സരിന്‍ എന്ന അവസരവാദിയെ ചുമക്കാന്‍ പോകുന്ന സിപിഎമ്മിന് ഒരു തുറന്ന കത്ത്! കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലില്‍ സരിന്‍ പയറ്റിയത് ഭിന്നിപ്പിക്കല്‍ തന്ത്രം; തനിക്കും കുടുംബത്തിനും എതിരെ ആളെ വച്ച് സൈബറാക്രമണം നടത്തി; ഗുരുതര ആരോപണവുമായി വീണ എസ് നായര്‍

സരിനെതിരെ തുറന്ന കത്തുമായി വീണ എസ് നായര്‍

Update: 2024-10-17 18:05 GMT

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി പാര്‍ട്ടിയോട് ഇടഞ്ഞ ഡോ.പി.സരിനെ കോണ്‍ഗ്രസ് പുറത്താക്കിയിരിക്കുകയാണ്. സരിനെതിരെ സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്നും രൂക്ഷമായ സൈബറാക്രമണം തുടരുകയാണ്. ഈ അവസരത്തില്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ സരിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങള്‍ വിവരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ വീണ എസ് നായര്‍. സരിന്‍ എന്ന അവസരവാദിയെ ചുമക്കാന്‍ പോകുന്ന സിപിഎമ്മിന് ഒരു തുറന്ന കത്ത് എന്ന പേരിലാണ് പോസ്റ്റ്.

25 പേരടങ്ങുന്ന ഡിജിറ്റല്‍ മീഡിയ സെല്ലിനെ ഭിന്നിപ്പിച്ചുഭരിക്കുകയായിരുന്നു സരിനെന്ന് വീണ ആരോപിച്ചു. ആഴ്ചയില്‍ നടക്കുന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ ടാര്‍ഗറ്റ് ചെയ്തു അധിക്ഷേപിക്കുക എന്ന അജണ്ടയായിരുന്നു. സ്വന്തം ഫാന്‍ ഗ്രൂപ്പുകളെ സൃഷ്ടിച്ചു സിസ്റ്റം മാനിപുലേഷന്‍ നടത്തുന്നു എന്നും, ഭാവിയില്‍ ഇത് പാര്‍ട്ടിക്കു തന്നെ ദോഷം ചെയ്യുമെന്നും കാട്ടി താന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയെന്ന് വീണ പറഞ്ഞു. പരാതി സ്വകാര്യ ചാനലിലൂടെ പുറത്തുവന്നതിന്റെ പേരിലും തങ്ങള്‍ക്ക് നേരേ സൈബറാക്രമണം നടത്തി.

'ഭര്‍ത്താവിലേക്കും ഭര്‍ത്തൃ പിതാവും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും എംഎല്‍എയും ആയിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ ലേക്ക് വരെ എത്തി ആ ആക്രമണം എന്നതാണ് വിരോധാഭാസം. ഈ കഴിഞ്ഞ 10 മാസം ദൈവത്തോട് ആട്ടിന്‍തോലണിഞ്ഞ ചെന്നായിയുടെ ശരിക്കുള്ള രൂപം പുറത്തുകൊണ്ടുവരണമെന്നും നമ്മുടെ നിരപരാധിത്തം തെളിയിക്കണമെന്നും പ്രാര്‍ത്ഥിക്കാത്ത ദിവസങ്ങളില്ല.'-വീണ കുറിച്ചു

വീണയുടെ കുറിപ്പ് ഇങ്ങനെ:

സരിന്‍ എന്ന അവസരവാദിയെ ചുമക്കാന്‍ പോകുന്ന സിപിഎമ്മിന് ഒരു തുറന്ന കത്ത്

നിങ്ങളുടെ ഗതികേടിനെ ഓര്‍ത്ത് സഹതാപമുണ്ട് എന്ന് പറഞ്ഞു തുടങ്ങട്ടെ. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് സെക്രട്ടറി, ഷാഫി പറമ്പില്‍ പ്രസിഡണ്ട് ആയ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, രാഹുല്‍ മാങ്കൂട്ടം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി, ഐക്യ ജനാധിപത്യ മുന്നണി നിയമസഭാ സ്ഥാനാര്‍ത്ഥി തുടങ്ങിയ നിലകളില്‍ ഒക്കെ പ്രവര്‍ത്തിക്കാന്‍ എന്റെ പാര്‍ട്ടി നല്‍കിയ അവസരങ്ങളെ ഞാന്‍ നന്ദിയോടെ ഓര്‍ക്കുകയാണ് ഇവിടെ.

