന്നു. ഇത്ര നാളും അടക്കി വച്ച അമര്‍ഷം മുഴുവന്‍ പുറത്തേക്കൊഴുകുകയാണ്. അടിമകളായ സഖാക്കള്‍ ഇതിനെ പ്രതിരോധിക്കാന്‍ സജീവമായി രംഗത്തുണ്ടെങ്കിലും ജില്ലാ നേതൃത്വം അടക്കം വീണയ്ക്ക് എതിരാണ്. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഷെയര്‍ ചെയ്ത റീല്‍സ് പോലും മന്ത്രിക്കെതിരാണെന്ന് വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസിലാകും.
സിപിഎം ഇലന്തൂര്‍ ലോക്കല്‍ കമ്മറ്റി അംഗം പി.ജെ. ജോണ്‍സണ്‍ ആണ് തുടങ്ങി വച്ചത്. പിന്നാലെ ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയംഗം അഡ്വ. എന്‍. രാജീവും സി.പി.എം ഓതറ ലോക്കല്‍ കമ്മറ്റിയംഗവും സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ രാഹുല്‍രാജും തുടര്‍ വിമര്‍ശനങ്ങളുമായി എത്തി. മന്ത്രി പോയിട്ട് എം.എല്‍.എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ് ഇലന്തൂര്‍ ലോക്കല്‍ കമ്മറ്റിയംഗം പി.ജെ. ജോണ്‍സന്റെ പോസ്റ്റിലുള്ളത്. എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റാണ് ജോണ്‍സണ്‍. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരിക്കെ രാഷ്ട്രീയ എതിരാളികളിലും പോലീസിലും നിന്ന് നിരവധി തവണ മര്‍ദ്ദനം ഏറ്റുവാങ്ങിയ പ്രവര്‍ത്തകനാണ്. ഇടക്കാലത്ത് പാര്‍ട്ടിയില്‍ നിന്നും അകന്നെങ്കിലും വീണ്ടും സി.പി.എമ്മില്‍ പ്രവര്‍ത്തിച്ച് ലോക്കല്‍ കമ്മറ്റി അംഗമായി.
വീണാ ജോര്‍ജിനെ പരോക്ഷമായി പരിഹസിച്ച് സസ്പെന്‍ഷനിലുള്ള പത്തനംതിട്ട സി.ഡബ്ല്യു.സി ചെയര്‍മാനും ഇരവിപേരൂര്‍ ഏരിയ കമ്മറ്റിയംഗവുമായ അഡ്വ: എന്‍ രാജീവ് ആരോഗ്യമന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. കുട്ടിയായിരിക്കെ താന്‍ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടില്‍ ഇരിക്കുമായിരുന്നു, അങ്ങനെ താന്‍ പരീക്ഷകളില്‍ നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളില്‍ നിന്നും എന്നാണ് രാജീവിന്റെ പരിഹാസം. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയാണ് രാജീവ് പരിഹസിക്കുന്നത്. പോക്സോ കേസ് പ്രതിയായ ഹൈക്കോടതി അഭിഭാഷകന് വേണ്ടി അട്ടിമറി നടത്താനും അതീജീവതയെ സ്വാധീനിക്കാനും വേണ്ടി ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ രാജീവിനെ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി സസ്പെന്‍ഡ് ചെയ്തത്. യഥാര്‍ഥത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പോലീസാണ് പോക്സോ കേസ് അട്ടിമറിച്ചത്. രാജീവിനോടുള്ള വൈരാഗ്യം മൂലം മന്ത്രി ഇടപെട്ട് അദ്ദേഹത്തെ ഈ സംഭവത്തിലേക്ക് വലിച്ചിഴച്ചുവെന്നാണ് ആക്ഷേപം. സി.പി.എം ജില്ലാ നേതൃത്വം അടക്കം സസ്പെന്‍ഷനില്‍ അതൃപ്തരാണ്.
വീണാ മാഡം (സഖാവേ എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ) താഴേ തട്ടില്‍ പാര്‍ട്ടിക്കു വേണ്ടി പണിയെടുക്കുന്ന ഒരു പാട് പേരുടെ പ്രതിനിധി ആയി നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പേരിലുള്ള വിയോജനം രേഖപ്പെടുത്തുന്നുവെന്നാണ് സി.പി.എം ഓതറ ലോക്കല്‍ കമ്മറ്റിയംഗവും സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ രാഹുല്‍ രാജിന്റെ എഫ്.ബി പോസ്റ്റ്. സി.ഡബ്ല്യ.സി ഉത്തരവാദിത്തം കൂടെ ഉള്ള മന്ത്രി എന്ന നിലയില്‍ സത്യം പുറത്തു വരുന്നതു വരെ കാത്തിരിക്കാം എന്ന് പോസ്റ്റ തുടര്‍ന്നു പറയുന്നു. അഡ്വ. എന്‍. രാജീവിന്റെ സസ്പെന്‍ഷന്‍ സംബന്ധിച്ചുള്ള പരാമര്‍ശമാണ് ഇത്.
വ്യാഴാഴ്ച വൈകിട്ടാണ് സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഒരു റീല്‍ തന്റെ എഫ്.ബി പ്രൊഫെലില്‍ പങ്കു വച്ചത്. ഒന്നരവര്‍ഷം മുന്‍പ് ഗവര്‍ണര്‍ക്കെതിരേ നടന്ന സമരത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ തൃശൂരിലെ എസ്.എഫ്.ഐ നേതാവ് സാന്ദ്ര ബോസിനെ പുകഴ്ത്തിയുള്ള വീഡിയോയിലെ വാചകങ്ങള്‍ പരോക്ഷമായി മന്ത്രിക്കുള്ള കൊട്ടായി വിലയിരുത്തപ്പെട്ടു. കൗതുകം തോന്നുന്ന പോസ്റ്റുകള്‍ താന്‍ ഷെയര്‍ ചെയ്യാറുണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ രാജു ഏബ്രഹാമിന്റെ മറുപടി.
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായതിന് മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് സി.പി.എം പ്രവര്‍ത്തകരയെടക്കം പ്രകോപിപ്പിച്ചത്. നേതാക്കളുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും പാര്‍ട്ടി പ്രവര്‍ത്തകരും അനുകൂലികളും എതിര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പോസ്റ്റ് ചെയ്യുന്നുണ്ട്.