പീഡനം നടന്നെന്ന് പറയുന്ന ദിവസം നിവിന്‍ എന്റെ കൂടെ 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമയുടെ സെറ്റില്‍; ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്ന് വിനീത് ശ്രീനിവാസന്‍

നിവിന് എതിരായ പരാതിയില്‍ യാഥാര്‍ഥ്യം ഉടന്‍ തെളിയണം

Update: 2024-09-05 13:34 GMT

കൊച്ചി: യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ പൊലീസ് പ്രതി ചേര്‍ത്തതിന് എതിരെ നടന്‍ നിവിന്‍ പോളി പരാതി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.

പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ ചാനലിനോട് ആയിരുന്നു പ്രതികരണം. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത്. പിറ്റേന്ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും അദ്ദേഹം പറഞ്ഞു.

'എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നു,' വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

വിനീത് പറഞ്ഞത്


2023 ഡിസംബര്‍ 14 രാവിലെ മുതല്‍ നിവിന്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. തൃപ്പൂണിത്തുറ നൂക്ലിയസ് മാളിലായിരുന്നു ഷൂട്ട് തുടങ്ങിയത്. എട്ട് മണിയോടെ നിവിന്‍ ഷൂങ്ങിങ് സെറ്റില്‍ എത്തിയിരുന്നു. തിയറ്ററിനകത്തുള്ള ഭാ?ഗമായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലെ അവസാന ഭാ?ഗങ്ങളായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. അന്ന് ക്രൗഡായി അഭിനയിക്കാന്‍ വന്ന ആളുകളും അവിടെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് അത് തെളിയിക്കാന്‍ പാടുണ്ടാവില്ല. നൂക്ലിയസ് മാളിന് പുറത്തുവെച്ചാണ് നിവിന്‍ സ്റ്റേജിലേക്ക് വരുന്ന സീനൊക്കെ ഷൂട്ട് ചെയ്തത്. അന്ന് ഉച്ചക്ക് രണ്ടര വരെ നമ്മള്‍ അവിടെ ഷൂട്ട് ചെയ്തിരുന്നെന്നാണ് എന്റെ ഓര്‍മ. അതിന് ശേഷം ഞങ്ങള്‍ ക്രൗണ്‍ പ്ലാസയിലേക്ക് ഷിഫ്റ്റ് ചെയ്തു.

ഫാര്‍മ എന്ന വെബ് സീരിസിനിടെയിലാണ് നിവിന്‍ എനിക്ക് ഡേറ്റ് നല്‍കിയിരുന്നത്. നാല് ദിവസം മാത്രമേ ഡേറ്റ് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ നിവിന്റെ കാര്യങ്ങളെല്ലാം ഞാന്‍ തന്നെയാണ് നേരിട്ട് കോഓഡിനേറ്റ് ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടാണ് എനിക്ക് ഈ തീയതികള്‍ ഇത്രത്തോളം ഓര്‍മയില്‍ നില്‍ക്കാന്‍ കാരണം. ഡിസംബര്‍ 1, 2, 3 തീയതികളില്‍ നിവിന്‍ നമുക്കൊപ്പം മൂന്നാറില്‍ ഷൂട്ടിനുണ്ടായിരുന്നു. അതിന് ശേഷം 14നാണ് തിരിച്ച് ജോയിന്‍ ചെയ്തത്. 14 മുതല്‍ 15 രാവിലെ വരെ ഞങ്ങള്‍ ഷൂട്ടിലായിരുന്നു. 15ന് രാവിലെ രണ്ടര മണി വരെ ഞങ്ങള്‍ക്ക് ഷൂട്ടുണ്ടായിരുന്നു. അതിന് ശേഷം ഞാനും നിവിനും ഭാഗത്തും തുടങ്ങി ഞങ്ങള്‍ മലര്‍വാടിയിലുള്ള പഴയ ആള്‍ക്കാര്‍ ഒക്കെക്കൂടി സംസാരിച്ച് ഇരുന്നാണ് പിരിഞ്ഞത്.

