മൂന്നാര്‍ ദൗത്യത്തിന് 'മൂന്നുപൂച്ചകളെ' അയച്ചെങ്കിലും വി എസ്സിന് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു; സിപിഐ യും സി പി എമ്മിന്റെ ഔദ്യോഗിക വിഭാഗവും ചേര്‍ന്ന് വി എസ്സിനെ മൂന്നാറില്‍ തോല്‍പ്പിച്ചു; വിഎസിനെ ആദ്യമായി കണ്ടപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഒരു ചോദ്യം അദ്ദേഹം ചോദിച്ചു: കെ സുരേഷ് കുമാറിന്റെ ഓര്‍മ്മകള്‍

കെ സുരേഷ് കുമാറിന്റെ ഓര്‍മ്മകള്‍

Update: 2025-07-21 12:10 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്‍ സ്വീകരിച്ച ധീരമായ നടപടിയായിരുന്നു മൂന്നാര്‍ ദൗത്യം. എന്നാല്‍, അത് പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മൂന്നുപൂച്ചകളെ അയയ്ക്കുന്നു എന്നാണ് വിഎസ് അന്നുവിശേഷിപ്പിച്ചത്. എന്നാല്‍, 2007ല്‍ വി.എസ്.അച്യുതാനന്ദന്‍ അയച്ച 'പൂച്ചകള്‍' പരാജയപ്പെട്ട് പിന്‍വാങ്ങുകയായിരുന്നു. കെ സുരേഷ് കുമാര്‍, ഋഷിരാജ് സിങ്, രാജു നാരായണ സ്വാമി എന്നിവരെയാണ് വി എസ് മൂന്നാര്‍ ദൗത്യത്തിനായി നിയോഗിച്ചത്. 'നമ്മള്‍ നിശ്ചയിച്ചിട്ടുള്ള പൂച്ച കറുത്തതോ, വെളുത്തതോ എന്ന് നമ്മള്‍ നോക്കിയിട്ടില്ല. വിശേഷിച്ച് ഞാന്‍ നോക്കിയിട്ടില്ല. എലിയെ പിടിക്കുമോയെന്നാണ് നോക്കിയത്. നോക്കിയപ്പോള്‍ നല്ല പോലെ കുഞ്ഞെലികളെ വരെ പിടിക്കുകയാണ്. വലിയ എലികളെ ആദ്യം പിടിച്ചു കഴിഞ്ഞു'- വിഎസ് മാധ്യമങ്ങളോട് പറഞ്ഞത് വലിയ വാര്‍ത്തയായി.


എന്നാല്‍, മൂന്നാര്‍ ദൗത്യം പൊതുസമൂഹത്തിലും സി.പി.എം.രാഷ്ട്രീയത്തിലും വലിയ കോളിളക്കങ്ങളാണ് ഉണ്ടാക്കിയത്. പാര്‍ട്ടിയിലെ പിണറായി പക്ഷത്തോടും കൈയേറ്റ മാഫിയയോടും ഒരേ സമയം ഏറ്റുമുട്ടിയാണ് അച്യുതാനന്ദന്‍ അന്നു മൂന്നാറിനെ മോചിപ്പിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ ദൗത്യസംഘം സി.പി.ഐ. ഓഫീസില്‍ കൈവെച്ചതോടെ ദൗത്യത്തിന്റെ ഗതിമാറി. അന്നത്തെ സി.പി.എം.ജില്ലാ സെക്രട്ടറിയും വി.എസിന്റെ വിശ്വസ്തനുമായിരുന്ന എം.എം.മണി പിണറായി പക്ഷത്തേക്ക് ചാഞ്ഞു. മൂന്നാര്‍ ദൗത്യത്തിന് സംഭവിച്ചത് എന്തെന്ന് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കെ സുരേഷ് കുമാര്‍ പിന്നീട് വിശദീകരിച്ചിട്ടുണ്ട്. അടുത്തിടെ സുരേഷ് കുമാര്‍ വിഎസിന് ഒപ്പമുള്ള ദിവസങ്ങളെ കുറിച്ച് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ നിന്ന്:

'My Days with VS' - excerpts

'.....2016-ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ വി എസ്സും പിണറായി വിജയനും മത്സരിക്കുമെന്നും പ്രചാരണ പരിപാടികള്‍ക്ക് വി എസ്സ് നേതൃത്വം നല്‍കുമെന്നും വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ഇത്തവണ 'അനുജത്തിയെ കാണിച്ചു ജേഷ്ഠത്തിയെ കെട്ടിക്കുവാനുള്ള' പുറപ്പാടാണെന്ന് ഉറപ്പായി. ഇതിനു് വി എസ് അറിഞ്ഞുകൊണ്ട് നിന്നു കൊടുത്തു എന്നത് എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു...'

