മലിനീകരണം ഒഴിവാക്കാന്‍ 15 വര്‍ഷം കഴിഞ്ഞാല്‍ ഉപയോഗിക്കരുതെന്ന് നിയമം; ഉപയോഗ ശൂന്യമായത് 2,053 സര്‍ക്കാര്‍ വാഹനങ്ങള്‍; 507 വാഹനങ്ങളുമായി ആരോഗ്യവകുപ്പ് മുന്നില്‍

ഏറ്റവും പുതിയ കണക്കുകളില്‍ കേന്ദ്രനിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗശൂന്യമായത് 2,053 വാഹനങ്ങള്‍.

Update: 2024-09-16 03:56 GMT

തിരുവനന്തപുരം: മലിനീകരണ സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്രം നടപ്പിലാക്കിയ നിയമം ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെന്ന് കണ്ടെത്തല്‍.മലിനീകരണം ഒഴിവാക്കാനാണ് 15 വര്‍ഷംകഴിഞ്ഞ വാഹനങ്ങള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്.ഇതോടെ അധികം ഓടാത്ത വാഹനങ്ങള്‍ക്കും പുനരുപയോഗ സാധ്യത ഇല്ലാതായി.ഏറ്റവും പുതിയ കണക്കുകളില്‍ കേന്ദ്രനിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗശൂന്യമായത് 2,053 വാഹനങ്ങള്‍.

ഓരോ വകുപ്പിലും 15 കൊല്ലംകഴിഞ്ഞ എത്ര വാഹനങ്ങളുണ്ടെന്ന് 2024 ജൂലായില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചിരുന്നു.102 വകുപ്പുകളിലായിരുന്നു പരിശോധന.ഇതിലാണ് കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 2500ലേറെ വാഹനങ്ങള്‍ ഇത്തരത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.ഉപയോഗശൂന്യമായ വാഹനങ്ങള്‍ കൂടുതലുള്ളത് ആരോഗ്യവകുപ്പിലാണ്.- 507 എണ്ണം. രണ്ടാമതു പോലീസിലും. -116 എണ്ണം.

വകുപ്പ് തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇങ്ങനെയാണ്.. ആരോഗ്യം -507, പോലീസ് -116, റവന്യൂ -102, ജയില്‍ -92, ജി.എസ്.ടി. -81, വനം വന്യജീവി -78, വനിത-ശിശുവികസനം -68, ഇറിഗേഷന്‍ -66, ഗതാഗതം -59, ടൂറിസം -58, മൃഗസംരക്ഷണം -57, ഭക്ഷ്യസുരക്ഷ -55, ഭൂഗര്‍ഭജലം -52.കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളും തദ്ദേശസ്ഥാപനങ്ങളും ഒഴിവാക്കിയുള്ള കണക്കാണിത് എന്നതാണ് മറ്റൊരു വസ്തുത.അതും കൂടി ഉള്‍പ്പെടുത്തിയാല്‍ ഇനിയും കൂടാനാണ് സാധ്യത.

അസാധുവായ വാഹനങ്ങള്‍ക്കുപകരം പുതിയവ അനുവദിച്ചിട്ടില്ല. ചില വകുപ്പുകളുടെ സമ്മര്‍ദംമൂലം ഒന്നോരണ്ടോ വാഹനങ്ങള്‍ക്കു മാത്രം അനുമതി നല്‍കിയിട്ടുണ്ട്. 13 വകുപ്പുകളില്‍ അന്‍പതിലധികം വാഹനങ്ങളാണ് അസാധുവായത്.ഇവയില്‍ ഭൂരിഭാഗവും അധികമോടാത്ത വണ്ടികളാണെന്നതാണ് വസ്തുത.

എങ്കിലും 15 കൊല്ലം കഴിഞ്ഞുവെന്ന കാരണത്താല്‍ നിരത്തിലിറക്കാനാകാത്ത സ്ഥിതിയാണ്.സര്‍ക്കാര്‍ വാഹനങ്ങളായതുകൊണ്ട് വീണ്ടും രജിസ്റ്റര്‍ചെയ്ത് ഉപയോഗിക്കാനുമാകില്ല.അതേസമയം സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അഞ്ചുവര്‍ഷത്തേക്കുകൂടി പുതുക്കിനല്‍കും.



Tags:    

Similar News