നിവിന്‍ ക്രൗണ്‍ പ്ലാസയില്‍നിന്ന് തിരിച്ച് പോകുമ്പോള്‍ ഏകദേശം മൂന്നേകാല്‍ ആയിട്ടുണ്ടാവും. ഫാര്‍മ എന്ന വെബ് സീരീസിന്റെ ഷൂട്ടിനാണ് അവന്‍ പോകുന്നത് എന്ന് പറഞ്ഞതായാണ് എന്റെ ഓര്‍മ. ഫാര്‍മയുടെ ഷൂട്ട് കേരളത്തില്‍ തന്നെയായിരുന്നു. കൃത്യമായ സ്ഥലം ഏതാണെന്ന് എനിക്ക് പറയാന്‍ സാധിക്കുന്നില്ല, 14ാം തീയതി മുഴുവന്‍ ഞങ്ങള്‍ക്കൊപ്പം നിവിന്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ ചോദിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സി.സി.ടി.വി ഫൂട്ടേജുകള്‍ കിട്ടും. നിവിന്റെ പേരില്‍ ക്രൗണ്‍ പ്ലാസയില്‍ ഞങ്ങള്‍ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. കൂടാതെ സെറ്റില്‍ ഫോട്ടോ എടുത്ത സ്റ്റില്‍സ് നോക്കിയാല്‍ തീയതി അറിയാന്‍ സാധിക്കുമല്ലോ? ഇതെല്ലാം നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. പത്ത് മുന്നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എനിക്കൊപ്പം അന്ന് ഷൂട്ടിനുണ്ടായിരുന്നു. 14 മുതല്‍ 15 വരെ ഞാനുണ്ടായിരുന്നു അവന്റെ കൂടെ. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് എനിക്ക് നൂറ് ശതമാനം ഉറപ്പോടെ പറയാന്‍ സാധിക്കും. ഇതില്‍ മറ്റൊരു വാദത്തിന്റെ ആവശ്യമില്ല. ഇതിനുള്ള തെളിവുകള്‍ നിരവധിയുണ്ട്. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് പ്രൊഡ്യൂസറും ആര്‍ട്ട് ഡയറക്ടറും ഒക്കെ നമുക്കൊപ്പമുണ്ടായിരുന്നു. അന്നത്തെ ദിവസം പാര്‍വതി ആര്‍. കൃഷ്ണ എന്ന നടിയും നിവിനൊപ്പം സ്റ്റേജിലുണ്ടായിരുന്നു, ഇവര്‍ ആരോട് വേണമെങ്കിലും നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ചോദിക്കാമെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നല്‍കിയ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. ഊന്നുകല്‍ സ്വദേശിയാണ് പരാതിക്കാരി.

നിലവില്‍ ഊന്നുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. സിനിമയിലും യൂറോപ്പിലും ജോലി വാഗ്ദാനം ചെയ്യുകയും തുടര്‍ന്ന് ദുബായിയില്‍ കൊണ്ടുപോയി ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, ഇന്ന് രാവിലെ ഡിജിപിക്ക് നിവിന്‍ പോളി പരാതി നല്‍കി. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിന്‍ പോളി പ്രാഥമിക പരാതി നല്‍കിയത്. തന്റെ പരാതി കൂടി പരിശോധിക്കണമെന്നും നിവിന്‍ പോളി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ എഫ്‌ഐആറിന്റെ പകര്‍പ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നല്‍കുമെന്നും നിവിന്‍ വ്യക്തമാക്കി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിന്‍ അറിയിച്ചിരിക്കുന്നത്.

തനിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്റെ നിലപാട്. തന്റെ പരാതി കൂടി സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിന്‍ മുന്നോട്ട് വയ്ക്കുന്നത്. മുന്‍കൂര്‍ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന് കിട്ടിയ നിയമോപദേശമെന്നാണ് വിവരം.

എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബലാത്സംഗം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഊന്നുകല്‍ പൊലീസ് നിവിന്‍ പോളിക്കും മറ്റ് അഞ്ചു പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയായ എകെ സുനില്‍ പറഞ്ഞു. യുവതിയുടെ ആരോപണത്തില്‍ സത്യമില്ലെന്ന് നിവിന്‍ പോളിയുമായി ദുബായില്‍ വച്ച് കൂടിക്കാഴ്ച നടത്തിയ റാഫേലും പറഞ്ഞു.

യുവതിയുടെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും. അതിനിടെ, പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരി പ്രതികരിച്ചു. തന്നെ അറിയില്ലെന്ന നിവിന്‍ പോളിയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. നിര്‍മാതാവ് എകെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി പ്രതികരിച്ചു.

Tags:    

Similar News