'....പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ വിഎസ്സിന് എറിഞ്ഞു കൊടുത്ത അപ്പക്കഷ്ണം മാത്രമായിരുന്നു ഭരണ പരിഷ്‌കാര കമ്മിറ്റിയുടെ ചെയര്‍മാന്‍ പദവി. ഇതു സ്വീകരിച്ചതും തുടര്‍ന്ന് ഔദ്യോഗിക പക്ഷത്തിന്റെ പുച്ഛവും പരിഹാസവും ഏറ്റുവാങ്ങി ആ പദവിയില്‍ തുടര്‍ന്നതും എന്നെപ്പോലെ രാഷ്ട്രീയത്തിനതീതമായി വി എസ്സിനൊപ്പം നിന്നവരെ നിരാശപ്പെടുത്തി....''

''.....മറ്റു രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തനായി സത്യത്തിനും നീതിക്കും വേണ്ടി ശക്തമായി നിലപാടെടുക്കുന്ന പ്രകൃതമുള്ള ജന നേതാവായിരുന്നു വി എസ്സ്... അദ്ദേഹവും പൊളിറ്റിക്കല്‍ കോമ്പ്രോമൈസുകള്‍ക്കു വഴങ്ങുന്ന സാധാരണ രാഷ്ട്രീയക്കാരന്‍ തന്നെയായിരുന്നു എന്നു തെളിഞ്ഞപ്പോള്‍ സത്യത്തില്‍ നിരാശ തോന്നി....''

''....മുന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിന്റെ കാര്യത്തില്‍ പൊതുജനങ്ങളില്‍ നിന്ന് രാഷ്ട്രീയ ഭേദമെന്യേ വലിയ പിന്തുണ ഉണ്ടായിട്ടും വി എസ്സിന് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു. സിപിഐ യും സി പി എമ്മിന്റെ ഔദ്യോഗിക വിഭാഗവും ചേര്‍ന്നാണ് വി എസ്സിനെ മൂന്നാറില്‍ തോല്‍പ്പിച്ചത്....'

ഡി പി ഇ പി, ലോട്ടറി, ഫിഷറീസ് എന്നിവിടങ്ങളില്‍ ഡയറക്ടറായിരുന്ന സുരേഷ് കുമാര്‍ എഴുതുന്ന ആത്മകഥയിലെ ഒരു അദ്ധ്യായമാണ് അന്യസംസ്ഥാന, ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കെതിരെ നടത്തിയ നിയമയുദ്ധം. അതേക്കുറിച്ചും വി എസ്സിനെ ആദ്യം കണ്ടതിനെ കുറിച്ചും അദ്ദേഹം എഴുതിയ കുറിപ്പ് വായിക്കാം:

ലോട്ടറി ഡയറക്ടര്‍ ആയിരിക്കെ അന്യ സംസ്ഥാന ലോട്ടറികള്‍ക്കും ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കുമെതിരെയുള്ള നിയമ യുദ്ധത്തിനിടയിലാണ് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനുമായി പരിചയപ്പെടാന്‍ എനിക്ക് അവസരമുണ്ടാകുന്നത്. സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെടെയുള്ള ലോട്ടറി മാഫിയ നിയമവിരുദ്ധമായി സ്വയം ലോട്ടറി ടിക്കറ്റുകള്‍ പ്രിന്റ് ചെയ്തു കേരളത്തിലുടനീളം വില്‍ക്കുകയും പല തരം കൃത്രിമങ്ങളിലൂടെ കേരളീയരെ കബളിപ്പിച്ചു വരികയുമായിരുന്നു. രണ്ടു വര്‍ഷം കൊണ്ട് 16,000 കോടി രൂപയുടെ വില്‍പ്പന നികുതിയാണ് അവര്‍ വെട്ടിച്ചിരുന്നത്.

