അയ്യപ്പന് ഭക്തന്‍ കൊടുക്കുന്ന സമ്പത്ത് ആരും മോഷ്ടിച്ചുകൊണ്ടുപോകാന്‍ പാടില്ല; സ്വര്‍ണം ഓടിപ്പോവുകയോ പറന്നുപോവുകയോ ചെയ്യില്ല; ഇപ്പോള്‍ എടുത്തയാളും കൊടുത്തയാളുമില്ല; മോഷണവും ചൂഷണവും ഇന്ന് തുടങ്ങിയതല്ല.. ഒരുപാട് കൊല്ലങ്ങളായി; അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍
അയ്യപ്പന് ഭക്തന്‍ കൊടുക്കുന്ന സമ്പത്ത് ആരും മോഷ്ടിച്ചുകൊണ്ടുപോകാന്‍ പാടില്ല
ആലപ്പുഴ: ശബരിമലയിലെ സ്വത്ത് കൊള്ളയടിക്കുന്നവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് നടത്തിയ സ്വര്‍ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്ന് വെള്ളാപ്പള്ള പറഞ്ഞു. അയ്യപ്പന് ഭക്തന്‍ കൊടുക്കുന്ന സമ്പത്ത് ആരും മോഷ്ടിച്ചുകൊണ്ടുപോകാന്‍ പാടില്ല. ശബരിമലയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അതിനകത്ത് മോഷണവും ചൂഷണവും ഇന്ന് തുടങ്ങിയതല്ല. ഒരുപാട് കൊല്ലങ്ങളായി. ഇപ്പോഴാണ് കണ്ടുപിടിച്ചത് എന്നേയുള്ളൂ. സ്വര്‍ണപ്പാളിയായതുകൊണ്ടാണ് കണ്ടുപിടിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.
വ്യവസായിയായ വിജയ് മല്യ കൊടുത്ത മുപ്പതുകിലോയോളം സ്വര്‍ണം അവിടെയില്ലാ എന്ന് പറഞ്ഞാല്‍, മുപ്പതുകിലോ സ്വര്‍ണം എന്നു പറഞ്ഞാല്‍ എത്ര കോടിയാണ്. അത് ഓടിപ്പോവുകയോ പറന്നുപോവുകയോ ചെയ്യുന്ന സാധനമല്ല. ആ സാധനം ഇപ്പോള്‍ കൊണ്ടുപോയവനില്ല. എടുത്തവനില്ല. കൊടുത്തവനില്ല. മേടിച്ചവനില്ല. എന്തൊരു അഴിമതിയാണ്. സ്വര്‍ണപ്പാളി നഷ്ടപ്പെട്ടതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെമ്പ് കൊണ്ടുപോയി എന്ന് പറയുന്നു. മഹസ്സറിലും പറയുന്നു ചെമ്പാണെന്ന്. അതിന് മുകളിലിരുന്ന സ്വര്‍ണം എവിടെയെന്നും വെള്ളാപ്പള്ളി ആരാഞ്ഞു. മല്യ കൊടുത്ത കാലത്ത് ആ സ്വര്‍ണം പാളികളാക്കി പൊതിഞ്ഞിരുന്നത് അല്ലേ. ആ പാളി എടുത്തിട്ട് അതിന്റെ താഴെയുള്ള ചെമ്പ് മാത്രം കൊടുത്തയച്ചു എന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ അതിനെ നിഷേധിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ആഗോള അയ്യപ്പസംഗമം നടത്തിയതോടുകൂടി ആഗോളതലത്തിലെ വലിയൊരു കള്ളത്തരം കണ്ടുപിടിക്കാന്‍ സാധിച്ചത് തന്നെ നല്ലൊരു സംഭവവും ഐശ്വര്യവുമല്ലേ എന്നും വെള്ളാപ്പള്ളി ആരാഞ്ഞു. സര്‍ക്കാരിനെക്കാള്‍ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കുമാണ്. ആരുടെ കാലത്ത് എപ്പോള്‍ ചെയ്തുവെന്ന് അന്വേഷിച്ച് അതിന്റെ സത്യം പുറത്തുകൊണ്ടുവരട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സ്വര്‍ണം പൂശാനായി എത്തിച്ചതു പഴയ ചെമ്പു പാളികളെന്നു മദ്രാസിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് പണ്ടാരി വെളിപ്പെടുത്തിയിരുന്നു. മെഴുകും അഴുക്കും പിടിച്ച പാളികളാണു സ്വര്‍ണം പൂശുന്നതിനായി എത്തിച്ചതെന്നും ചെന്നൈയിലെ സ്ഥാപന ഉടമ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച നിര്‍ണായക രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെന്നും സ്ഥാപന ഉടമ വ്യക്തമാക്കി.
കോടതിയുടെ കൂടെ അനുമതിയോടെയാണു സ്വര്‍ണം പൂശുന്നതിനായി പാളികള്‍ സ്വീകരിച്ചതെന്നും പങ്കജ് പറയുന്നു. അതേ സമയം സ്വര്‍ണപ്പാളികള്‍ ചെന്നൈയിലെത്താന്‍ വൈകിയതിനെ കുറിച്ചു നിര്‍ണായക വിവരങ്ങള്‍ കൈവശമുണ്ടെന്നും അവ കൂടി കോടതിയെ അറിയിച്ചെന്നും പങ്കജ് പന്താരി വ്യക്തമാക്കി.