പക്ഷേ ജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ അവസരം കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ ലഭിച്ച അവസരമാണ്. 25 പേര്‍ മാത്രമടങ്ങുന്ന കെ.പി.സി.സി ഡി.എം.സി യുടെ ഭാഗമായി എന്നതിലുള്ള അഭിമാനം, അപമാനവും സ്വസ്ഥത ഇല്ലാത്ത അവസ്ഥയിലേക്ക് ഉറക്കം നഷ്ടപ്പെടുന്ന ദുരവസ്ഥയിലേക്ക് എത്തിയത് വളരെ വേഗമാണ്.

ജനുവരി 1, 2024 മുതല്‍ ഈ കുറിപ്പ് എഴുതുന്ന നിമിഷംവരെ പൂര്‍ണാര്‍ത്ഥത്തില്‍ സമാധാനമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരിയായി മുദ്രകുത്തപ്പെട്ടാല്‍ സാമാന്യ മനുഷ്യരായ ആര്‍ക്കും അങ്ങനെ തന്നെ ആകുമല്ലോ? നവീന്‍ ബാബുമാര്‍ ജീവനൊടുക്കുകയും, പി പി. ദിവ്യമാര്‍ വാഴുകയും ചെയ്യുന്ന കലികാലമാണല്ലോ ഇത്.

കഴിഞ്ഞ 10 മാസം മുമ്പ് ജനുവരി മാസം ഞാനും എന്റെ സഹപ്രവര്‍ത്തകരും കെപിസിസി ഡിഎംസി കണ്‍വീനര്‍ എന്ന നിലയിലുള്ള ഡോക്ടര്‍ സരിന്റെ പ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. കണ്‍വീനര്‍ എന്ന നിലയില്‍ വെറും 25 പേരടങ്ങുന്ന സംഘത്തെ ഒരുമിച്ച് കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും സ്വന്തം ഫാന്‍ ഗ്രൂപ്പുകളെ സൃഷ്ട്ടിച്ചു സിസ്റ്റം മാനിപുലേഷന്‍ നടത്തുന്നു എന്നും, ഭാവിയില്‍ ഇത് പാര്‍ട്ടിക്കു തന്നെ ദോഷം ചെയ്യുമെന്നുമാണ് ആ പരാതിയിലെ ചുരുക്കം.

ഡി എം സി കണ്‍വീനര്‍ ആയ ശേഷം സരിന്‍ ആദ്യം സ്വീകരിച്ചത് മറ്റ് 25 അംഗങ്ങളുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ല എന്ന നിലപാടായിരുന്നു. കാരണം ഡി എം സി എന്നാല്‍ സരിന്‍ ആണ് എന്ന് വരുത്തി തീര്‍ക്കണം. ('ഞാന്‍' കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഉണ്ടാക്കി എന്ന് ചാനലില്‍ നിരവധി തവണ സരിന്‍ പറയുന്നത് നിങ്ങളും കേട്ടു കാണും) തനിക്ക് ഇഷ്ടമില്ലാത്തവരെ പുകച്ചു പുറത്തു ചാടിക്കുക എന്നതായിരുന്നു അടുത്ത നടപടി. ആഴ്ചയില്‍ നടക്കുന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ ടാര്‍ഗറ്റ് ചെയ്തു അധിക്ഷേപിക്കുക എന്ന അജണ്ടയായിരുന്നു നടപ്പിലാക്കിയത് . ഞാനും താരയും ആയിരുന്നു ആദ്യ ടാര്‍ഗറ്റ്. ഇതിനെതിരെ ഞങ്ങള്‍ ശബ്ദം ഉയര്‍ത്തിയതോടെ ആക്രമണം രൂക്ഷമായി.