ഇവര്‍ക്കെതിരെ ലോട്ടറി ഡയറക്ടര്‍ എന്ന നിലയില്‍ ഞാന്‍ എടുത്ത നടപടികളെ ചോദ്യം ചെയ്തുകൊണ്ട് അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ അവസരത്തിലാണ് വിഎസ്സിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാന്‍ ലോട്ടറി കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് ലോട്ടറി ഡയറക്ടറേറ്റില്‍ എത്തുന്നത്.

പ്രതിപക്ഷ നേതാവ് രേഖാമൂലം ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ കൊടുത്തു. എന്നാല്‍, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് വി എസ്സിന് ചില സംശയങ്ങള്‍ ഉണ്ടെന്നും അവ ദൂരീകരിക്കാന്‍ കന്റോണ്‍മെന്റ് ഹൗസില്‍ വന്ന് പ്രതിപക്ഷനേതാവിനെ നേരിട്ടു കാണാമോ എന്നും ഷാജഹാന്‍ ചോദിച്ചു. പൊതുവേ രാഷ്ട്രീയക്കാരില്‍ നിന്ന് കഴിയുന്നത്ര അകലം പാലിക്കുന്നതായിരുന്നു എന്റെ രീതി. എങ്കിലും വി എസ് എന്ന 'പ്രതിഭാസത്തെ' നേരിട്ടു കാണാനുള്ള ഈ അവസരം നഷ്ടപ്പെടുത്തേണ്ട എന്നു കരുതി ഞാന്‍ ആ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചു.

അഴിമതിക്കെതിരെയുള്ള വി എസ്സിന്റെ പല യുദ്ധങ്ങളെക്കുറിച്ചും പത്രങ്ങളില്‍ വന്നിരുന്ന വാര്‍ത്തകള്‍ ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നു, പ്രത്യേകിച്ച് ആര്‍ ബാലകൃഷ്ണപിള്ള, ടി എം ജേക്കബ് എന്നിവര്‍ക്കെതിരെയുള്ളവ. ലോട്ടറി കഥയിലെ അഴിമതി ആംഗിള്‍ ആയിരിക്കും വി എസ്സിന് അറിയേണ്ടത് എന്നാണ് ഞാന്‍ കരുതിയത്. അങ്ങനെ കരുതാന്‍ കാരണമുണ്ടായിരുന്നു .

ലോട്ടറി യുദ്ധം ആരംഭിച്ചപ്പോള്‍ ധനകാര്യമന്ത്രിയായിരുന്ന ശങ്കരനാരായണന്‍ ആദ്യമൊക്കെ ഞങ്ങള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് അദ്ദേഹത്തിന്റെ നിലപാടില്‍ കലര്‍പ്പുകളുണ്ടായി. ഒരിക്കല്‍ എന്നെ ഔദ്യോഗിക മന്ത്രി മന്ദിരമായ റോസ് ഹൗസിലേക്ക് അദ്ദേഹം വിളിച്ചുവരുത്തി. അവിടെ വച്ച് അദ്ദേഹത്തിന്റെ 'ആത്മാര്‍ത്ഥ സുഹൃത്തായ' സാന്റിയാഗോ മാര്‍ട്ടിനെ നേരിട്ട് പരിചയപ്പെടുത്തുകയുമുണ്ടായി. ഏതായാലും ശങ്കരനാരായണന്‍ ലോട്ടറി സംസ്ഥാനമായിരുന്ന അരുണാചല്‍ പ്രദേശിലേക്ക് ഗവര്‍ണര്‍ ആയി പോയതിനു പിന്നില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ ശ്രമങ്ങളുണ്ടായിരുന്നു എന്ന കിംവദന്തി ഞാന്‍ തള്ളിക്കളഞ്ഞില്ല.

