ഇന്ത്യന്‍ ക്രിക്കറ്റിന്റെ കിങ്, റെക്കോഡുകളുടെ കളിത്തോഴന്‍, 538 രാജ്യാന്തര മത്സരങ്ങള്‍, ഇന്ത്യയുടെ റണ്‍ മെഷീന്‍; ഇന്ത്യന്‍ നായകന്മാരില്‍ കൂടുതല്‍ ടെസ്റ്റ് ജയമെന്ന റെക്കോഡ്; ഉയര്‍ച്ച താഴച്ചകടള്‍ക്കിടയിലെ 36-ാം പിറന്നാള്‍: ഹാപ്പി ബര്‍ത്ത്‌ഡേ കിങ് കോഹ്‌ലി

Update: 2024-11-05 09:39 GMT
ഇന്ത്യന്‍ ക്രിക്കറ്റിന്റെ കിങ്, റെക്കോഡുകളുടെ കളിത്തോഴന്‍, 538 രാജ്യാന്തര മത്സരങ്ങള്‍, ഇന്ത്യയുടെ റണ്‍ മെഷീന്‍; ഇന്ത്യന്‍ നായകന്മാരില്‍ കൂടുതല്‍ ടെസ്റ്റ് ജയമെന്ന റെക്കോഡ്; ഉയര്‍ച്ച താഴച്ചകടള്‍ക്കിടയിലെ 36-ാം പിറന്നാള്‍: ഹാപ്പി ബര്‍ത്ത്‌ഡേ കിങ് കോഹ്‌ലി
  • whatsapp icon

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിക്ക് ഇന്ന് ജന്മദിനമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യയുടെ രാജകീയ സിംഹാസനത്തിലേക്കെത്തിയ കോലി നടന്നു നീങ്ങിയ വഴികളിലെല്ലാം ഇതിഹാസ റെക്കോഡുകളെ കൂട്ടുപിടിച്ച താരമാണ്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുമായി കോലി മിന്നിച്ച കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയ മികവ് കാട്ടാന്‍ കോലിക്കാവുന്നില്ല. സ്പിന്നിനെതിരേ പതറുന്ന കോലി കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം.

1988 നവംബര്‍ അഞ്ചിന് ഡല്‍ഹിയിലാണ് കോഹ്‌ലിയുടെ ജനനം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേക്കാള്‍ ഒരു വയസ് കുറവാണ് വിരാട് കോഹ്‌ലിക്ക്. ബോളിവുഡ് സൂപ്പര്‍താരം അനുഷ്‌ക ശര്‍മയാണ് കോഹ്‌ലിയുടെ ജീവിതപങ്കാളി. ഇന്ത്യക്കു വേണ്ടി 538 രാജ്യാന്തര മത്സരങ്ങളാണ് കോഹ്‌ലി കളിച്ചിട്ടുള്ളത്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 27,134 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 50 സെഞ്ചുറി നേടിയ കോലി ടെസ്റ്റില്‍ 29 തവണയും ട്വന്റി 20 യില്‍ ഒരു തവണയും നൂറടിച്ചിട്ടുണ്ട്. 2011 ഏകദിന ലോകകപ്പ്, 2013 ചാംപ്യന്‍സ് ട്രോഫി, 2024 ട്വന്റി 20 ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു കോഹ്‌ലി.

വലിയ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് കോലി തന്റെ 36ാം ജന്മദിനം ആഘോഷിക്കുന്നത്. വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് കോഹ്‌ലി ചരിത്ര തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. ഇതിഹാസ താരത്തിന്റെ കരിയറിലേക്ക് വരുമ്പോള്‍ എടുത്തു പറയാന്‍ നിരവധി റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന് ഉണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലുണ്ടായിരുന്ന 49 ഏകദിന സെഞ്ച്വറികളുടെ റെക്കോഡ് ആരും തകര്‍ക്കില്ലെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ കോഹ്‌ലി ഇത് മറികടന്നു. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ച്വറിയുള്ള ഏക താരം വിരാട് കോഹ്‌ലിയാണ്. ടെസ്റ്റ് നായകനെന്ന നിലയിലെ കോഹ്‌ലിയുടെ റെക്കോഡും തകര്‍ക്കാന്‍ പ്രയാസമുള്ളതാണ്. 68 ടെസ്റ്റില്‍ നിന്ന് 40 ജയമാണ് കോലി ഇന്ത്യക്ക് നേടിക്കൊടുത്തത്. ഇന്ത്യന്‍ നായകന്മാരില്‍ കൂടുതല്‍ ടെസ്റ്റ് ജയമെന്ന റെക്കോഡ് കോഹ്‌ലിയുടെ പേരിലാണ്. ഇത് തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. കോലി നയിച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം എല്ലാ എതിരാളികളുടേയും പേടി സ്വപ്നമായിരുന്നു.

ഏകദിനത്തില്‍ വേഗത്തില്‍ 8000, 9000, 10,000, 11000, 12000, 13000 റണ്‍സെന്ന റെക്കോഡുകള്‍ കോഹ്‌ലിയുടെ പേരിലാണ്. കോഹ്‌ലിയുടെ ഈ റെക്കോഡ് തകര്‍ക്കുക പ്രയാസമാണ്. നിലവിലെ ഏതെങ്കിലും താരത്തിന് ഈ റെക്കോഡ് സാധ്യമാകുമെന്ന് കരുതാനാവില്ല. കൂടുതല്‍ തവണ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയ താരവും വിരാട് കോഹ്‌ലിയാണ്. 21 തവണയാണ് കരിയറില്‍ കോലി ഈ നേട്ടത്തിലേക്കെത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 20 തവണയാണ് ഈ നേട്ടത്തിലെത്തിയത്.

ഒരു ടീമിനെതിരേ കൂടുതല്‍ ഏകദിന സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡ് കോഹ്‌ലിയുടെ പേരിലാണ്. ശ്രീലങ്കയ്ക്കെതിരേ 10 ഏകദിന സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഒമ്പത് സെഞ്ച്വറിയും ഓസ്ട്രേലിയക്കെതിരേ എട്ട് സെഞ്ച്വറിയും നേടാന്‍ കോഹ്‌ലിക്കായിട്ടുണ്ട്. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് കോഹ്‌ലിയുടെ പേരിലാണ്. ഇതിനെ മറികടക്കുക പ്രയാസമാണെന്ന് പറയാം. 2023ലെ ഏകദിന ലോകകപ്പില്‍ 765 റണ്‍സാണ് കോലി നേടിയത്. സച്ചിന്റെ റെക്കോഡാണ് കോഹ്‌ലി തകര്‍ത്തത്.

ഏകദിന, ടി20 ലോകകപ്പില്‍ മാന്‍ ഓഫ് ദി സീരിസ് നേടിയ ഏക താരം വിരാട് കോഹ്‌ലിയാണ്. 2014, 2016 ടി20 ലോകകപ്പുകളിലെ താരമായ കോലി 2023ലെ ഏകദിന ലോകകപ്പിലും താരമായി. ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ തവണ 600ലധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് വിരാട് കോഹ്‌ലിയുടെ പേരിലാണ്. മൂന്ന് തവണയാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്.

Tags:    

Similar News