ഡി എം സി യില്‍ 25 അംഗങ്ങള്‍ ഉണ്ടായിട്ടും കോണ്‍ട്രാകട് അടക്കമുള്ള എല്ലാ കാര്യങ്ങളും സ്വന്തമായി തീരുമാനിച്ചു നടത്തി. ഇതില്‍ ഉണ്ടാകുന്ന ഏതൊരു പ്രശ്‌നത്തിലും ഞങ്ങള്‍ കൂടി ഭാഗം ആകും എന്ന് ബോധ്യപെട്ടത്തോടെയാണ് രേഖാമൂലം പരാതി നല്‍കാന്‍ തീരുമാനിച്ചത്. പുതുപ്പള്ളി ഇലക്ഷനില്‍ ഞാന്‍ അടക്കം ചെയ്ത വീഡിയോകള്‍ ഉപയോഗിക്കാതെ പുറത്തു നിന്നുള്ള ആര്‍ക്കോ കരാര്‍ നല്‍കി. കരാര്‍ നേടിയവര്‍ വീഡിയോ ചെയ്യാന്‍ എന്നെ സമീപിച്ചു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ഇന്നുവരെ ഡി എം സി യുടെ പേരില്‍ ഒരു നയാ പൈസ കൈപ്പറ്റിയിട്ടില്ലാത്ത ഞങ്ങള്‍ സാമ്പത്തിക വിഷയങ്ങളില്‍ ട്രാന്‍സ്പരന്‍സി വേണം എന്നാണ് ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ വിസിബിലിറ്റി വര്‍ദ്ധിപ്പിക്കുക എന്നതിന് പകരം സ്വന്തം പി ആര്‍ ടൂള്‍ ആയി ഈ കെപിസിസി ഡി എം സി സംവിധാനത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് സരിന്‍ ചെയ്യുന്നത് എന്ന് ഞങ്ങള്‍ പരാതിയില്‍ പറഞ്ഞിരുന്നു.എന്നാല്‍ കെപിസിസിക്കു കൊടുത്ത പരാതി ഒരു സ്വകാര്യ ചാനലിന് ചോര്‍ന്നു.

മനസാ വാചാ അറിയാത്ത ഈ സംഭവത്തിന്റെ പേരില്‍ ഞങ്ങളെ ടാര്‍ജറ്റ് ചെയ്തു സൈബര്‍ അറ്റാക്ക് തുടങ്ങി. ഇത് പ്ലാന്‍ഡ് ആയിരുന്നു എന്ന് ഞങ്ങള്‍ക്ക് പിന്നീട് മനസിലായി ( സരിന്റെ സുഹൃത്തുക്കള്‍ അവശ്യപ്പെട്ടതിന്റെ പേരിലാണ് നിങ്ങള്‍ക്കെതിരെ പോസ്റ്റ് ഇട്ടത് എന്ന് നിരവധി പേര് ഞങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട് ) നിഷ്‌കളങ്കരായ പാര്‍ട്ടിക്കാരുടെ മുന്‍പില്‍ കുറ്റവാളിയായി ചിത്രീകരിക്കുന്ന സാഹചര്യവും സൈബര്‍ വിചാരണയിലേക്ക് വരെ കാര്യങ്ങളെത്തി. പരാതിയുടെ മെറിറ്റ് ചര്‍ച്ച ചെയ്യുന്നതിനു പകരം പാര്‍ട്ടിക്കെതിരെ ഞങ്ങള്‍ പ്രവര്‍ത്തിച്ചു എന്ന നറേറ്റീവ് ഉണ്ടാക്കി. ഞങ്ങളെ മിണ്ടാതെയാക്കി.