കന്റോണ്‍മെന്റ് ഹൗസില്‍ വിഎസ്സുമായുള്ള ഒന്നര മണിക്കൂറിലധികം നീണ്ട ആദ്യ കൂടിക്കാഴ്ചയില്‍ ലോട്ടറിയിലെ അഴിമതിയെകുറിച്ചു ഒരു വാക്കുപോലും വി എസ് എന്നോട് ചോദിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. മറിച്ച് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത് മറ്റൊരു കാര്യമായിരുന്നു. എങ്ങനെയാണ് ഒരു സാധാരണക്കാരന്‍ ലോട്ടറി 'അടിമയായി മാറുന്നത്?

ആറു മാസങ്ങള്‍ക്കുള്ളില്‍ 125 ആത്മഹത്യകളാണ് അന്ന് കേരളത്തില്‍ ലോട്ടറിയുമായി ബന്ധപ്പെട്ടുണ്ടായത്. ആത്മഹത്യ ചെയ്തവരില്‍ നല്ലൊരു ശതമാനം ചുമട്ടു തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായിരുന്നു. ഇവരെങ്ങനെയാണ് കടക്കെണിയില്‍ പെട്ട് ആത്മഹത്യയിലേക്കു നീങ്ങുന്നത് എന്നാണ് വി എസ്സിന് അറിയേണ്ടിയിരുന്നത്.

ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാനുള്ള ആസക്തി സൃഷ്ടിക്കാനുള്ള പല ഘടകങ്ങളും ( addictive elements) സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറികളില്‍ ഉണ്ടായിരുന്നു. ഞാന്‍ ഇവ വി എസ്സിന് വിശദീകരിച്ചു കൊടുത്തു. 500 രൂപ, 1000 രൂപ, 2000 രൂപ മുതലായ ചെറു സമ്മാനങ്ങള്‍ ധാരാളമായി മാര്‍ട്ടിന്‍ ഏര്‍പ്പെടുത്തിയിരുന്നത് ബോധപൂര്‍വമായിരുന്നു. രണ്ടു-മൂന്നു മാസം കഴിയുമ്പോള്‍ ഒരാള്‍ തിരിച്ചറിയുന്നത് താന്‍ ഈ കാലയളവില്‍ പതിനായിരത്തിലധികം രൂപയ്ക്ക് ടിക്കറ്റ് വാങ്ങിയപ്പോള്‍ സമ്മാനമായി കിട്ടിയാല്‍ തന്നെ അവ പൊതുവില്‍ വെറും മൂവായിരം രൂപയില്‍ താഴെ മാത്രമായിരുന്നു എന്നാണ്. നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാന്‍ വീണ്ടും വീണ്ടും ടിക്കറ്റ് എടുക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ല. അങ്ങനെയാണ് ഭാര്യയുടെ സ്വര്‍ണവും പിന്നെ സ്വന്തം ഓട്ടോറിക്ഷയും പണയപ്പെടുത്തിയും പിന്നീട് അവ വിറ്റും ടിക്കറ്റ് വാങ്ങുന്നത്. ഒടുവില്‍ കടക്കെണിയില്‍ പെട്ട ഈ വ്യക്തിക്ക് ആത്മഹത്യയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്ന അവസ്ഥയിലെത്തുന്നു.

വി എസ് ശ്രദ്ധാപൂര്‍വം എന്റെ വിവരണം കേട്ടിരുന്നു. കരുനാഗപ്പള്ളിയിലെ ഒരു ഓട്ടോഡ്രൈവര്‍ സ്വന്തം ഭാര്യയും രണ്ടു കുട്ടികളുമൊത്തു ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടപ്പോള്‍ കട്ടിലിന്റെ കീഴില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് മൂന്നു ചാക്ക് നിറയെ പഴയ ലോട്ടറി ടിക്കറ്റുകള്‍ ആയിരുന്നു. ഈ കഥയുടെ വിശദാംശങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ വി എസ്സിന്റെ ശബ്ദത്തില്‍ ഒരു പതറിച്ച ഉണ്ടായിരുന്നോ? എനിക്കു തോന്നിയതാണോ? വി എസ് കഠിനഹൃദയനും കര്‍ക്കശക്കാരനും ആണെന്നാണ് ഞാന്‍ കേട്ടിരുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു വശം മനസ്സിലാക്കാന്‍ എനിക്ക് അവസരം ലഭിക്കുകയായിരുന്നു.

Tags:    

Similar News