ഭര്‍ത്താവിലേക്കും ഭര്‍ത്തൃ പിതാവും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും എംഎല്‍എയും ആയിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ ലേക്ക് വരെ എത്തി ആ ആക്രമണം എന്നതാണ് വിരോധാഭാസം. ഈ കഴിഞ്ഞ 10 മാസം ദൈവത്തോട് ആട്ടിന്‍തോലണിഞ്ഞ ചെന്നായിയുടെ ശരിക്കുള്ള രൂപം പുറത്തുകൊണ്ടുവരണമെന്നും നമ്മുടെ നിരപരാധിത്തം തെളിയിക്കണമെന്നും പ്രാര്‍ത്ഥിക്കാത്ത ദിവസങ്ങളില്ല.

എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും അപമാനിതയായ ഒരു ഓണ്‍ലൈന്‍ മീറ്റിംഗ് അനുഭവമുണ്ട്. സ്ത്രീയെന്ന നിലയില്‍ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയ നിമിഷം. എന്ത് അര്‍ത്ഥമാണ് സത്യസന്ധതക്കും നൈതികതക്കും എന്ന് നൊമ്പരപ്പെട്ടു ഉറങ്ങാതിരുന്ന 10 മാസങ്ങള്‍. നീണ്ട പതിനൊന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു കുഞ്ഞ് വീട്ടില്‍ പിച്ചവച്ച് ഓടി കളിക്കാന്‍ വരാന്‍ പോകുന്നു എന്ന സന്തോഷം മനസ്സില്‍ നിറയേണ്ടുന്ന നേരത്തും കുറ്റം ചെയ്യാതെ കുറ്റവാളിയെപ്പോലെ ഇരുട്ടത്ത് നില്‍ക്കേണ്ടി വരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ വേദന... കടന്നുപോയ 10 മാസങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ വര്‍ണ്ണനാതീതം.

പത്തു മാസങ്ങള്‍ക്കിപ്പുറം ഇടതു കാന്‍ഡിഡേറ്റോ ഇടതു സ്വാതന്ത്രനോ ഒക്കെയായി ആ അധികാരവെറിയന്‍ മാടമ്പി വരാന്‍ പോകുന്നു എന്ന വാര്‍ത്ത കണ്ടപ്പോള്‍ അറിയാതെ എഴുതിപ്പോയതാണ് പറയാനുള്ളത് എം. വി.ഗോവിന്ദന്‍ മാഷിനോടാണ് ആണ്. ഒന്നര ആഴ്ച മുമ്പ് മാഷ് ഞങ്ങളുടെ പയ്യന്നൂര് വീട്ടില്‍ വന്നിരുന്നു എന്ന് അറിഞ്ഞു. കെ പി കുഞ്ഞിക്കണ്ണന്‍ എന്ന ഞങ്ങളുടെ അച്ഛന്റെ വേര്‍പാട് സൃഷ്ടിച്ച അനാഥത്വത്തിന്റെ നടുക്കത്തിലും വേദനയിലും ഉരുകിപ്പൊട്ടുകയായിരുന്ന എന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചതും അ റിഞ്ഞു.

1985 മുതലുള്ള അച്ഛനുമായുള്ള സൗഹൃദത്തെക്കുറിച്ച് ഒക്കെ മാഷ് അന്ന് പറഞ്ഞത് എന്നോട് തിലകന്‍ പറഞ്ഞിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം സ്‌നേഹ സമ്മതനായിരുന്നു ഞങ്ങളുടെ അച്ഛന്‍ എന്ന് കൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു നാടൊന്നാകെ പൊതുദര്‍ശന വേദികളില്‍ തടിച്ചുകൂടി ഞങ്ങളുടെ അച്ഛന് നല്‍കിയ യാത്രയയയപ്പു. അച്ഛന്റെ അവസാനനാളുകളില്‍ തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാല്‍ സൈബര്‍ ഇടങ്ങളില്‍ അദ്ദേഹം ആക്രമിക്കപ്പെടുകയുണ്ടായി.

ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ അച്ഛന്‍ നിന്നുവെന്നും( അദ്ദേഹത്തിന്റെ കൈ ആദ്യം ചേര്‍ത്തുപിടിച്ച ആളായിരുന്നു അന്ന് അച്ഛന്‍ എന്ന് എടുത്തു പറയട്ടെ )മറ്റു കള്ളക്കഥകളിറക്കി ആക്രമിച്ചു.

അച്ഛന്റെ വിയോഗാനന്തരം കഴിഞ്ഞ ആഴ്ച നടന്ന 13 ചടങ്ങിന് തൃക്കണ്ണാട് ക്ഷേത്രത്തില്‍ പുലര്‍ച്ചെ തുടക്കം മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സാറാണ് ആണ് നേതൃത്വം നല്‍കിയത് എന്നത് കൂടി പറഞ്ഞുകൊള്ളട്ടെ.അല്ലെങ്കിലും മാഷ് അറിയുന്ന കുഞ്ഞിക്കണ്ണന് എന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ എതിര്‍ പാര്‍ട്ടിയില്‍ ആണെങ്കില്‍ പോലും ഉയര്‍ത്തിപിടിച്ചിരുന്ന രാഷ്ട്രീയ മൂല്യങ്ങള്‍ എന്തായിരുന്നുവെന്ന് മാഷിന് പൂര്‍ണബോധ്യം ഉണ്ടാകുമല്ലോ.

അഭിനവ സൈബര്‍ ഗുണ്ടകള്‍ കണ്ട രാഷ്ട്രീയമല്ല ലീഡറുടെ മനസ്സാക്ഷി എന്നോളം വിശേഷിപ്പിക്കപ്പെടുന്ന കുഞ്ഞിക്കണ്ണന്റെ രാഷ്ട്രീയ ഫിലോസഫി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു തെറ്റും ചെയ്യാതെ ദുരാരോപണം ഉന്നയിക്കുകയും സൈബറിടത്തില്‍ വേട്ടയാടാന്‍ ശ്രമിക്കുകയും ചെയ്ത സരിനോടും ന്യൂനപക്ഷം വരുന്ന സൈബര്‍ തെമ്മാടിക്കൂട്ടത്തോടും മാഷിന്റെ ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം വേര്‍പിരിഞ്ഞുപോയ ആ പഴയ സുഹൃത്തിന്റെ ആത്മാവ് പൊറുക്കട്ടെ.

മനുഷ്യരോട് മാന്യമായി എങ്ങനെ പെരുമാറണം എന്ന് പോലും ബോധം ഇല്ലാത്ത 25 പേരടങ്ങുന്ന ഒരു കുഞ്ഞു സംഘത്തെപോലും ഒരുമിച്ചു കൊണ്ടുപോകാന്‍ പ്രാപ്തി ഇല്ലാത്ത ഒരാളെ രണ്ട് ലക്ഷം പേരടങ്ങുന്ന ഒരു നിയോജക മണ്ഡലത്തിന്റെ നാഥന്‍ ആക്കാന്‍ പുറപ്പെടുന്ന സിപിഎമ്മിന്റെ ഇന്നത്തെ രാഷ്ട്രീയ അന്ധതയോര്‍ത്തു രാഷ്ട്രീയപാപ്പരത്തമോര്‍ത്തു സഹതപിക്കാതെ മറ്റെന്തു ചെയ്യാന്‍.

മാലിന്യത്തില്‍ നിന്ന് വളം നിര്‍മ്മിക്കാം. പക്ഷേ ആ മാലിന്യം എന്‍ഡോസള്‍ഫാന്‍ ആണെങ്കില്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന ദുരിതങ്ങള്‍ നമ്മള്‍ കാണുന്നില്ലേ!കാലം തെളിയിക്കാത്ത സത്യങ്ങള്‍ ഇല്ലല്ലോ മാഷേ.

വിനയപൂര്‍വം

അഡ്വ. വീണ. എസ്. നായര്‍.


Full View


Tags:    

Similar News